പ്ലസ് ടു സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതല്‍

തിരുവനന്തപുരം: ഹയര്‍സെക്കൻഡറി പരീക്ഷാഫലത്തിൽ ഏതെങ്കിലും വിഷയങ്ങളിൽ തോറ്റവർക്കും ഏതെങ്കിലും ഒരു വിഷയത്തിന്‍റെ മാര്‍ക്ക് മെച്ചപ്പെടുത്തണം എന്നാഗ്രഹിക്കുന്നവർക്കും സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതല്‍ നടക്കും. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ആകെ 2028 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,61,091പേരാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതില്‍ 3,02,865 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 83.87 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 87.94%ആയിരുന്നു.

2022 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 26 വരെയായിരുന്നു രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടന്നത്. ഹയര്‍സെക്കന്‍ററിക്ക് കേരളത്തിനകത്തും പുറത്തുമായി 2005 (കേരളത്തിനുള്ളില്‍-1988 ഗള്‍ഫ്-8, ലക്ഷദ്വീപ്-9 ) പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 389പരീക്ഷാ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയത്. റഗുലര്‍ കുട്ടികള്‍ക്കു പുറമേ ഓപ്പണ്‍ സ്കൂള്‍, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി, സ്പെഷ്യല്‍ സ്കൂള്‍, ആര്‍ട് ഹയര്‍ സെക്കന്‍ററി എന്നീ പരീക്ഷകളും നടത്തുകയുണ്ടായി.

പരീക്ഷക്ക് ഫോക്കസ് ഏരിയയും, നോണ്‍ഫോക്കസ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു. 60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങളും 40 ശതമാനം നോണ്‍ഫോക്കസ് ഏരിയയില്‍ നിന്ന്30 ശതമാനം ചോദ്യങ്ങളും ഓരോ ഏരിയക്കും 50 ശതമാനം വീതം അധികചോദ്യങ്ങളും നല്‍കിയാണ് പരീക്ഷ നടത്തിയത്.

ഹയര്‍സെക്കൻഡറിക്ക് 82 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും വൊക്കേഷണല്‍ ഹയര്‍സെക്കൻഡറിക്ക് 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു. ഹയര്‍സെക്കൻഡറിയില്‍ 21,832 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയില്‍ 3,401 അധ്യാപകരും മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. 2022ഏപ്രില്‍ 28 മുതല്‍ മെയ് 31 വരെ തീയതികളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.

ഈ വര്‍ഷത്തെ പ്രായോഗിക പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്കുശേഷമാണ് നടത്തിയത്. 2022മെയ് 3 മുതല്‍ മെയ് 31 വരെ തീയതികളിലായി പ്രായോഗിക പരീക്ഷകള്‍ നടന്നു. 2022 മെയ് 31 ന് പ്രായോഗിക പരീക്ഷകള്‍ പൂര്‍ത്തിയായതിനു ശേഷം കേവലം 20 ദിവസങ്ങള്‍ കൊണ്ട് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തിയത്.

വി.എച്ച്.എസ്.ഇ, പ്ലസ് ടു പൊതു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ചാണ് ഈ വര്‍ഷത്തെ റിസള്‍ട്ട് തയ്യാറാക്കിയത്.   

Tags:    
News Summary - Plus Two Say, Improvement Exam from July 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.