ന്യൂഡൽഹി: നീറ്റ് യു.ജി 2026 പുനപരീക്ഷയുടെ പ്രൊവിഷനൽ ഉത്തരസൂചിക ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. ജൂൺ 21ന് നടന്ന പുനഃപരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്തരസൂചികയും ഒ.എം.ആർ റെസ്പോൺസ് ഷീറ്റും പരിശോധിക്കാം.
എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inൽ ഉത്തരസൂചിക ലഭ്യമാകും. ഉത്തരസൂചികയിലെ ഏതെങ്കിലും ഉത്തരത്തോട് വിയോജിപ്പുള്ളവർക്ക് ജൂൺ 28 വരെ ഓൺലൈനായി പരാതികൾ സമർപ്പിക്കാം. ഓരോ ചോദ്യത്തിനും നിശ്ചിത ഫീസ് അടച്ച് ആവശ്യമായ തെളിവുകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഓരോ ചോദ്യത്തിനും 200 രൂപ വീതമാണ് ഫീസ്. പരാതി അംഗീകരിച്ചാൽ ഫീസ് തിരികെ നൽകും. എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിച്ച ശേഷം മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് എൻ.ടി.എ അറിയിച്ചു.
വിദഗ്ധ സമിതി പരിശോധിച്ച ശേഷമായിരിക്കും അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുക. അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലായിരിക്കും ഫലം പ്രഖ്യാപനം. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ന് എൻ.ടി.എ നീറ്റ് പുനഃപരീക്ഷ നടത്തുകയായിരുന്നു.
ഫലപ്രഖ്യാപന തീയതി എൻ.ടി.എ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പ്രൊവിഷണൽ ഉത്തരസൂചിക, പരാതി പരിഗണന, അന്തിമ ഉത്തരസൂചിക എന്നിവ പൂർത്തിയാക്കിയ ശേഷം ജൂലൈ രണ്ടാം വാരത്തോടെ നീറ്റ് യു.ജി ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 21ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നീറ്റ് യു.ജി പുനഃപരീക്ഷ നടത്തിയത്. ചോദ്യപേപ്പർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടത്തിപ്പ്. ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി 5440 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ എൻ.ടി.എ ഏർപ്പെടുത്തിയിരുന്നു. സി.സി.ടി.വി കാമറകൾ, സിഗ്നൽ ജാമറുകൾ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ തടയാനുള്ള സംവിധാനങ്ങൾ, കർശനമായ ശരീര പരിശോധന എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ നിർബന്ധമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.