തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യു.ജി) ഞായറാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ.
രാജ്യത്തിനകത്തും പുറത്തുമായി 23 ലക്ഷത്തിലധികം പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. കേരളത്തിൽ 16 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലുള്ള 362 പരീക്ഷ കേന്ദ്രങ്ങളിലായി 1.30 ലക്ഷത്തിലധികം പേരാണ് പരീക്ഷക്ക് എത്തുക. ജൂൺ 14നകം പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.
പരീക്ഷാർഥികൾ അഡ്മിറ്റ് കാർഡിൽ നിർദേശിച്ച സമയത്തുതന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവർക്ക് പ്രവേശനം അനുവദിക്കില്ല. 1.15 മുതൽ പരീക്ഷ ഹാളിൽ ഇരിപ്പിടം അനുവദിക്കും. 1.30 മുതൽ പ്രധാന അറിയിപ്പുകൾ നൽകലും അഡ്മിറ്റ് കാർഡ് പരിശോധനയും നടക്കും. 1.50ന് പരീക്ഷ ബുക്ക് ലെറ്റ് നൽകും.
ഇൻവിജിലേറ്റർ നിർദേശിക്കുമ്പോൾ മാത്രമാണ് ബുക് ലെറ്റിന്റെ സീൽ പൊട്ടിക്കേണ്ടത്. 1.50 മുതൽ രണ്ട് വരെ ബുക്ക് ലെറ്റിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയമാണ്. കൃത്യം രണ്ടിന് പരീക്ഷ തുടങ്ങും. കർശനമായ പരിശോധനയോടെയായിരിക്കും പരീക്ഷ നടത്തിപ്പ്. ആഭരണങ്ങൾ, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാൻ പാടില്ല.
ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്ന് 45 വീതവും ബയോളജിയിൽ (ബോട്ടണി, സുവോളജി) നിന്ന് 90 ചോദ്യങ്ങളുമായിരിക്കും പരീക്ഷയിൽ. ഓരോ ചോദ്യങ്ങൾക്കും നാല് മാർക്ക്. തെറ്റായ ഓരോ ഉത്തരങ്ങൾക്കും ഒരു മൈനസ് മാർക്ക് വീതമുണ്ടാകും. വിഷമമുള്ള ചോദ്യങ്ങൾക്ക് നേരെ കാത്തുനിന്ന് സമയം കളയരുത്.
കൂടുതൽ അറിയാവുന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകുന്നത് ഉചിതമായിരിക്കും. വിട്ടുകളഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രണ്ടാമത്തെ റൗണ്ട് ശ്രമം നടത്താം. അറിയാത്ത ചോദ്യങ്ങളിൽ ഭാഗ്യപരീക്ഷണം നടത്തി നേടിയ മാർക്ക് നഷ്ടപ്പെടുത്തരുത്.
പാസ്പോർട്ട് സൈസ് ഫോട്ടാ പതിച്ച എൻ.ടി.എ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ്, ഹാജർ ഷീറ്റിൽ പതിക്കാനുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ (വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്), അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്ത പ്രൊഫോർമയിൽ പോസ്റ്റ് കാർഡ് വലുപ്പമുള്ള (4X6) കളർ ഫോട്ടോ (വെളുത്ത പശ്ചാത്തലത്തിൽ) ഒട്ടിച്ചത്, അംഗീകൃത തിരിച്ചറിയൽ കാർഡ് (പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി/ പാസ്പോർട്ട്/ ആധാർ കാർഡ്/റേഷൻ കാർഡ്/ 12ാം ക്ലാസ് പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ്/സാധുവായ മറ്റേതെങ്കിലും ഗവ. തിരിച്ചറിയൽ കാർഡ്) ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവർക്ക് മതിയായ രേഖ.
ജ്യോമട്രി/ പെൻസിൽ ബോക്സ്, ഹാൻഡ് ബാഗ്, പഴ്സ്, എഴുതിയതോ പ്രിൻറ് ചെയ്തതോ ആയ പേപ്പറുകൾ, ഭക്ഷണ സാധനങ്ങൾ, മൊബൈൽ ഫോൺ, ഇയർ ഫോൺ, മൈക്രോഫോൺ, കാൽക്കുലേറ്റർ, ഡോക്യുപെൻ, സ്ലൈഡ് റൂൾസ്, ലോഗ് ടേബിൾ, കാമറ, വാച്ച്/കാൽക്കുലേറ്റർ സഹിതമുള്ള ഇലക്ട്രോണിക് വാച്ച് ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഹെൽത്ത് ബാൻഡ്, എ.ടി.എം കാർഡ്, കമ്മലും മുക്കുത്തിയും ഉൾപ്പെടെ ആഭരണങ്ങൾ, മറ്റ് ലോഹ വസ്തുക്കൾ, മറ്റ് വിലക്കിയ ഉപകരണങ്ങൾ എന്നിവ പരീക്ഷ കേന്ദ്രത്തിൽ അനുവദനീയമല്ല. ധരിക്കാവുന്ന വസ്ത്രങ്ങൾ, പാദരക്ഷ എന്നിവ സംബന്ധിച്ച ഇൻഫർമേഷൻ ബുള്ളറ്റിനിലെ നിർദേശങ്ങൾ പാലിക്കണം. ഇങ്ങനെ കൊണ്ടുവരുന്നവ സൂക്ഷിക്കാൻ പരീക്ഷ കേന്ദ്രത്തിൽ സൗകര്യമുണ്ടാകില്ല.
ഭാരം കൂടിയതോ നീളൻ കൈകളോടെയോ ഉള്ള വസ്ത്രങ്ങൾ അനുവദനീയമല്ല. മത/സാംസ്കാരിക/പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കേണ്ടിവരുന്നവർ പരിശോധനക്കായി അവസാന റിപ്പോർട്ടിങ് സമയത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും (ഉച്ചക്ക് 12.30ന് മുമ്പ്) പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഉയരമില്ലാത്ത ചെരിപ്പുകൾ അനുവദിക്കും. ഷൂസ് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.