ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2025 അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മെയ് നാലിനാണ് പരീക്ഷ. അപേക്ഷ നമ്പറും ജനന തീയതിയും നൽകി https://neet.nta.nic.in/ എന്ന വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എം.ബി.ബി.എസ്), ഡെന്റല്‍ (ബി.ഡി.എസ്), ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.
അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വിദ്യാര്‍ഥികൾ കൈയില്‍ കരുതണം. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാം.
സംസ്ഥാനത്താകെ 16 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 362 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. 1.28 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. ജൂൺ 14നകം ഫലം പ്രസിദ്ധീകരിക്കും.
കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ ചെയർമാനും ഡി.ജി.പി മനോജ് എബ്രഹാം, നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അസി. ഡയറക്ടർ മൊഹിത് ഭരദ്വാജ്, എൻ.ഐ.സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സുചിത്ര പ്യാരേലാൽ, സംസ്ഥാന പ്രവേശനപരീക്ഷ കമീഷണർ ഡോ. അരുൺ എസ്. നായർ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് സംസ്ഥാനത്തെ പരീക്ഷ നടത്തിപ്പിന്റെ മേൽനോട്ട ചുമതല.
കഴിഞ്ഞ വർഷത്തെ ചോദ്യചോർച്ചയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം സംസ്ഥാന, ജില്ലതലങ്ങളിൽ സമിതി രൂപവത്കരിച്ചത്. ദേശസാൽകൃത ബാങ്കുകളിലെ ലോക്കറുകളിൽ ഉൾപ്പെടെയായിരിക്കും ചോദ്യപേപ്പർ സൂക്ഷിക്കുക. പൊലീസ് സുരക്ഷയിലായിരിക്കും ചോദ്യപേപ്പർ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കുക. പരീക്ഷ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനമുറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.