കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഫ് ലൈൻ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. സെപ്റ്റംബർ ആറു മുതൽ തീരുമാനിച്ച പരീക്ഷ തടയണമെന്നും സ്കൂൾ തലത്തിൽ പരീക്ഷ നടത്തി നിലവാരം വിലയിരുത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ആറ് വിദ്യാർഥികൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ തള്ളിയത്.
കോവിഡും ലോക്ഡൗണും മൂലം ക്ലാസുകൾ ഫലപ്രദമായി നടന്നിട്ടില്ലെന്നും മൊബൈൽ ഫോൺ ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളും ഇൻറർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ നിരവധി പേർക്ക് ക്ലാസിൽ പങ്കെടുക്കാനായില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഫലപ്രദമായി നടത്തിയത് ചൂണ്ടിക്കാട്ടി സർക്കാർ ഇൗ വാദത്തെ എതിർത്തു.
അടുത്തിടെ നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷ ഒരു ലക്ഷം വിദ്യാർഥികളാണ് ഒാഫ് ലൈനായി എഴുതിയത്. സാങ്കേതിക സർവകലാശാലയും ഒാഫ് ലൈനായി പരീക്ഷ നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ കഴിയുമെന്നും വിശദീകരിച്ചു.
മേയ് 28നാണ് പ്ലസ് വൺ പരീക്ഷ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കിയത്. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിെൻറ ഒരുക്കവും പൂർത്തിയായി. ഇൗ ഘട്ടത്തിൽ കോടതി ഇടപെടുന്നത് അക്കാദമിക് ഷെഡ്യൂൾ തകിടം മറിക്കുമെന്നും വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സർക്കാർ വാദിച്ചു. തുടർന്നാണ് ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.