ശാസ്ത്ര-സാങ്കേതിക ഉന്നത വിദ്യാഭ്യാസരംഗത്തെ മുന്‍നിര സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടികള്‍) പുതുവര്‍ഷം ആരംഭിക്കുന്ന എന്‍ജിനീയറിങ്, സയന്‍സ് ആര്‍ക്കിടെക്ചര്‍, ഫാര്‍മസ്യൂട്ടിക്സ് മുതലായ വിഷയങ്ങളില്‍ ബാച്ചിലേഴ്സ്, ഇന്‍റഗ്രേറ്റഡ്, മാസ്റ്റേഴ്സ് ആന്‍ഡ് ഡ്യുവെല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ജോയന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ അഡ്വാന്‍സ്ഡ് (ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2017) മേയ് 21ന് ദേശീയതലത്തില്‍ നടക്കും. ഏഴ് മേഖലകളിലായിട്ടാണ്  പരീക്ഷ നടത്തുക. ബി.ആര്‍ക് പ്രവേശത്തിന് പ്രത്യേക ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ (എ.എ.ടി) കൂടി നടത്തുന്നതാണ്.
യോഗ്യത: ജെ.ഇ.ഇ മെയിന്‍ 2017 പേപ്പര്‍ ഒന്നില്‍ എല്ലാ വിഭാഗങ്ങളിലുമായി ഉയര്‍ന്ന സ്കോര്‍ നേടിയ രണ്ടുലക്ഷത്തി ഇരുപതിനായിരം പേര്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2017ല്‍ പങ്കെടുക്കാം. ഇതില്‍ 50.5 ശതമാനം ഓപണ്‍ വിഭാഗക്കാര്‍, 27 ശതമാനം ഒ.ബി.സി നോണ്‍ ക്രീമിലെയര്‍, 15 ശതമാനം പട്ടികജാതിക്കാര്‍, 7.5 ശതമാനം പട്ടികവര്‍ഗക്കാര്‍ എന്നിങ്ങനെയാവും പ്രാതിനിധ്യം. ഇവയില്‍ എല്ലാം മൂന്നു ശതമാനം ഭിന്നശേഷിക്കാര്‍ക്കും പ്രാതിനിധ്യമുണ്ടാകും.
അപേക്ഷകര്‍ 1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. പട്ടികജാതി, വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 1987 ഒക്ടോബര്‍ ഒന്നിനുശേഷം ജനിച്ചവരായാലും അര്‍ഹതയുണ്ട്.
തുടര്‍ച്ചയായി രണ്ടുതവണയില്‍ കൂടുതല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. 2016 അല്ളെങ്കില്‍ 2017ല്‍ പ്ളസ് ടു/തുല്യ പരീക്ഷയെഴുതി യോഗ്യത നേടിയവരെയാണ് പരിഗണിക്കുക. പ്ളസ് ടു/തുല്യ ബോര്‍ഡ് പരീക്ഷയില്‍ മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 65 ശതമാനം മാര്‍ക്ക് മതി.
രജിസ്ട്രേഷന്‍: വനിതകള്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 1200 രൂപവീതമാണ് രജിസ്ട്രേഷന്‍ ഫീസ്. മറ്റുള്ളവര്‍ക്ക് 2400 രൂപയാണ്. ലേറ്റ് ഫീസായി 500 രൂപ നല്‍കണം. ഇന്ത്യക്ക് പുറത്ത് സാര്‍ക് രാജ്യങ്ങളില്‍ പരീക്ഷയെഴുതുന്നതിന് 135 യു.എസ് ഡോളറും സാര്‍ക് ഇതര രാജ്യങ്ങളില്‍ പരീക്ഷയെഴുതുന്നതിന് 270 യു.എസ് ഡോളറും രജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ടതുണ്ട്. ഇവര്‍ക്കുള്ള ലേറ്റ് ഫീസ് 80 യു.എസ് ഡോളറാണ്. വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ www.jeeadv.ac.in/pdf/foreign.pdf  എന്ന ലിങ്കില്‍ ലഭ്യമാകും. 
നിര്‍ദേശങ്ങള്‍ പാലിച്ച് www.jeeadv.ac.in എന്ന വെബ്പോര്‍ട്ടലില്‍ 2017 ഏപ്രില്‍ 28 രാവിലെ 10 മുതല്‍ മേയ് രണ്ട് വൈകീട്ട് അഞ്ചുമണിവരെ ലേറ്റ് ഫീസ് നല്‍കാതെ രജിസ്റ്റര്‍ ചെയ്യാം. ലേറ്റ് ഫീസോടു കൂടി മേയ് മൂന്ന്, നാല് തീയതികളില്‍ രജിസ്ട്രേഷന്‍ സ്വീകരിക്കും. രജിസ്ട്രേഷന് ആവശ്യമായ രേഖകളും നിര്‍ദേശങ്ങളും www.jeeadv.ac.in എന്ന വെബ്സൈറ്റിലുണ്ട്. രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് മേയ് 10 മുതല്‍ 21 വരെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 
പരീക്ഷ: മേയ് 21ന് നടത്തുന്ന ടെസ്റ്റില്‍ രണ്ടു പേപ്പര്‍ ഉണ്ടാവും. പേപ്പര്‍ ഒന്ന് രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 12 വരെയും പേപ്പര്‍ രണ്ട് ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ചു വരെയുമാണ്. രണ്ടു പേപ്പറും നിര്‍ബന്ധമായും അഭിമുഖീകരിക്കണം. 
ഓരോ ചോദ്യപേപ്പറിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ മൂന്ന് പ്രത്യേക സെക്ഷനുകളുണ്ടാവും. ഒബ്ജക്ടീവ് മള്‍ട്ടിപ്പ്ള്‍ ചോയിസ് മാതൃകയിലും ന്യൂമറിക്കല്‍ ഉത്തരമെഴുതേണ്ട മാതൃകയിലുമുള്ള ചോദ്യങ്ങളുണ്ട്. കോംപ്രിഹെന്‍ഷന്‍, റീസണിങ്, അനലറ്റിക്കല്‍ എബിലിറ്റി എന്നിവയില്‍ പ്രാഗല്ഭ്യമളക്കുന്നരീതിയിലാവും ചോദ്യങ്ങള്‍.   നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാകും. ഉത്തര സൂചികകള്‍ ജൂണ്‍ നാലിന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഫലപ്രഖ്യാപനം 2017 ജൂണ്‍ 11ന് .
ഐ.ഐ.ടി മദ്രാസ് മേഖലയുടെ കീഴില്‍ ദക്ഷിണേന്ത്യയില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പുതുച്ചേരി, ചെന്നൈ, മധുര, കോയമ്പത്തൂര്‍, ബംഗളൂരു, മംഗളൂരു, മൈസൂരു, ഹൈദരാബാദ്, വാറങ്കല്‍ എന്നിവ ടെസ്റ്റ് നഗരങ്ങളില്‍ ഉള്‍പ്പെടും.  മുന്‍ഗണനാക്രമത്തില്‍ ഇതില്‍നിന്ന്  മൂന്ന് നഗരങ്ങള്‍ രജിസ്ട്രേഷന്‍ സമയത്ത് തെരഞ്ഞെടുക്കാം. 
റാങ്ക് ലിസ്റ്റുകള്‍: രണ്ട് പേപ്പറുകളുടെയും ഉയര്‍ന്ന മാര്‍ക്ക് അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുക. കോമണ്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മൊത്തം മാര്‍ക്കില്‍ 35 ശതമാനത്തില്‍ കുറയാതെ നേടണം. ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്നതിന് 31.5 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടണം. പട്ടികജാതി/വര്‍ഗ റാങ്ക് ലിസ്റ്റുകളില്‍പെടുന്നതിന് 17.5 ശതമാനം മാര്‍ക്ക് മതിയാകും. ഒമ്പത് ഐറ്റം റാങ്ക് ലിസ്റ്റുകളുണ്ടാവും. കാറ്റഗറി അടിസ്ഥാനത്തിലുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2017 ഓള്‍ ഇന്ത്യ റാങ്ക് അടിസ്ഥാനത്തിലാണ് സീറ്റ് അലോട്ട്മെന്‍റ്. 2017 ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെയാണ് സീറ്റ് അലോട്ട്മെന്‍റ്.
ആര്‍ക്കിടെക്ചര്‍ അഭിരുചി 
പരീക്ഷ: ഐ.ഐ.ടികളില്‍ ബി.ആര്‍ക് പ്രവേശത്തിന് 2017 ജൂണ്‍ 14ന് നടത്തുന്ന ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ (എ.എ.ടി) കൂടി പാസാകണം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2017ല്‍ യോഗ്യത നേടുന്നവര്‍ക്കാണ് എ.എ.ടിയില്‍ പങ്കെടുക്കാവുന്നത്. ഇതിനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. 2017 ജൂണ്‍ 11, 12 തീയതികളില്‍ രജിസ്ട്രേഷന് സൗകര്യം ലഭിക്കും. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒറ്റ പേപ്പറാണ് . ചോദ്യപേപ്പര്‍ ഇംഗ്ളീഷില്‍ മാത്രം. എ.എ.ടിക്ക് പ്രത്യേകം അഡ്മിറ്റ് കാര്‍ഡ് ഉണ്ടാവില്ല. പ്രത്യേക റാങ്കിങ്ങുമുണ്ടാകില്ല. കട്ട് ഓഫ് മാര്‍ക്ക് നേടുന്നവരെ വിജയികളായി പ്രഖ്യാപിക്കും. ഖരഗ്പൂര്‍, റൂര്‍ക്കി ഐ.ഐ.ടികളിലാണ് ബി.ആര്‍ക് കോഴ്സുള്ളത്.വിവരങ്ങള്‍: www.jeeadv.ac.in വെബ്സൈറ്റില്‍ ലഭിക്കും.
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.