12ാം ക്ലാസ് പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം മേയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കു​മെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ). പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിലെ പിഴവുകളും കാലതാമസവും സംബന്ധിച്ച റിപ്പോർട്ടുകൾ സി.ബി.എസ്.ഇ നിഷേധിക്കുകയും ചെയ്തു. ഓൺ-സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനം ഉപയോഗിച്ചുള്ള മൂല്യനിർണയം പുരോഗമിക്കുകയാണെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

ഉത്തരക്കടലാസുകൾ ഡിജിറ്റലായി വിലയിരുത്തുന്ന സംവിധാനമാണ് ഒ.എസ്.എം. പേപ്പറുകൾ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കി വേഗത്തിൽ മൂല്യനിർണയം പൂർത്തിയാക്കാം. മാർക്കുകൾ കൂട്ടുന്നതിലുണ്ടാകുന്ന പിശകുകൾ ഒഴിവാക്കാനും റീ വേരിഫിക്കേഷൻ കുറക്കാനും ഇതിലൂടെ കഴിയുമെന്നും സി.ബി.എസ്.ഇ അവകാശപ്പെട്ടിരുന്നു.

മേയ് മൂന്നാംവാരത്തോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വിദ്യാർഥികൾക്ക് ലഭ്യമാകും. പുതുതായി അവതരിപ്പിച്ച സംവിധാനമായ ഒ.എസ്.എമ്മിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്ന റിപോർട്ട് വസ്തുതകളിൽ നിന്ന് വളരെ അകലെയാണെന്നും പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് പറഞ്ഞു. മുൻ വർഷത്തേക്കാൾ മികച്ച രീതിയിൽ മൂല്യനിർണയം നടക്കുന്നുണ്ട്. ഈ വർഷം തന്നെ പൂർണ തോതിലുള്ള ഒ.എസ്.എം സംവിധാനം നടപ്പാക്കിയതിൽ ബോർഡ് അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

2026ലെ 12ാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിനായി ഒ.എസ്.എം സംവിധാനം ഉപയോഗിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തേതന്നെ ​പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 17 നാണ് പരീക്ഷകൾ ആരംഭിച്ചത്. മൂല്യനിർണ്ണയ പ്രക്രിയയിൽ കാര്യക്ഷമത, സുതാര്യത, കൃത്യത എന്നിവ വർധിപ്പിക്കുന്നതിനാണ് ഈ നീക്കമെന്ന് ഫെബ്രുവരി ഒമ്പതിന് അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിൽ സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Class 12 results in third week of May says CBSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.