തേഞ്ഞിപ്പലം: പരീക്ഷ ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷഭവന്‍ ബാര്‍കോഡിങ് സമ്പ്രായം നടപ്പാക്കുന്നു. ഈ മാസം 25ന് തുടങ്ങുന്ന ബി.എഡ് പരീക്ഷ ഉത്തരക്കടലാസുകളില്‍ ഇത് നടപ്പാക്കാനാണ് തീരുമാനം.
72 സെന്ററുകളിലായുള്ള 5000ത്തോളം ബി.എഡ് വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയിലാണ് സര്‍വകലാശാല പരീക്ഷഭവന്‍ ഇതാദ്യമായി ബാർകോഡിങ് പരീക്ഷിക്കുന്നത്. പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ടാണിത്.
ഭാവിയില്‍ ഘട്ടം ഘട്ടമായി മറ്റ് പരീക്ഷകളിലും ഈ സമ്പ്രദായം നടപ്പാക്കും. സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്റര്‍ തയാറാക്കിയ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പുതിയ പരിഷ്‌കാരം. പരീക്ഷ കഴിഞ്ഞാല്‍ രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ തപാല്‍വകുപ്പ് പരീക്ഷകേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തിക്കും.
ക്യാമ്പില്‍ വെച്ച് തന്നെ ബാര്‍കോഡിങ് സ്റ്റിക്കര്‍ ഉപയോഗിച്ച് ഫാൾസ് നമ്പറിടും. മൂല്യനിര്‍ണയം കഴിഞ്ഞാല്‍ വിദ്യാർഥികളുടെ മാര്‍ക്ക് പ്രത്യേക സോഫ്റ്റ് വെയറിലൂടെ പരീക്ഷഭവനില്‍ ലഭ്യമാക്കും. ഇതിന്‍റെ ഭാഗമായി കോളജ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
നടപടിക്രമങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി കമ്പ്യൂട്ടര്‍ സെന്ററിന്റെ സഹായത്തോടെ വിഡിയോ തയാറാക്കി നല്‍കിയതായി പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാമ്രാജ് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് 10 ദിവസം മൂല്യനിര്‍ണയത്തിന് അനുവദിക്കും.
തുടര്‍ന്നുള്ള 20 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഫലം പ്രഖ്യാപിക്കുന്ന തരത്തിലേക്ക് പരീക്ഷ നടത്തിപ്പ് കാര്യക്ഷമമാക്കാനാണ് തീരുമാനം. ബാര്‍കോഡിങ് സമ്പ്രദായം നടപ്പായാല്‍ സാമ്പത്തിക ചെലവും സമയനഷ്ടവും ഒഴിവാക്കാനാകും. ഫലപ്രഖ്യാപനം വേഗത്തിലുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.