‘ഗേറ്റ്’ തുറക്കാന്‍ സമയമായി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ്, ടെക്നോളജി പഠനം സ്വപ്നംകാണുന്നവര്‍ക്ക് ‘ഗേറ്റ്’ തുറക്കാന്‍ സമയമായി. രാജ്യത്തെ എന്‍.ഐ.ടി, ഐ.ഐ.ടി, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, വിവിധ യൂനിവേഴ്സിറ്റികള്‍ എന്നിവയില്‍ എം.ടെക്, എം.ഇ/പിഎച്ച്.ഡി പ്രവേശം നിര്‍ണയിക്കുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2017 ഫെബ്രുവരി നാല്, അഞ്ച്, 11, 12 തീയതികളിലായി നടക്കും. ചില പൊതുമേഖലാ സ്ഥാപനങ്ങളിലും ഗേറ്റ് വഴി നിയമനം നടത്തുന്നുണ്ട്. ഈ വര്‍ഷം റൂര്‍ക്കി ഐ.ഐ.ടിക്കാണ് ഗേറ്റ് നടത്തിപ്പ് ചുമതല. 
നാലു വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍ജിനീയറിങ്/ടെക്നോളജി ബിരുദധാരികള്‍/ബാച്ലര്‍ ഓഫ് ആര്‍കിടെക്ചര്‍ (അഞ്ചു വര്‍ഷം), സയന്‍സില്‍ നാലു  വര്‍ഷത്തെ ബിരുദം (ബി.എസ്), സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം, എന്‍ജിനീയറിങ്/ടെക്നോളജിയില്‍ നാലു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റര്‍ ഡിഗ്രി, എന്‍ജിനീയറിങ്/ടെക്നോളജിയില്‍ അഞ്ചു വര്‍ഷത്തെ മാസ്റ്റര്‍ ഡിഗ്രി/ഡ്യുവല്‍ ഡിഗ്രി, അഞ്ചു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം.എസ്സി/ബി.എസ്സി എന്നീ യോഗ്യതയുള്ളവര്‍ക്ക് ഗേറ്റിന് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. 
എയ്റോസ്പേസ് എന്‍ജിനീയറിങ്, അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ ആന്‍ഡ് പ്ളാനിങ്, ബയോടെക്നോളജി, സിവില്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എക്കോളജി ആന്‍ഡ് ഇവാല്വേഷന്‍, ജിയോളജി ആന്‍ഡ് ജിയോഫിസിക്സ്, ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മൈനിങ് എന്‍ജിനീയറിങ്, മെറ്റലേര്‍ജിക്കല്‍ എന്‍ജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, ടെക്സ്്റ്റൈല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഫൈബര്‍ സയന്‍സ്, എന്‍ജിനീയറിങ് സയന്‍സ്, ലൈഫ് സയന്‍സ്, പെട്രോളിയം എന്‍ജിനീയറിങ് എന്നിങ്ങനെ 23 പേപ്പറുകളിലായാണ് പരീക്ഷ. എക്സ് ഇ, എക്സ് എല്‍ എന്നിങ്ങനെ രണ്ട് സെക്ഷനുകളാണുണ്ടാവുക. എക്സ് ഇ സെക്ഷനില്‍ ഇത്തവണ അറ്റ്മോസ്ഫെറിക് ആന്‍ഡ് ഓഷ്യന്‍ സയന്‍സ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
പരീക്ഷാരീതി: ഓണ്‍ലൈനായാണ് ടെസ്റ്റ് നടക്കുക. 100 മാര്‍ക്കിന്‍െറ 65 ചോദ്യങ്ങളുണ്ടാകും. 55 ചോദ്യങ്ങള്‍ക്ക് നാല് ഓപ്ഷനുകളുണ്ടാകും. ഇതില്‍നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്താല്‍ മതി. ബാക്കി 15 മാര്‍ക്കിനുള്ള 10 ചോദ്യങ്ങളാണുണ്ടാവുക. ഇതിന് ഓപ്ഷന്‍ ഉണ്ടാകില്ല. 
മൂന്നു മണിക്കൂര്‍ സമയമാണ് അനുവദിക്കുക. 15 മാര്‍ക്കിന് ജനറല്‍ ആപ്റ്റിറ്റ്യൂഡ്, 15 മാര്‍ക്കിന് എന്‍ജിനീയറിങ് മാത്തമാറ്റിക്സ്, 70 മാര്‍ക്കിന് ടെക്നിക്കല്‍ ചോദ്യങ്ങള്‍ എന്നിങ്ങനെയാണുണ്ടാവുക. 
അപേക്ഷാഫീസ്: ജനറല്‍/ഒ.ബി.സി-1500, സ്ത്രീകള്‍- 750, എസ്.സി/എസ്.ടി-750.  നെറ്റ് ബാങ്കിങ്, ഇ-ചെലാന്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാം. 
അപേക്ഷിക്കേണ്ട വിധം: appsgate.iitr.ernet.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, GOAPS പാസ്വേഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. വ്യക്തിവിവരങ്ങളും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പിയും നല്‍കി അപേക്ഷ പൂരിപ്പിക്കാം. അപേക്ഷ സേവ് ചെയ്ത് സബ്മിറ്റ് ചെയ്യാം. ഒരിക്കല്‍ സമര്‍പ്പിച്ചാല്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ നാലു വരെ അപേക്ഷിക്കാം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.