സിവില്‍ സര്‍വിസ് പരീക്ഷ ഫീസ് റീ-ഇംബേഴ്സ് പദ്ധതി തീയതി നീട്ടി

തിരുവനന്തപുരം: അഖിലേന്ത്യ സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും ഹോസ്റ്റല്‍ ഫീസും റീ-ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2016 ജനുവരി നാലുവരെ നീട്ടി. കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്‍കുന്നത്.

അപേക്ഷകര്‍ കേരള സിവില്‍ സര്‍വിസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്-പൊന്നാനി, യൂനിവേഴ്സിറ്റികള്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സിവില്‍ സര്‍വിസ് പരിശീലനം നടത്തുന്നവരും നോണ്‍ ക്രീമിലെയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം. പഠിക്കുന്ന സ്ഥാപനം നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ നില്‍ക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപന്‍ഡിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഫീസ് ഒടുക്കിയതിന്‍െറ അസ്സല്‍ രസീതില്‍ പഠിക്കുന്ന സ്ഥാപനത്തിന്‍െറ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്. ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. 80ശതമാനം ആനുകൂല്യം മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 20ശതമാനം മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെടുന്നവര്‍ക്കുമായിരിക്കും.

അപേക്ഷകന് ഏതെങ്കിലും ദേശസാത്കൃതബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. വകുപ്പ് പ്രത്യേകം തയാറാക്കിയ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്‍െറ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്സ് ഫീസ്/ ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ഒടുക്കിയതിന്‍െറ അസ്സല്‍ രസീത്, ബാങ്ക് പാസ് ബുക്കിന്‍െറ ആദ്യ പേജ് എന്നിവ സഹിതം ‘ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം-33’ എന്ന വിലാസത്തില്‍ തപാല്‍ മുഖേന 2016 ജനുവരി നാലിനകം ലഭിച്ചിരിക്കണം. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ ‘അഖിലേന്ത്യാ സിവില്‍ സര്‍വിസ് സ്കോളര്‍ഷിപ് 2015-16’ എന്ന് എഴുതിയിരിക്കണം.  www.minoritywelfare.kerala.gov.in   എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോറം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2302090, 2300524

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.