അഖിലേന്ത്യാ മെഡി. എന്‍ട്രന്‍സിന് അപേക്ഷിക്കാം

2016-17 അധ്യയനവര്‍ഷത്തിലെ എം.ബി.ബി.എസ്./ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രീ മെഡിക്കല്‍/പ്രീ ഡെന്‍റല്‍ എന്‍ട്രന്‍സ് ടെസ്റ്റിന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. 2016 മേയ് ഒന്നിന് രാവിലെ 10ന് നടക്കുന്ന പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പണം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു. സി.ബി.എസ്.ഇ നടത്തുന്ന പരീക്ഷക്ക് www.aipmt.nic.in  വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തെ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട മെറിറ്റ് സീറ്റുകളിലേക്കാണ് ഈ പരീക്ഷയിലൂടെ അഡ്മിഷന്‍ നടക്കുന്നത്. ഇതുകൂടാതെ ചില കോളജുകളില്‍ മുഴുവന്‍സീറ്റുകളിലും അവസരം ലഭിക്കും. 
യോഗ്യത: 2016 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഇതേ തീയതി അനുസരിച്ച് 25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിന് അഞ്ചുവര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. 
ഹയര്‍ സെക്കന്‍ഡറി/പ്ളസ് ടു/തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങളില്‍ ആകെ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ വിജയിക്കുകയും ഇംഗ്ളീഷില്‍ വിജയിക്കുകയും ചെയ്ത അല്ളെങ്കില്‍, അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 40  ശതമാനം.  
ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 1400 രൂപയാണ് ഫീസ് (വൈകിയാല്‍ 1400 രൂപ പിഴയോടുകൂടി 2800 രൂപ). എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 750 രൂപ (വൈകിയാല്‍ 1400 രൂപ പിഴയോടുകൂടി 2150 രൂപ). 
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ജനുവരി എട്ടും (ഇ-ചലാന്‍ വഴി) ജനുവരി 12ഉം (ഓണ്‍ലൈന്‍ വഴി) ആണ്. 
പിഴയോടുകൂടി ഫീസ് അടക്കുന്നവര്‍ക്ക് യഥാക്രമം ഫെബ്രുവരി ആറും 10ഉം ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 
ഏപ്രില്‍ ഒന്നു മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ ലഭിക്കും. ജൂണ്‍ അഞ്ചിന് ഫലം പ്രഖ്യാപിക്കും. 
വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളിന്‍ നന്നായി വായിച്ച് മനസ്സിലാക്കിതിനുശേഷം വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് അയക്കേണ്ടതില്ല. എന്നാല്‍, കുറഞ്ഞത് ഇതിന്‍െറ മൂന്നു പ്രിന്‍റൗട്ട് എങ്കിലും ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കണം. 
 ഒബ്ജക്ടിവ് മാതൃകയില്‍ 180 ചോദ്യങ്ങളുള്ള ഒരു പേപ്പറാണ് പരീക്ഷ. മൂന്നു മണിക്കൂര്‍ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി) വിഷയങ്ങളിലുള്ള ചോദ്യങ്ങളാകും ഉണ്ടാകുക. ഇംഗ്ളീഷിലും ഹിന്ദിയിലുമായിരിക്കും ചോദ്യങ്ങള്‍. അപേക്ഷ പൂരിപ്പിക്കുന്നതിനിടയില്‍ ഇത് തെരഞ്ഞെടുക്കണം. 
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. മൂന്നു കേന്ദ്രങ്ങള്‍വരെ തെരഞ്ഞെടുക്കാം. വിദേശത്ത് റിയാദില്‍ മാത്രമാണ് സെന്‍റര്‍ ഉള്ളത്. തമിഴ്നാട്ടില്‍ ചെന്നൈയും കര്‍ണാടകയില്‍ ബംഗളൂരുവുമാണ് കേന്ദ്രങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.