തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ 346 കേന്ദ്രങ്ങളിൽ പൂർത്തിയായി. ആകെ അപേക്ഷിച്ച 1,22,039 പേരിൽ പേപ്പർ ഒന്നിന് (ഫിസിക്സ്, കെമിസ്ട്രി) 1,02,066 പേർ പ്രവേശനപരീക്ഷക്ക് ഹാജരായി. പേപ്പർ രണ്ടിന് (മാത്തമാറ്റിക്സ്) അപേക്ഷിച്ച 93,232 പേരിൽ 75,784 പേരെത്തി. ദുബൈ കേന്ദ്രത്തിൽ 323 പേർ പേപ്പർ ഒന്നിനും 294 പേർ പേപ്പർ രണ്ടിനും ഹാജരായി. മുംബൈയിൽ ഇത് യഥാക്രമം 134, 122 ആണ്. ന്യൂഡൽഹിയിൽ പേപ്പർ ഒന്നിന് 227 പേരും പേപ്പർ രണ്ടിന് 202 പേരും ഹാജരായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രോബ്ലം രൂപത്തിലുള്ള ചോദ്യങ്ങൾ പേപ്പർ ഒന്നിൽ കുറവായിരുന്നു. അതിനാൽ ഉത്തരമെഴുതാൻ സമയം കിട്ടി. എൻ.സി.ഇ.ആർ.ടി സിലബസിനകത്തുനിന്നുള്ള ചോദ്യങ്ങളാണ് വന്നത്. ഇത് മെച്ചപ്പെട്ട പ്രകടനം നടത്താൻ സഹായകമാകുമെന്നാണ് പരീക്ഷാർഥികളുടെ ആത്മവിശ്വാസം.
കോവിഡ് ബാധിതരായവർക്ക് പരീക്ഷ എഴുതാൻ പ്രത്യേകം ക്ലാസ് മുറികൾ സജ്ജമാക്കിയിരുന്നു. കോവിഡ് പ്രത്യേക ചുമതല നിർവഹിക്കാൻ രണ്ട് അധ്യാപകരെ വീതം എല്ലാ കേന്ദ്രങ്ങളിലും നിയോഗിച്ചിരുന്നു. പരീക്ഷകേന്ദ്രങ്ങളായ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച അവധി നൽകി. ജൂലൈ അവസാനത്തോടെ ഫലം പ്രസിദ്ധീകരിച്ചേക്കും.
അതിനിടെ, എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർക്ക് ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 13ന് വൈകീട്ട് അഞ്ചിനകം തപാൽ വഴിയോ നേരിട്ടോ പ്രവേശനപരീക്ഷ കമീഷണർക്ക് സമർപ്പിക്കാം. ഫീസില്ലാതെയും ഇ-മെയിൽ/ ഫാക്സ് വഴിയും സമർപ്പിക്കുന്നവ പരിഗണിക്കില്ല. ഹെൽപ്ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.