ഒഡിഷയിൽ എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് ആശ്വാസം; സർക്കാർ മെഡിക്കൽ, എൻജിനീയറിങ് കോളജുകളിൽ ആറ് മാസം ഫീസ് അടക്കേണ്ട
ഭുവനേശ്വർ: സർക്കാർ മെഡിക്കൽ, എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ആശ്വാസവുമായി ഒഡിഷ സർക്കാർ. പ്രവേശന സമയത്ത് അഡ്മിഷൻ, ട്യൂഷൻ ഉൾപ്പെടെയുള്ള നിർബന്ധിത ഫീസുകൾ ഉടൻ അടക്കേണ്ടതില്ല. ഫീസ് അടക്കാൻ ആറ് മാസം വരെ സമയം അനുവദിക്കാനാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നിർദേശം.
പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടിയിട്ടും എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് സാമ്പത്തിക പ്രയാസത്തെ തുടർന്ന് മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനം നേടാൻ സാധിക്കാത്തതിനാലാണ് തീരുമാനം. പ്രവേശന പരീക്ഷകളിൽ വിജയിച്ചിട്ടും പ്രവേശന സമയത്ത് യോഗ്യത നേടിയ പട്ടികജാതി, പട്ടികവർഗ വിദ്യാർഥിത്ഥികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച തീരുമാനം എടുത്തത്.
പ്രവേശന സമയത്തും അതിനുശേഷമുള്ള ആറ് മാസത്തേക്കും അർഹരായ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കാതെ പ്രവേശനം അനുവദിക്കാനാണ് സർക്കാർ നിർദേശം. അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ്, മറ്റ് നിർബന്ധിത ഫീസുകൾ എന്നിവക്ക് ഈ ഇളവ് ബാധകമാകും. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചശേഷം നിശ്ചിത ഫീസ് അടക്കാനുള്ള സൗകര്യം ലഭിക്കും. സ്കോളർഷിപ്പ് തുക ലഭിക്കാൻ സമയമെടുക്കുന്ന സാഹചര്യത്തിൽ അതുവരെ ഫീസ് അടക്കാൻ കഴിയാത്തതിനാൽ പ്രവേശനം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയ തീരുമാനത്തോടെ പ്രവേശന പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് സാമ്പത്തിക കാരണങ്ങളാൽ ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട സാഹചര്യം കുറക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കും. ഇതു സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശം സംസ്ഥാന സർക്കാർ ഉടൻ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.