ക്രിമിനൽ കേസ് പ്രതികൾക്ക് എയ്ഡഡ് സ്കൂളുകളിൽ നിയമനമില്ല; പൊലീസ് റിപ്പോർട്ട് നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. ക്രിമിനൽ കേസുകളിൽ പ്രതികളായവർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി നേടുന്നത് തടയാനാണിത്.
എയ്ഡഡ്, പൊതുമേഖല സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജോലിയിൽ പ്രവേശനം നേടി ഒരുമാസത്തിനകം പൊലീസ് വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണമെന്ന് നേരത്തെ ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാരത്തിന് സമർപ്പിക്കേണ്ട പ്രമാണങ്ങളിൽ പൊലീസ് വെരിഫിക്കേഷൻ പെർഫോമ കൂടി ഉൾപ്പെടുത്താൻ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. നിയമനാംഗീകാര അധികാരികൾ ബന്ധപ്പെട്ട പൊലീസ് അധികാരികളിൽനിന്ന് വെരിഫിക്കേഷൻ പെർഫോമയിൽ റിപ്പോർട്ട് തേടുകയും അതുകൂടി പരിഗണിച്ച് മാത്രം നിയമനാംഗീകാരം നൽകുകയും വേണം. ഇതുസംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും.
കുട്ടികളുമായി ഇടപെടുന്ന വാർഡൻ, അധ്യാപകർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനത്തിന് പൊലീസ് നാഷനൽ സെക്സ് ഒഫെൻഡേഴ്സ് രജിസ്ട്രിയിൽ ഉൾപ്പെട്ടവരെ ഒരുകാരണവശാലും പരിഗണിക്കരുതെന്നും ഇതിനായി സർവിസ് ചട്ടങ്ങൾ ഭേദഗതി വരുത്തണമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി നേരത്തെ ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.