21 പൊതുപരീക്ഷകളുടെ നടത്തിപ്പ് ഒറ്റ പ്ലാറ്റ്ഫോമിലേക്ക്; തുടക്കം അടുത്ത എസ്.എസ്.എൽ.സി പരീക്ഷയോടെ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഉൾപ്പെടെ 21 പൊതുപരീക്ഷകളുടെ നടത്തിപ്പ് ഏകീകൃത സോഫ്റ്റ്വെയർ ഒരുക്കുന്ന പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. െസന്ദർശകരുടെ തിരക്കും മറ്റു സാങ്കേതിക പ്രശ്നങ്ങളും കാരണം പരീക്ഷാഭവൻ വെബ്സൈറ്റ് പണിമുടക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി സംസ്ഥാന ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിന് കീഴിലെ സി.ഡിറ്റ് ആണ് ഏകീകൃത പരീക്ഷാ സോഫ്റ്റ്വെയർ നടപ്പാക്കുന്നത്.
പരീക്ഷക്കുള്ള രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ എല്ലാ നടപടികളും ഒറ്റ സോഫ്റ്റ്വെയറിന്റെ നിയന്ത്രണത്തിലാക്കുന്നതാണ് പദ്ധതി. നേരത്തെ എൻ.ഐ.സിയും പിന്നീട് പരീക്ഷാഭവനും രൂപപ്പെടുത്തിയ ഐ.എക്സാം സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു പരീക്ഷകളുടെ നടത്തിപ്പ്.
ഓരോ പരീക്ഷക്കും വെവ്വേറെ ലോഗിൻ ഐ.ഡികളാണ് നിലവിലുള്ളത്. എന്നാൽ, സി.ഡിറ്റ് പുതുതായി രൂപപ്പെടുത്തുന്ന യൂനിഫൈഡ് എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വെയർ പ്രകാരം ഒറ്റ ലോഗിൻ ഉപയോഗിച്ച് എല്ലാ പരീക്ഷകളുടെയും രജിസ്ട്രേഷൻ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കാം. രജിസ്ട്രേഷന് ശേഷം, പരീക്ഷക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് തയാറാക്കൽ, ചോദ്യപേപ്പർ അയക്കാനുള്ള ക്രമീകരണങ്ങൾ, ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയക്കൽ, മാർക്ക് രേഖപ്പെടുത്തൽ, ടാബുലേഷൻ ജോലികൾ, അന്തിമഫലം തയാറാക്കൽ, ഫലപ്രഖ്യാപനം, ഫലം ഡിജിലോക്കറിലേക്ക് ബന്ധിപ്പിക്കൽ എന്നിവയെല്ലാം ഒറ്റ സോഫ്റ്റ്വെയർ നിയന്ത്രണത്തിലാകും. ഇനി വരുന്ന എസ്.എസ്.എൽ.സി പരീക്ഷാ നടത്തിപ്പ് പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ചായിരിക്കും. തുടർന്ന് ഹയർസെക്കൻഡറിയുൾപ്പെടെ മറ്റു പരീക്ഷകളും പുതിയ സോഫ്റ്റ്വെയറിലാക്കും. എസ്.എസ്.എൽ.സി പരീക്ഷ വിജ്ഞാപനം ഒക്ടോബർ അവസാനത്തോടെ പുറപ്പെടുവിക്കും. അതിന് മുമ്പ് തന്നെ സി.ഡിറ്റ് സോഫ്റ്റ്വെയർ തയാറാക്കൽ നടപടികളും സുരക്ഷാപരിശോധനയും പൂർത്തിയാക്കും.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് പുറമെ സാക്ഷരതാ മിഷൻ നടത്തുന്ന വിവിധ തുല്യത കോഴ്സുകളുടെ പരീക്ഷകൾ, കെ.ടെറ്റ്, ഡി.എൽ.എഡ്, കെ.ജി.ടി.ഇ, നഴ്സറി ടീച്ചേഴ്സ് എജുക്കേഷൻ കോഴ്സ്, ലൈബ്രറി കൗൺസിൽ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങിയവയുടെ പരീക്ഷയും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളും പരീക്ഷാ ഭവനാണ് നടത്തുന്നത്. ഇവയെല്ലാം പുതിയ സോഫ്റ്റ്വെയറിന്റെ പരിധിയിലേക്ക് കൊണ്ടുവരും.
സി.ഡിറ്റ് നിയന്ത്രണത്തിലുള്ള സെർവർ ഉപയോഗിക്കുന്നതോടെ സന്ദർശക തിരക്ക് കാരണം വെബ്സൈറ്റ് പണിമുടക്കുന്ന സാഹചര്യവും ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.