ഓപൺ സർവകലാശാല: ഏഴ് കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം

തിരുവനന്തപുരം/കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ അഞ്ച് ബിരുദ കോഴ്സുകൾക്കും രണ്ട് പി.ജി കോഴ്സുകൾക്കും യു.ജി.സി വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം. ഈ വർഷം മുതൽ കോഴ്സുകൾ തുടങ്ങാവുന്ന രീതിയിലാണ് അംഗീകാരം. ബി.എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, എം.എ മലയാളം, ഇംഗ്ലീഷ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്. 12 ബിരുദ കോഴ്സുകൾക്കും അഞ്ച് പി.ജി കോഴ്സുകളും ചേർത്ത് 17 കോഴ്സുകൾക്കാണ് സർവകലാശാല അംഗീകാരം തേടിയത്.

ഇതിൽ അഞ്ച് ബിരുദ കോഴ്സുകളും രണ്ട് പി.ജി കോഴ്സുകളും ചേർത്ത് ഏഴെണ്ണത്തിന് മാത്രമാണ് അംഗീകാരമായത്. മറ്റ് കോഴ്സുകളുടെ കാര്യത്തിൽ യു.ജി.സി ചൂണ്ടിക്കാട്ടിയ ഹെഡ് ഓഫ് സ്കൂൾമാരുടെ നിയമനം ഉൾപ്പെടെ ന്യൂനത പരിഹരിച്ച് സർവകലാശാല യു.ജി.സിക്ക് അപ്പീൽ നൽകുമെന്ന് സർവകലാശാല രജിസ്ട്രാർ അറിയിച്ചു. ബി.എ സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി വിത്ത് സ്പെഷലൈസേഷൻ ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ്, ബി.സി.എ, ബി.ബി.എ, ബി.കോം ബിരുദ കോഴ്സുകൾക്കും എം.എ സോഷ്യോളജി, ഹിസ്റ്ററി, എം.കോം പി.ജി കോഴ്സുകൾക്കുമാണ് അംഗീകാരം ലഭിക്കാത്തത്.

യു.ജി.സി നടത്തിയ ഓൺലൈൻ ഡോക്യുമെന്‍റ് വെരിഫിക്കേഷനും ലൈവ് വെർച്ച്വൽ വിസിറ്റിനും ശേഷമാണ് നടപടി.2020ൽ ഓർഡിനൻസിലൂടെ കൊല്ലം ആസ്ഥാനമായി നിലവിൽവന്ന ഓപൺ സർവകലാശാലക്ക് യു.ജി.സി ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ അംഗീകാരമില്ലാത്തതിനാൽ ഇതുവരെ കോഴ്സ് തുടങ്ങാനായിരുന്നില്ല. 

Tags:    
News Summary - Open University: UGC approval for seven courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.