യൂനിവേഴ്സിറ്റി അഡ്മിഷനായി തയാറെടുപ്പുകൾ തുടങ്ങാം

പുതിയ അധ്യയന വർഷത്തിലേക്ക് ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ യൂനിവേഴ്സിറ്റികൾ ആരംഭിച്ചുകഴിഞ്ഞു. പല രക്ഷിതാക്കളും വിദ്യാർഥികളും ഏതു കോഴ്സിന്, എവിടെ ചേരണം എന്ന ആശയക്കുഴപ്പത്തിൽ ആയിരിക്കും. കോഴ്സുകളും കോളജുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് താഴെ പറയുന്നത്.

ഏതു കോഴ്സ് പഠിക്കണം

പത്താം ക്ലാസ് വരെ എല്ലാ വിഷയങ്ങളും പഠിച്ച കുട്ടികളിൽ മിക്കവരും പതിനൊന്നാം ക്ലാസ്സിൽ എത്തുമ്പോൾ കമ്പ്യൂട്ടർ- മാത്ത്, സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് എന്നീ സ്ട്രീമുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തിട്ടുണ്ടാവും. സ്വന്തം ഇഷ്ടം എന്താണ് എന്നറിഞ്ഞു തിരഞ്ഞെടുത്ത കുട്ടികൾ ഉണ്ടാവാം. എന്നാൽ പലരും അച്ഛനമ്മമാരുടെ താല്പര്യത്തിന് അനുസരിച്ചായിരിക്കും സ്ട്രീമുകൾ തിരഞ്ഞെടുത്തിരിക്കുക. അതുമല്ലെങ്കിൽ ഡോക്ടർ ആവണം, എൻജിനീയർ ആവണം എന്നൊക്കെയുള്ള രക്ഷിതാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആവാം. അങ്ങനെ പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും കഴിയും. തരക്കേടില്ലാത്ത മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ പിന്നെ എല്ലാവരും നെട്ടോട്ടം ആണ്- ഏതെങ്കിലും പ്രഫഷനൽ കോളജിൽ എങ്ങനെ എങ്കിലും അഡ്മിഷൻ നേടിയെടുക്കാൻ വേണ്ടി. പക്ഷെ അതിനു മുമ്പ് സമയമെടുത്ത് ആലോചിച്ചു ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്.

കണക്കിന് മാർക്കുണ്ട്, അതുകൊണ്ടു കുട്ടിയെ എൻജിനീയർ ആക്കാം എന്ന് വിചാരിക്കണ്ട. അവർക്കു പഠിക്കാൻ താല്പര്യം ചിലപ്പോൾ ഇംഗ്ലീഷ് സാഹിത്യമായിക്കും. അവരുടെ താല്പര്യം എന്താണെന്ന് ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം കോഴ്സ് തിരഞ്ഞെടുക്കുക.

മക്കളെ അറിയണം

നിങ്ങളുടെ മക്കളെ മറ്റാരെക്കാളും നന്നായിട്ട് അറിയാൻ കഴിയുക നിങ്ങൾക്ക് തന്നെയാണ്. സത്യങ്ങൾക്ക് നേരെ മുഖം തിരിക്കാതിരുന്നാൽ മാത്രം മതി. എന്താണ് കുട്ടികളുടെ അഭിരുചി, അവർ വളരെയധികം താല്പര്യത്തോടെ പിന്തുടരുകയും, മറ്റു കുട്ടികളെക്കാൾ ഒരു പടി നന്നായി ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഉണ്ടോ - ഉദാഹരണത്തിന് വരയ്ക്കുക, പെയിന്റ് ചെയ്യക, അഭിനയിക്കുക തുടങ്ങിയവ; അങ്ങനെയാണെങ്കിൽ അവർക്കു ഉജ്വല പ്രകടനം കാഴ്ച വെക്കാൻ പറ്റുന്ന, വളരെയധികം ഇഷ്ടത്തോടെ പഠിക്കാൻ സാധിക്കുന്ന ഇത്തരം കോഴ്സുകളിലേക്കു ചേർക്കുന്നതല്ലേ നല്ലത് ! ഇന്നത്തെ കാലത്ത് കുട്ടികളുടെ അഭിരുചികൾക്ക് അനുസരിച്ചു പഠിക്കാൻ പറ്റിയ, തൊഴിൽ സാധ്യത ഉള്ള ധാരാളം കോഴ്സുകൾ ഉണ്ട്. അപ്പോൾ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ മക്കളുടെ അഭിരുചിയും, താല്പര്യവും, കഴിവുകളും മനസ്സിലാക്കി അതിന്‌ അനുസരിച്ചു തിരഞ്ഞെടുക്കുക.

എവിടെ പഠിക്കണം

പ്രവാസികളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നം ആണിത്. നാട്ടിലേക്ക്‌ അയക്കണോ, തങ്ങളുടെ കൂടെ തന്നെ നിർത്തി പഠിത്തം തുടരണോ, വിദേശത്തയക്കണോ എന്നിങ്ങനെ നിരവധി സംശയങ്ങൾ ഉണ്ടാവാം. നന്നായി ആലോചിച്ചു എടുക്കേണ്ട തീരുമാനം ആണിത്. നാട്ടിലേക്ക്‌ അയക്കുക ആണെങ്കിൽ നല്ലൊരു ലോക്കൽ ഗാർഡിയൻ ഉള്ള സ്‌ഥലത്ത്, കോളജിനെയും യൂനിവേഴ്സിറ്റിയെയും പറ്റിയെല്ലാം നന്നായി അന്വേഷിച്ചു ചേർക്കുക. വിദേശത്തേക്ക് അയക്കുക ആണെങ്കിൽ ആ നാടിന്റെ സുരക്ഷിതത്വം, ഭാരതവും ആ രാജ്യവും തമ്മിലുള്ള ബന്ധം (നല്ല നയതന്ത്ര ബന്ധമില്ലാത്ത സ്ഥലത്തേക്ക് അയക്കാതിരിക്കുക), യൂനിവേഴ്സിറ്റിയുടെ അക്രെഡിറ്റേഷൻസ് തുടങ്ങിയവ അന്വേഷിക്കുക. ഹോസ്റ്റൽ സൗകര്യങ്ങളെ കുറിച്ചും അന്വേഷിക്കുക.

പഠന ചെലവ്

പഠന ചെലവിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവുക എന്നത് പ്രധാനം ആണ്. കുട്ടികൾ ഹൈസ്കൂളിൽ എത്തുമ്പോൾ തന്നെ അല്ലെങ്കിൽ അതിനു മുമ്പോ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങാം. എൽ.ഐ.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫിസ്‌ വഴി, മക്കളുടെ ഉപരി പഠനത്തിനുള്ള നിക്ഷേപങ്ങൾ നേരത്തെ തന്നെ തുടങ്ങാം. വിദ്യാർഥികൾക്ക് പഠനശേഷം ജോലി ലഭിക്കുമ്പോൾ അടച്ചു തീർക്കാവുന്ന സ്റ്റുഡന്റസ് ലോണുകളും ബാങ്കുകൾ നൽകി വരുന്നുണ്ട്. യുക്‌തിപൂർവം കൈകാര്യം ചെയ്താൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ കുട്ടികളുടെ പഠനം പൂർത്തീകരിക്കാം.

ബഹ്‌റൈനിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർ

കൊമേഴ്‌സ്, ബിസിനസ് മാനേജ്‌മന്റ്, ഐ.ടി, ഇംഗ്ലീഷ് സാഹിത്യം തുടങ്ങിയ കോഴ്സുകൾക്ക് പേരുകേട്ടതാണ് യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ. ഇന്ത്യക്കു പുറത്ത്, വിദൂര വിദ്യാഭ്യാസം വഴി (ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ) കോഴ്സുകൾ നല്കാൻ അധികാരമുള്ള ഏക യൂണിവേഴ്സിറ്റിയായ ഇഗ്‌നു (ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി) യൂനിഗ്രാഡുമായി ചേർന്ന് ബഹ്‌റൈനിൽ B.Com, BBA, BCA, BA ഇംഗ്ലീഷ്, MBA തുടങ്ങി അനവധി കോഴ്സുകൾ നടത്തി വരുന്നു. നാട്ടിലെ കോളജുകളിലെ പോലെ തന്നെ പഠിക്കാൻ എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥാപനം ആണ് യൂനിഗ്രാഡ്. ബി.കോമിനോപ്പം ACCA (ചാർട്ടേർഡ് അക്കൗണ്ടൻസി) പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ പല പേപ്പറുകൾക്കും എക്സെപ്ഷനോടെ പഠിച്ചു പാസാകാൻ വേണ്ട എല്ലാ സൗകര്യങ്ങളും യൂനിഗ്രാഡ് നൽകുന്നുണ്ട്. ഇപ്പോൾ ACCA നൽകി വരുന്ന പല സ്ഥാപനങ്ങളിലും ACCAയുടെ ഒന്നിലധികം പേപ്പറുകൾ ഒരുമിച്ചു പഠിപ്പിക്കുമ്പോൾ കുട്ടികൾ പരീക്ഷ എഴുതി തോൽക്കുകയും, പിന്നീട് ആത്മവിശ്വാസം നഷ്ടപ്പെട്ട് കോഴ്സ്‌ തന്നെ ഉപേക്ഷിക്കുകയും ചെയ്തുവരുന്നതായി കണ്ടുവരുന്നുണ്ട്. ഇതൊഴിവാക്കാൻ, വളരെ ക്രമാനുഗതമായി ,ചിട്ടയോടെ പേപ്പറുകൾ പഠിച്ചു പാസ്സാവാൻ വേണ്ട മാർഗ നിർദേശങ്ങൾ യൂനിഗ്രാഡ് നൽകുന്നു.

പഠിക്കുക മാത്രമല്ല നല്ലൊരു ഉദ്യോഗം ലഭിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക എന്നത് കൂടിയാണ് യൂനിഗ്രാഡിന്റെ ലക്ഷ്യം. പഠിത്തത്തിനൊപ്പം തൊഴിൽ ലഭിക്കുവാൻ അനുയോജ്യമായ പല പ്രോഗ്രാമുകൾ കൂടി നല്കാൻ ശ്രദ്ധ വെക്കുന്നത് അത് കൊണ്ടാണ്. വ്യക്തി വികസനത്തിനും യൂനി ഗ്രാഡിൽ പ്രാധാന്യം നൽകുന്നു. യൂനി ഗ്രാഡിൽ തന്നെ ക്രിക്കറ്റ് പ്രാക്ടീസ് ഏരിയയും, മ്യൂസിക്, മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് പഠിക്കാനുള്ള സൗകര്യവും ഉണ്ട്.

നാട്ടിലെ ഒരു കോളേജിൽ ചേർന്ന് പഠിക്കുന്ന അതേ അന്തരീക്ഷത്തിൽ, അതെ സൗകര്യങ്ങളോടെ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ഇവിടെ ചേർന്ന് പഠിക്കാം.

പന്ത്രണ്ടാം ക്ലാസ് പാസ്സായവർ, അവർക്കനുയോജ്യമായ കോഴ്സുകൾ എല്ലാ സൗകര്യങ്ങളോടും കൂടി ഏറ്റവും മികച്ച നിലവാരത്തിൽ പഠിച്ചു പാസ്സാവട്ടെ. വിശദ വിവരങ്ങൾക്കും, ഉപരി പഠന സംബന്ധമായ സംശയ നിവാരണത്തിനുമായി, യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ 33537275 / 32332709)

(യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്റർ ഡയറക്ടറാണ് ലേഖിക)

Tags:    
News Summary - Let's start preparations for university admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.