ഡൽഹി: കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലായി കാനഡയിലെ മുഴുവൻ സമയ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവുണ്ടായതായി റിപ്പോർട്ട്. ആഗോള യാത്രകൾ തടസ്സപ്പെട്ട കോവിഡ്-19 കാലഘട്ടത്തിന് സമാനമായ രീതിയിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നാണ് ഡാറ്റാ ഏജൻസിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച പുറത്തുവിട്ട പഠനത്തിൽ പറയുന്നത്.
2003-04 മുതൽ 2023-24 വരെയുള്ള കാലയളവിൽ കാനഡയിലെ വിദേശ വിദ്യാർഥികളുടെ എണ്ണം എട്ടിരട്ടി വർദ്ധിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 2024-25-ൽ 4% വും, 2025-2026-ൽ 26 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 മുതൽ ഏകദേശം 1,24,000 വിദ്യാർഥികളുടെ കുറവാണ് ഉണ്ടായത്. ഇതോടെ 2025-2026 കാലയളവിലെ മൊത്തം വിദ്യാർഥികളുടെ എണ്ണം ഏകദേശം 3 ലക്ഷമായി ചുരുങ്ങി. ഇത് 2021-2022 കാലഘട്ടത്തിന് സമാനമായ കണക്കാണ്.
കോളേജ് പ്രോഗ്രാമുകളെയും സർട്ടിഫിക്കറ്റ് കോഴ്സുകളെയുമാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ 42% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർവകലാശാലാ പ്രവേശനത്തിൽ 17% കുറവുണ്ടായി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർഥികളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായിരിക്കുന്നത്.
2024-നെ അപേക്ഷിച്ച് 2025-ൽ സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ 1,31,010 (ഏകദേശം 25%) കുറവുണ്ടായി. ഈ ഇടിവിൽ 72 ശതമാനവും ഇന്ത്യക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2024-ലെ 1,88,175-ൽ നിന്ന് 2025-ൽ 94,605 ആയി കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കാനഡ സർക്കാർ കൊണ്ടുവന്ന പുതിയ നടപടികളാണ് പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.