ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫെ ഒമ്പതാം സീസണിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കാനെത്തുന്നത് പ്രമുഖർ. പുതുകാലത്തിന്റെ കരിയർ സാധ്യതകളും മനഃശാസ്ത്ര സമീപനങ്ങളും അവതരിപ്പിക്കുന്ന വിവിധ സെഷനുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നമാണ് പാരന്റിങ് സംബന്ധിച്ച സെഷൻ നയിക്കുക.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നൂതന പാഠ്യപദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് വിജയകരമായി അവതരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് ആരതി. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും കുട്ടികൾക്കായി നിരവധി സ്കൂളുകൾ സ്ഥാപിക്കുന്നതിനും സ്കൂൾ പഠനത്തോടൊപ്പം നിത്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തരത്തിലുള്ള പദ്ധതികൾ ഒരുക്കിയും ഇവർ ലോകശ്രദ്ധനേടി. ആരതിയുടെ നൂതന പാഠ്യമാതൃക വിദേശരാജ്യങ്ങളിൽ നിന്നടക്കം പ്രശംസ പിടിച്ചുപറ്റി. വിദ്യാർഥികൾക്കും കുട്ടികൾക്കുമായി ചൈൽഡ് ഗൈഡൻസ് സെന്ററും കൗൺസലിങ് ക്ലിനിക്കും ആരതി നടത്തിവരുന്നുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പുനർനിർവചിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ആരതി സി. രാജരത്നം എജുകഫെയുടെ വേദിയിൽ രക്ഷിതാക്കൾക്ക് അനുഭവ പാഠങ്ങളിൽ നിന്നുള്ള അറിവുകൾ പകരും.
നിരവധി പുതുസാധ്യതകളുടെ വഴിതുറക്കുന്ന ‘ഡേറ്റ അനാലിസിസ്’ മേഖലയെ കുറിച്ച് വിദ്യാർഥികളോട് സംവദിക്കുന്നതിന് ഈ രംഗത്തെ പ്രമുഖ സാന്നിധ്യമായ മുഹമ്മദ് അൽഫാനാണ് എത്തുന്നത്. മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബ്ൾ പ്രഫഷനൽ അവാർഡ് നേടിയ അദ്ദേഹം, അജ്മാൻ യൂനിവേഴ്സിറ്റി, ഖലീഫ യൂനിവേഴ്സിറ്റി, ഖത്തർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപനം നടത്തിയിട്ടുണ്ട്. ഡേറ്റ അനലിറ്റിക്സ് സംബന്ധിച്ച പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.
മാജിക്കിലൂടെ മനസ്സിന്റെ കരുത്ത് ബോധ്യപ്പെടുത്തുന്ന സെഷനുമായി പ്രമുഖ മജീഷ്യൻ മാജിക് ലിയോയും എജുകഫെ വേദിയിലെത്തും. മൂന്നര പതിറ്റാണ്ട് നീണ്ട പരിചയമാണ് മാജിക് ലോകവുമായി അദ്ദേഹത്തിനുള്ളത്. ലോകത്തെ ആദ്യത്തെ മാജിക് തീംപാർക്കായ മാജിക് വേൾഡിലെ പ്രധാന മജീഷ്യൻമാരിൽ ഒരാളായിരുന്നു. യൂറോപ്, അമേരിക്ക, ആസ്ട്രേലിയ, മെക്സികോ, കൊളംബിയ, കോസ്റ്റാറിക്ക, ഗ്രാൻറ് കായമെൻ, ലാസ് വേഗാസ് തുടങ്ങി നിരവധി ഇടങ്ങളിൽ അദ്ദേഹം പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഈ പ്രധാന സെഷനുകൾകൊപ്പം പ്രമുഖരായ അധ്യാപകർ, നിരവധി നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾ എന്നിവർ നയിക്കുന്ന സെഷനുകളും മേളയുടെ രണ്ടുദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം. പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ(https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് +971 504851700.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.