തേഞ്ഞിപ്പലം: ഉന്നത വിദ്യാഭ്യാസ വകുപ്പ് രണ്ടുമാസം മുമ്പ് അനുമതി നല്‍കി ഉത്തരവിറക്കിയിട്ടും കോളജുകളിലെ ബിരുദ- ബിരുദാനന്തര ബിരുദ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്ന പരാതിക്കിടെ കാലിക്കറ്റ് സര്‍വകലാശാല താല്‍ക്കാലിക സീറ്റ് വര്‍ധനക്ക് വ്യാഴാഴ്ച അപേക്ഷ ക്ഷണിച്ചു. സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി കഴിഞ്ഞ ജൂലൈയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ പോലും പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാലയുടെ അനാസ്ഥക്കെതിരെ വിദ്യാർഥികള്‍ രംഗത്തുവന്നിരുന്നു.
എല്ലാ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും ബിരുദ സീറ്റുകള്‍ 70 വരെയും ബിരുദാനന്തര ബിരുദ സീറ്റുകള്‍ 30 വരെയും വര്‍ധിപ്പിക്കാമെന്ന് ജൂലൈ 26ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് സെപ്റ്റംബര്‍ അഞ്ചിനാണ് പരിഗണിച്ചത്. സീറ്റ് വര്‍ധിപ്പിക്കാനാവശ്യമായ നടപടിയെടുക്കാനും വിജ്ഞാപനമിറക്കാനും തീരുമാനിച്ചതുപ്രകാരം ഇന്നലെയാണ് ഇതുസംബന്ധിച്ച നടപടിയുണ്ടായത്.
ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്‌മെന്‍റും കഴിഞ്ഞതിനാല്‍ സീറ്റ് വര്‍ധനക്കായി സര്‍വകലാശാല അപേക്ഷ ക്ഷണിച്ചെങ്കിലും കോളജുകള്‍ താല്‍പര്യമെടുക്കാന്‍ സാധ്യത കുറവാണ്.
മലബാര്‍ മേഖലയില്‍ നല്ല മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവരില്‍ 20 ശതമാനം പേര്‍ക്ക് പോലും മെറിറ്റ് സീറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. അയ്യായിരത്തോളം എയ്ഡഡ് സീറ്റുകളും പതിനായിരത്തിലധികം സ്വാശ്രയ സീറ്റുകളും വര്‍ധിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമായത്.
ഇതിനിടെയാണ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലെയും അറബിക്, ഓറിയന്‍റല്‍ ടൈറ്റില്‍ കോളജുകളിലെയും വിവിധ യു.ജി, പി.ജി കോഴ്സുകള്‍ക്ക് താല്‍ക്കാലിക സീറ്റ് വര്‍ധനക്ക് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്.
4000 രൂപയാണ് അപേക്ഷ ഫീസ്. നിർദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പും ചലാന്‍ രസീതും ഒക്ടോബര്‍ മൂന്നിന് മുമ്പ് cumarginalincrease@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. അപേക്ഷയുടെ മാതൃകയും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.