കേന്ദ്ര സർവകലാശാലകളടക്കം രാജ്യത്തെ മികച്ച വാഴ്സിറ്റി/സ്ഥാപനങ്ങളിൽ ബിരുദ പ്രവേശനത്തിനായുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-യു.ജി 2026) മേയ് 11-31 വരെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടക്കും. ഇതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ലക്ഷക്കണക്കിന് പ്ലസ്ടു വിദ്യാർഥികൾ പങ്കെടുക്കുന്ന രാജ്യത്തെ വലിയ പരീക്ഷകളിലൊന്നാണിത്.
37 വിഷയങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഭാഷകളും ജനറൽ ആപ്റ്റിട്യൂഡ് ടെസ്റ്റും ഉൾപ്പെടെ ഒരാൾക്ക് പരമാവധി അഞ്ചു വിഷയങ്ങൾ/പേപ്പറുകൾ പരീക്ഷക്കുണ്ടാവും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. ഓരോ വിഷയം/ടെസ്റ്റ് പേപ്പറിലും ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള 50 ചോദ്യങ്ങളുണ്ടാവും. എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരം കണ്ടെത്തേണ്ടതാണ്. 60 മിനിറ്റ് സമയം അനുവദിക്കും.
മൾട്ടിപ്പിൾ ഷിഫ്റ്റുകളായാണ് പരീക്ഷ. സ്ലോട്ട്/ഷിഫ്റ്റ്, സമയക്രമം മുതലായ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാവും. പരീക്ഷാ ഘടനയും സിലബസും https://cuet.nta.nic.inൽ ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷാകേന്ദ്രം ഉൾപ്പെട്ട അഡ്വാൻസ്ഡ് ഇന്റിമേഷൻ സ്ലിപ്പ് അപേക്ഷാർഥികൾക്ക് വെബ്സൈറ്റിൽനിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് താമസിയാതെ ലഭ്യമാകും.
പരീക്ഷ തുടങ്ങുന്നതിനും രണ്ട് മണിക്കൂർ നേരത്തെ പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. അഡ്മിറ്റ് കാർഡും അംഗീകൃത ഫോട്ടോ ഐ.ഡിയും കൈവശമുണ്ടായിരിക്കണം. ബയോമെട്രിക് പരിശോധനയുണ്ടാകും. പരീക്ഷാഹാൾ തുറന്നാലുടൻ അവരവരുടെ റോൾ നമ്പറിൽ അലോട്ട് ചെയ്ത സീറ്റിലായിരിക്കും.
സമയബന്ധിതമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ അഭിമുഖീകരിക്കണം. ഓൺ-സ്ക്രീൻ വെർച്വൽ കീബോർഡും മൗസും ഇതിനായി ഉപയോഗിക്കാം. ലഭ്യമാകുന്ന ചോദ്യപേപ്പർ തിരഞ്ഞെടുത്ത വിഷയങ്ങളിലുള്ളതാണെന്ന് ഉറപ്പുവരുത്തണം. ചോദ്യങ്ങൾ മനസ്സിലാക്കി കമ്പ്യൂട്ടർ സ്ക്രീനിൽ ലഭ്യമാകുന്ന ശരിയുത്തരം സെലക്ട് ചെയ്ത് ഓപ്ഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഇനി സെലക്ട് ചെയ്ത ഉത്തരം വേണ്ടെങ്കിൽ ‘ക്ലിയർ റെസ്പോൺസ്’ ബട്ടണിൽ ക്ലിക്ക് ചെയ്ത് മാറ്റാവുന്നതാണ്. ഉത്തരം സേവ് ചെയ്ത് പോകുന്നതിന് സേവ് ആൻഡ് സെലക്ട് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കരുത്. ചോദ്യനമ്പറുകൾ തെറ്റാതെ നോക്കണം (പരീക്ഷാ രീതി അറിയുന്നതിന് വെബ്സൈറ്റിലെ മോക്ക് ടെസ്റ്റ് പ്രയോജനപ്പെടുത്താം). ഒരു ചോദ്യത്തിൽ ഒന്നിലധികം ശരിയുത്തരം ഉണ്ടെങ്കിൽ ശരിയായ ഏത് ഉത്തരം രേഖപ്പെടുത്തിയാലും മാർക്ക് ലഭിക്കും. ഇനി ശരിയുത്തരമില്ലെങ്കിൽ അഥവാ ചോദ്യംതന്നെ തെറ്റാണെങ്കിൽ എല്ലാവർക്കും മാർക്ക് നൽകും.
ഓരോ ചോദ്യത്തിനും ഉത്തരം ശരിയായാൽ അഞ്ചു മാർക്ക് ലഭിക്കും. തെറ്റിയാൽ ഓരോ മാർക്ക് കുറക്കും. ശരിയുത്തരമാണെന്ന് ഏകദേശം ബോധ്യമുണ്ടെങ്കിൽ സെലക്ട് ചെയ്ത് ഭാഗ്യപരീക്ഷണമാവാം. കിട്ടിയാൽ 5 മാർക്ക്, പോയാൽ ഒരു മാർക്ക്. എന്നാൽ, ശരിക്കും ഉത്തരം അറിയാത്ത ചോദ്യങ്ങൾ വിട്ടുകളയുന്നതാണ് ഉചിതം. അല്ലാത്തപക്ഷം സ്കോർ ചെയ്ത മാർക്കിൽ ചോർച്ചയുണ്ടാകും. ജാഗ്രതയോടെ നിർദേശാനുസരണം പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് ഉയർന്ന ‘സി.യു.ഇ.ടി-യു.ജി) സ്കോർ നേടാനാവും. ഉത്തരം കണ്ടെത്താനാവശ്യമായ റഫ് വർക്കുകൾക്ക് പരീക്ഷാ സെന്ററിൽനിന്നും റഫ് വർക്ക് ഷീറ്റുകൾ അനുവദിക്കും. പരീക്ഷ പൂർത്തിയാവുമ്പോൾ ഇത് ഇൻവിജിലേറ്ററെ തിരികെ ഏൽപിക്കണം.
ഡ്രസ് കോഡ് കർശനമായും പാലിക്കണം. മതങ്ങളടക്കം ആചാരപ്രകാരമുള്ള വസ്ത്രധാരണം നടത്തുന്നവർ രണ്ടുമണിക്കൂറിന് മുമ്പ് അക്കാര്യം പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, ജ്യോമെട്രി, പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാർക്കുലേറ്റർ, പെൻഡ്രൈവ്സ്, ഹാൻഡ്ബാഗ്, വാച്ച്, ബ്രേസ്ലെറ്റ്, കാമറ, ആഭരണം അടക്കം വിവരണപത്രികയിൽ പ്രതിപാദിച്ചിട്ടുള്ളവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.
വിവിധ ഷിഫ്റ്റുകളിലായി നടത്തുന്ന പരീക്ഷകളിന്മേൽ തുല്യത ഉറപ്പാക്കാനുള്ള നോർമലൈസേഷൻ നടപടിക്രമങ്ങളും മൂല്യനിർണയ രീതിയുമെല്ലാം ‘സിയു.ഇ.ടി-യു.ജി -2026’ വിവരണപത്രികയിലുണ്ട്. നാഷനൽ ടെസ്റ്റിങ് ഏജൻസി തയാറാക്കുന്ന സ്കോർകാർഡിന് 2026-27 അധ്യയനവർഷത്തെ അഡ്മിഷന് മാത്രമാണ് പ്രാബല്യം.
‘സി.യു.ഇ.ടി-യു.ജി’ സ്കോർ അടിസ്ഥാനത്തിൽ നിരവധി കേന്ദ്ര സർവകലാശാലകളിലും വിവിധ സംസ്ഥാന സർവകലാശാലകളിലും കൽപിത/സ്വകാര്യ വാഴ്സിറ്റികളിലും മറ്റും റഗുലർ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടാവുന്നതാണ്. കേരളത്തിലേതടക്കം 49 കേന്ദ്ര സർവകലാശാലകളിലാണ് പഠനാവസരം. പ്രവേശന വിജ്ഞാപനം വരുന്നമുറക്ക് അപേക്ഷ നൽകാം.
കോഴ്സുകളും പ്രവേശന നടപടിക്രമവും യോഗ്യതാ മാനദണ്ഡങ്ങളും അതത് സർവകലാശാലകളുടെ വെബ്സൈറ്റിൽ ലഭ്യമാകും. സർവകലാശാലകൾ/സ്ഥാപനങ്ങളുടെ പട്ടിക വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.