കാനഡ സ്റ്റഡി പെർമിറ്റ്: ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകളിൽ നാലിൽ മൂന്നും നിരാകരിക്കപ്പെടുന്നുവെന്ന് റി​പ്പോർട്ട്

ഒന്റാറിയോ: കാനഡയിൽ പഠനാനുമതി (സ്റ്റഡി പെർമിറ്റ്) തേടി ഇന്ത്യൻ വിദ്യാർഥികൾ സമർപ്പിക്കുന്ന അപേക്ഷകളിൽ നാലിൽ മൂന്നെണ്ണവും നിരാകരിക്കപ്പെടുന്നുവെന്ന് റി​പ്പോർട്ട്. അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവുമായി ബന്ധപ്പെട്ട് രാജ്യം നടപടികൾ കടുപ്പിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.

2025 ഓഗസ്റ്റ് അവസാനം ലഭ്യമായ കണക്കുകൾ അനുസരിച്ച് കാനഡയിൽ വിദ്യാഭ്യാസ അനുമതി തേടി സമർപ്പിക്കപ്പെട്ട ആകെ അപേക്ഷകളിൽ 40 ശതമാനത്തിലധികമാണ് നിരാകരിക്കപ്പെട്ടത്. അതേസമയം,​ പൊതുവേ കൂടുതൽ അപേക്ഷ സമർപ്പിക്കപ്പെടുന്ന ഇന്ത്യക്കാർക്കിടയിൽ ഇത് കുത്തനെ ഉയർന്നതായാണ് റിപ്പോർട്ടുകൾ.

ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാനഡയിലെ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ പഠനത്തിന് അനുമതി തേടി ഇന്ത്യക്കാർ സമർപ്പിച്ച അപേക്ഷകളിൽ 74 ശതമാനവും നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റിലെ 32ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികമാണ് ഇത്.

2025 ഓഗസ്റ്റിൽ ചൈനക്കാരായ വിദ്യാർഥികൾ പഠനാനുമതി തേടി സമർപ്പിച്ച അപേക്ഷകളിൽ ഏകദേശം 24 ശതമാനത്തോളം നിരസിക്കപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.

നടപടികളും ജീവിതവും കടുപ്പം, ഇന്ത്യക്കാരുടെ ഒഴുക്ക് കുറയുന്നു

പ്രാദേശിക ആശങ്കകളും തൊഴിൽ ക്ഷാമവും കണക്കിലെടുത്ത് കുടിയേറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമായി കാനഡ മുന്നോട്ടുപോവുകയാണ്. നടപടികളുടെ ഭാഗമായി 2025ൽ തുടർച്ചയായ രണ്ടാം വർഷവും അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന പഠനാനുമതികളുടെ എണ്ണം രാജ്യം വെട്ടിക്കുറച്ചിരുന്നു.

ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ കുറവ് ദൃശ്യമാണ്. 2023 ഓഗസ്റ്റിൽ 20,900 ആയിരുന്ന അപേക്ഷകളുടെ എണ്ണം 2025 ഓഗസ്റ്റിൽ 4,515 ആയി. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനാനുമതി അപേക്ഷകൾ തുടർച്ചയായി നിരസിക്കപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഒട്ടാവയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. എന്നാൽ, ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും എംബസി അറിയിച്ചു.

2023-ൽ, സമർപ്പിക്കപ്പെട്ട 1,550 പഠനാനുമതി അപേക്ഷകളിൽ വ്യാജ രേഖകൾ ഉൾപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നുവെന്ന് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ, പരിശോധനകൾ കൂടുതൽ ശക്തമാക്കിയതോടെ വ്യാജരേഖകളുമായി സമർപ്പിക്കപ്പെട്ട ​അപേക്ഷകളുടെ എണ്ണം 14,000 കടന്നു. ഇതിൽ വലിയ പങ്ക് ഇന്ത്യയിൽ നിന്നുള്ളവയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Canada Rejects 3 In 4 Indian Applicants Amid Immigration Clampdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.