ബാലികേറാമലയാണ് പലർക്കും യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ. കഠിന പ്രയത്നമുണ്ടെങ്കിൽ മാത്രമേ പരീക്ഷയിൽ മികച്ച റാങ്ക് നേടാൻ പറ്റുകയുള്ളൂ. അങ്ങനെ ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഫരീദാബാദിലെ സൃഷ്ടി മിശ്ര ഐ.പി.എസിനെ കുറിച്ച്. വിദേശത്താണ് സൃഷ്ടി പഠിച്ചതൊക്കെ. ഇന്ത്യയിൽ മടങ്ങിയെത്തിയതോടെയാണ് സിവിൽ സർവീസിന് തയാറെടുപ്പ് തുടങ്ങിയത്. രണ്ടാം ശ്രമത്തിൽ 95ാം റാങ്ക് സ്വന്തമാക്കി.
വിദ്യാസമ്പന്നമായ കുടുംബത്തിലാണ് സൃഷ്ടി ജനിച്ചത്. സൃഷ്ടിയുടെ പിതാവ് ആദർശ് മിശ്ര വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായിരുന്നു. ദക്ഷിണാഫ്രിക്കയിലായിരുന്നു സൃഷ്ടിയുടെ വിദ്യാഭ്യാസം. കാരണം അവിടെയായിരുന്നു ആദർശിന് പോസ്റ്റിങ് ലഭിച്ചത്. പിന്നീട് ഡൽഹിയിലേക്ക് മടങ്ങിയെത്തി ബിരുദ പഠനം പൂർത്തിയാക്കി. ലേഡി ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.
ഐ.പി.എസിലേക്കുള്ള സൃഷ്ടിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ആദ്യതവണ പരീക്ഷയെഴുതിയപ്പോൾ വിജയിച്ചില്ല. എന്നാൽ നിരാശപ്പെടാതെ വീണ്ടും ശ്രമിച്ചു. ഇക്കുറി നന്നായി പരിശ്രമിച്ചു. പിതാവിന്റെ മാർഗ നിർദേശത്തിലായിരുന്നു പഠനം. അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു മകൾ സിവിൽ സർവീസ് നേടുക എന്നത്. മകളുടെ മെന്ററും ഗൈഡും അദ്ദേഹം തന്നെയായിരുന്നു. എല്ലാ പിന്തുണയുമായി അമ്മയും കൂടെ നിന്നു. ദിവസവും എട്ടുമുതൽ 10 മണിക്കൂർ വരെ സൃഷ്ടി പഠനത്തിനായി മാറ്റിവെക്കുമായിരുന്നു. ആ കഠിന പരിശ്രമത്തിന് ഫലവും ലഭിച്ചു. രണ്ടാംശ്രമത്തിൽ 95ാം റാങ്കോടെ സൃഷ്ടി വിജയിച്ചു. യു.പി കാഡറിലായിരുന്നു നിയമനം.
ഇന്ത്യയിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആർ.എസ് തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള പരീക്ഷയാണ് യു.പി.എസ്.സിയുടെ സിവിൽ സർവീസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 21 വയസാണ് പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി. പരമാവധി പ്രായം 32 വയസാണ്. അർഹരായ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ലക്ഷക്കണക്കിന് ആളുകൾ എഴുതുന്ന മത്സര പരീക്ഷയായതിനാൽ കൃത്യമായ തയാറെടുപ്പും വേണം. കേന്ദ്രസർക്കാറിന് കീഴിലുള്ള 1056 തസ്തികളിലേക്കാണ് ഈ പരീക്ഷയിലൂടെ ഉദ്യോഗാർഥികളെ നിയമിക്കുക.
പ്രിലിമിനറി, മെയിൻ, ഇൻർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പ്രിലിമിനറി പരീക്ഷക്ക് ഉണ്ടാവുക. പൊതുവിഭാഗക്കാർക്ക് ആറു തവണ സിവിൽ സർവീസ് പരീക്ഷ എഴുതാം. ഒ.ബി.സി, ജനറൽ ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി വിഭാഗക്കാർക്ക് ഒമ്പതു തവണയും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം. www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.