സിവിൽ സർവിസിൽ കശ്മീരിന്റെ അഭിമാനമായി വസീം അഹമ്മദ് ഭട്ട്; ‘വലുതായി ചിന്തിക്കാൻ മുത്തച്ഛൻ പ്രോത്സാഹിപ്പിച്ചു’

ശ്രീനഗർ: ‘വലുതായി ചിന്തിക്കാൻ മുത്തച്ഛൻ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. ഞാൻ സന്തോഷവാനാണ്, പക്ഷേ ഇതോടെ എല്ലാം ആയി എന്ന് കരുതുന്നില്ല. ഇതൊരു തുടക്കം മാത്രമാണ്. സമൂഹത്തിന് എന്തെങ്കിലും സേവനം ചെയ്യുമ്പോഴാണ് യഥാർത്ഥ സന്തോഷം’ -പറയുന്നത് സിവിൽ സർവിസിൽ 7ാം റാങ്ക് നേടി കശ്മീരിന്റെ അഭിമാന താരമായ വസീം അഹമ്മദ് ഭട്ട്. അഞ്ച് വർഷത്തെ കഠിനാധ്വാനത്തിലൂടെ സിവിൽ സർവിസ് പരീക്ഷാ വിജയികളുടെ ടോപ്പ് 10 പട്ടികയിൽ ഇടം പിടിച്ചാണ് ഭട്ട് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

രണ്ട് വർഷം മുമ്പ് സിവിൽ സർവിസ് പരീക്ഷയിൽ ഭട്ടിന് 225-ാം റാങ്ക് ലഭിച്ചിരുന്നു. എന്നാൽ, കൂടുതൽ മികച്ച വിജയം നേടാൻ വീണ്ടും പ്രയത്നിച്ചു. “ഞാൻ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു, 2018 ലെ എന്റെ സ്വപ്നം” ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു. അനന്ത്നാഗിലെ ദൂരു തഹസിൽ ബ്രാഗം ഗ്രാമവാസിയാണ് വസീം അഹമ്മദ് ഭട്ട്. രണ്ട് കിലോമീറ്റർ അകലെയുള്ള ഇഖ്ബാൽ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് പത്താം ക്ലാസ് വിജയിച്ചത്. സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ തുടർപഠനം.

2015ൽ ജോയിന്റ് എൻട്രൻസ് പരീക്ഷ ജയിച്ച് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രവേശനം നേടി. 2019ൽ എൻ.ഐ.ടിയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. കോളജ് പഠനകാലത്താണ് സിവിൽ സർവിസ് മോഹം ഉള്ളിലുദിച്ചത്.

സർക്കാർ ജീവനക്കാരനാണ് ഭട്ടിന്റെ പിതാവ്. രണ്ട് സഹോദരങ്ങളുണ്ട്. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ മുത്തച്ഛനും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകിയ ഭട്ട്, 2021-ൽ യുപിഎസ്‌സി പാസായ ശേഷം ഇന്ത്യൻ റവന്യൂ സർവീസസിൽ ചേർന്നിരുന്നു. "രണ്ടാം ശ്രമത്തിൽ മകൻ ഏഴാം റാങ്ക് കരസ്ഥമാക്കി. ജമ്മു-കശ്മീരിന് മുഴുവൻ അഭിമാനമായതിൽ അതിയായ സന്തോഷമുണ്ട്. കുട്ടികളെ പഠിപ്പിക്കാൻ എല്ലാ രക്ഷിതാക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു" -വസീമിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - UPSC CSC Final results: Anantnag youth Waseem Ahmad Bhat secures 7th rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.