ദീപ്തി റാണ

രാജ്യസഭ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയിൽ നിന്ന് ടെറിട്ടോറിയൽ ആർമി ഓഫിസറിലേക്കുള്ള ദീപ്തി റാണയുടെ യാത്ര

രാജ്യസഭ സെക്രട്ടേറിയറ്റിലെ സിവിലിയൻ എക്സിക്യൂട്ടീവിൽ നിന്ന് ടെറിട്ടോറിയൽ ആർമിയിലെ ആദ്യ നോൺ ഡിപാർട്മെന്റൽ വനിത ഓഫിസർ പദവിയിലേക്കുള്ള ലെഫ്റ്റനന്റ് ദീപ്തി റാണയുടെ ശ്രദ്ധേയമായ യാത്രയെ കുറിച്ചാണ് പറയാൻ പോകുന്നത്. വഴിയിലെ തടസ്സങ്ങളെല്ലാം നിശ്ചയദാർഢ്യത്തോടെയും മ​നോധൈര്യത്തോടെയുമാണ് അവർ നേരിട്ടത്.

ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു യാഥാസ്ഥിതിക ഗ്രാമമായ മുംഗേഷ്പൂരി ആണ് ദീപ്തിയുടെ സ്വദേശം. കേന്ദ്രീയ വിദ്യാലയ സരസവയിൽ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. അതിനു ശേഷമാണ് രാജ്യസഭയിൽ എക്സിക്യൂട്ടീവ് ഓഫിസർ പദവി ഏറ്റെടുത്തത്. 2016ൽ പാർലമെന്റ് അംഗം അനുരാഗ് താക്കൂർ ഇന്ത്യൻ ആർമിയുടെ ഒലിവ് ഗ്രീൻ യൂനിഫോം ധരിച്ച് ടെറിട്ടോറിയൽ ആർമി ഓഫിസറായി നിൽക്കുന്നത് അവതരിപ്പിക്കുന്ന വാർത്താ ലേഖനം കാണുന്നതോടെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്. അതോടെ രാഷ്ട്രത്തെ സേവിക്കാനുള്ള ത്വര ഉള്ളിൽ നിറഞ്ഞു.

ഇന്ത്യൻ സൈന്യത്തിന്റെ ഒരു സവിശേഷ ശാഖയാണ് ടെറിട്ടോറിയൽ ആർമി (ടിഎ). മറ്റ് ജോലികൾ ചെയ്യുന്നവർക്ക് അത് ഉപേക്ഷിക്കാതെ പാർട്ട് ടൈം ആയി സേവനം ചെയ്യാൻ ഇവിടെ കഴിയും. 2016 ൽ സ്ത്രീകൾക്ക് ടെറിട്ടോറിയൽ ആർമിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നില്ല. നിരാശപ്പെടാതെ ദീപ്തി കാത്തിരുന്നു. മൂന്ന് വർഷത്തിന് ശേഷം 2019 ൽ ടെറിട്ടോറിയൽ ആർമി ഒടുവിൽ സ്ത്രീകൾക്ക് അതിന്റെ വാതിലുകൾ തുറന്നുകൊടുത്തു. ദീപ്തി അപേക്ഷ നൽകി. എഴുത്തുപരീക്ഷ, പ്രിലിമിനറി, അഭിമുഖം എന്നീ ഘട്ടങ്ങളായുള്ള കടമ്പകളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. സർവീസസ് സെലക്ഷൻ ബോർഡ്(എസ്.എസ്.ബി) ശിപാർശ ചെയ്ത 13 വനിത ഉദ്യോഗാർഥികളിൽ ഒരു ഒഴിവ് മാത്രമേ ലഭ്യമായിരുന്നുള്ളൂവെങ്കിലും ദീപ്തി അത് സ്വന്തമാക്കി. 2021 ഏപ്രിൽ 22ന് ടെറിട്ടോറിയൽ ആർമി

ലെഫ്റ്റനന്റായി തിരഞ്ഞെടുക്കപ്പെട്ടതായി അവർക്ക് അറിയിപ്പ് ലഭിച്ചു. അങ്ങനെ വകുപ്പിതര ടെറിട്ടോറിയൽ ആർമിയിലേക്ക് കമീഷൻ ചെയ്ത ആദ്യ വനിതയായി അവർ ചരിത്രം കുറിച്ചു.

ടെറിട്ടോറിയൽ ആർമി തിരഞ്ഞെടുപ്പും സേവന പ്രക്രിയയും കുറച്ച് കഠിനമാണ്. അപേക്ഷകർ 18 നും 42 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാരായിരിക്കണം, ജോലി ചെയ്യുന്നവരാണെങ്കിൽ പി.ഐ.ബി അല്ലെങ്കിൽ എസ്.എസ്.ബിയിലും പിന്നീട് വാർഷിക പരിശീലനത്തിലും പങ്കെടുക്കുന്നതിന് മുമ്പ് തൊഴിലുടമയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടണം. ടെറിട്ടോറിയൽ ഓഫിസർമാർക്ക് സാധാരണയായി എല്ലാ വർഷവും ഏകദേശം രണ്ടുമാസം വകുപ്പിതര യൂനിറ്റുകളിൽ പരിശീലനം നേടുകയും കാലാൾപ്പട, പരിസ്ഥിതി ബറ്റാലിയനുകൾ, എൻജിനീയറിങ് യൂനിറ്റുകൾ എന്നിവയിൽ സേവനമനുഷ്ഠിക്കാം. ​ശത്രുവിന്റെ വെടിയുണ്ടയേൽക്കുന്നതിൽ ഇവിടെ ലിംഗഭേദമില്ലെന്ന് ദീപ്തി പറയുന്നു.

ടെറിട്ടോറിയൽ ആർമിയിലെത്തിയതോടെ ദീപ്തിയുടെ ദിനചര്യകൾ പാടെ മാറി. പുലർച്ചെ നാലുമണിക്ക് മുമ്പ് ദിവസം തുടങ്ങി. ചെന്നൈയിലെ ചുട്ടുപൊള്ളുന്ന വെയിലിലായിരുന്നു പരിശീലനം. തുടക്കത്തിൽ 500 മീറ്റർ പോലും ഓടാൻ കഷ്ടപ്പെട്ട അവർ അധികം വൈകാതെ അഞ്ചു കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി. ശാരീരിക ക്ഷമതാ പരീക്ഷകൾ പാസായി. റോക്കറ്റ് ലോഞ്ചറുകൾ കൈകാര്യം ചെയ്യാനും റൈഫിളുകൾ ഉപയോഗിച്ച് വെടിവെക്കാൻ പഠിച്ചു. ഫീൽഡ് തന്ത്രങ്ങളിലും പ്രാവീണ്യം നേടി. ഒരുകാലത്ത് അവരുടെ ആയുധം പേനയായിരുന്നു. അതിപ്പോൾ തോക്കായി മാറി. മാസങ്ങൾ നീണ്ട തീവ്ര പരിശീലനത്തിന് ശേഷം 2021 നവംബർ 13ന് ദീപ്തി കോഴ്സ് പൂർത്തിയാക്കി ലെഫ്റ്റനന്റ് കമീഷണറായി.

Tags:    
News Summary - Meet Lieutenant Deepti Rana: From Rajya Sabha Executive to Territorial Army Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.