അഡ്വ. നസീർ
പരപ്പനങ്ങാടി: ഔദ്യോഗിക ചുമതലകളുടെ തിരക്കിനിടയിലും പഠിക്കാനും പരീക്ഷകൾ എഴുതാനുമുള്ള അടങ്ങാത്ത ആഗ്രഹത്തിന് പരപ്പനങ്ങാടി സ്വദേശി അഡ്വ. വി. നസീർ അവധി നൽകുന്നില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും പി.എം.എ.വൈയുടെയും കാസർകോട് ജില്ല ഓംബുഡ്സ്മാനായ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൾ അസൂയാവഹമാണ്.
കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്, കണ്ണൂർ സർവകലാശാലയിൽ നിന്ന് എം.സി.ജെയും എം.എൽ.എസ്.സിയും, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും ഇൻറർനാഷനൽ ബിസിനസിലും ടൂറിസത്തിലും എം.ബി.എയും, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇസ് ലാമിക് സ്റ്റഡീസിൽ എം.എ, അണ്ണാമലൈ സർവകലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിലും ഇംഗ്ലീഷിലും എം.എ, മദ്രാസ് സർവകലാശാലയിൽ നിന്ന് ഹ്യൂമൺ റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസിൽ എം.എ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ക്രിമിനോളജിയിലും ഗാന്ധിയൻ സ്റ്റഡീസിലും എം.എ, ബംഗളൂരു നാഷനൽ ലോ സർവകലാശാലയിൽ നിന്ന് ഡിഗ്രി ഇൻ ചൈൽഡ് റൈറ്റ്സിൽ പി.ജി.ഡി.ആർ.എൽ, സർദാർ പട്ടേൽ പൊലീസ് യൂനിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (ചൈൽഡ് പ്രൊട്ടക്ഷൻ) എന്നിവ നേടിയ ഇദ്ദേഹം പല പരീക്ഷകളിലും റാങ്ക് ജേതാവാണ്.
2025 ൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജെൻഡർ ആൻഡ് ലോക്കൽ അഡ്മിനിസ്ട്രേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക്, പാർലമെൻററി പ്രാക്ടിറ്റിക്കൽ സർട്ടിഫിക്കറ്റ് കോഴ്സിൽ സി.പി.എസ്.ടി ഓഫ് അസംബ്ലി പരീക്ഷയിൽ രണ്ടാം റാങ്ക് എന്നിവ നേടി. ഇപ്പോൾ പോണ്ടിച്ചേരി സർവകലാശാലയിൽ ലീഗൽ ലിറ്ററസി യമങ്ങ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് ഇൻ കേരള എന്ന വിഷയത്തിൽ പി.എച്ച്.ഡി പൂർത്തിയാക്കി ഗവേഷണ പ്രബന്ധം സമർപ്പിക്കാനൊരുങ്ങുകയാണ്.
കാസർകോട് ജില്ല കൺസ്യൂമർ കോർട്ട് മീഡിയേറ്റർ, കാസർകോട്ടെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും കോടതിയിലെ കൗൺസിലേഷൻ അംഗം, കാസർകോട് ജില്ല വ്യവസായകേന്ദ്രം ഫാക്കൽറ്റി ഓഫ് ലോ എന്നീ നിലകളിലും പ്രവർത്തിക്കുന്ന ഇദ്ദേഹം പരപ്പനങ്ങാടി സ്വദേശി വേളക്കാട് ആലിയുടെ മകനാണ്. കളമശ്ശേരിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.