പ്രമുഖ സിനിമ താരത്തിന്റെ മകൻ; അഭിനയം ഒഴിവാക്കി പഠനത്തിൽ ശ്രദ്ധിച്ചു, രണ്ടാം ശ്രമത്തിൽ ഐ.എ.എസ്

രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിലെത്തുന്നത് സ്വാഭാവികമാണ്. സിനിമ താരങ്ങളുടെ മക്കൾ സിനിമയിലെത്തുന്നതും അതുപോലെ തന്നെ. എന്നാൽ പ്രമുഖ തെന്നിന്ത്യൻ താരത്തിന്റെ മകന് താൽപര്യം സിനിമയായിരുന്നില്ല. സിനിമ വിട്ട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച ആ താരപുത്രൻ സിവിൽ സർവീസ് പരീക്ഷയിൽ 75ാം റാങ്ക് നേടി ഐ.എ.എസ് ഓഫിസറായി. രണ്ടാം ശ്രമത്തിലായിരുന്ന ആ മിന്നുംജയം. താരപുത്രൻമാരിൽ വളരെ അപൂർവം പേരാണ് ഇങ്ങനെയുള്ള വേറിട്ട വഴികൾ തെരഞ്ഞെടുക്കാറുള്ളത്.

ശ്രുതഞ്ജയ് നാരായണൻ എന്നാണ് ആ താരപുത്രന്റെ മകൻ. തെന്നിന്ത്യൻ സംവിധായകനും നിർമാതാവും കൊമേഡിയനും നടനുമായ ചിന്നി ജയന്തിന്റെ മകനാണ് ശ്രുതഞ്ജയ് നാരായണൻ.

 

അച്ഛന്റെ പേരിൽ അറിയപ്പെടാനായിരുന്നില്ല മകന് താൽപര്യം. അഭിനയത്തേക്കാളുപരി ഉയർന്ന പ്രതിഫലവും സ്ഥാനമഹിമയുമുള്ള ഒരു ഒരു പ്രഫഷനിലെത്തണമെന്നാണ് ശ്രുതഞ്ജയ് ആഗ്രഹിച്ചത്. 2019ൽ തന്റെ രണ്ടാംശ്രമത്തിൽ ഈ മിടുക്കൻ തന്റെ ആ​ഗ്രഹം നിറവേറ്റുകയും ചെയ്തു. എൻജിനീയറിങ് പഠനത്തിന് ശേഷം അശോക യൂനിവേഴ്സിറ്റിയിൽ നിന്ന് ലിബറൽ ആർട്സ് ആൻഡ് സയൻസസ്/ലിബറൽ സ്റ്റഡീസ് വിഷയത്തിൽ മാസ്റ്റേഴ്സും പൂർത്തിയാക്കി. പഠനം കഴിഞ്ഞ് ബഹുരാഷ്ട്ര കമ്പനിയിലും ജോലി ചെയ്തിരുന്നു. 2019ലെ സിവിൽ സർവീസ് പരീക്ഷയിലാണ് ഈ താരപുത്രൻ ആരും കൊതിക്കുന്ന നേട്ടം സ്വന്തമാക്കിയത്. ദിവസവും 10 മുതൽ 12 മണിക്കൂർ വരെ കഷ്ടപ്പെട്ട് പഠിച്ചാണ് ശ്രുതഞ്ജയ് സിവിൽ സർവീസിൽ മികച്ച റാങ്ക് നേടിയത്.

നിരവധി തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട് ചിന്നി ജയന്ത്. രജനീകാന്തടക്കമുള്ള പ്രമുഖ നടൻമാർക്കൊപ്പവും അഭിനയിച്ചു. തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ കുടുംബമാണെന്നാണ് ശ്രുതഞ്ജയ് പറയുന്നത്. നിലവിൽ തമിഴ്നാട് ഇ-ഗവേണൻസ് ഏജൻസിയുടെ സി.ഇ.ഒ ആണിപ്പോൾ. നേരത്തേ തിരുപ്പൂർ ജില്ല സബ് കലക്ടറായും പ്രവർത്തിച്ചിരുന്നു.

ആദ്യശ്രമത്തിൽ തിരിച്ചടിയായിരുന്നു ഫലം. എന്നാൽ രണ്ടാംശ്രമത്തിൽ അതെല്ലാം മറികടക്കാൻ ശ്രുതഞ്ജയന് സാധിച്ചു. മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്തിന് കാബ് ഡ്രൈവർമാർപോലും തന്റെ വിജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് ശ്രുതഞ്ജയ് പറയുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തയാറെടുപ്പിന് വലിയ സ്ഥാനമുണ്ട്. കാലിടറിയാലും ആ യാത്ര ഒരിക്കലും അവസാനിപ്പിക്കരുത്. സ്ഥിരതയാർന്ന പഠനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏതുലക്ഷ്യവും കീഴടക്കാനാകും. തിരിച്ചടികൾ ഉണ്ടാകും. അത് മറികടക്കാൻ ക്ഷമയും അനിവാര്യമാണ്.

ഒരു ഐ.എ.എസ് ഓഫിസറാവുക എന്നത് ഒരാളുടെ ഏറ്റവും കഠിനമായ തെരഞ്ഞെടുപ്പാണ്. അതിനെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ല എങ്കിൽ ഏറെ ബുദ്ധിമുട്ടാകും. ലക്ഷ്യം നേടണമെങ്കിൽ അതിലേക്കുള്ള വഴികൾ കൃത്യമായിരിക്കണം-ശ്രുതഞ്ജയ് പറയുന്നു.

തമിഴ് സിനിമ ലോകവും ശ്രുതഞ്ജയ് യുടെ വിജയം ആഘോഷിച്ചു. മകൻ സിവിൽ സർവീസ് ജേതാവായപ്പോൾ സൂപ്പർതാരം രജനീകാന്ത് ​ചിന്നി ജയന്തിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.

Tags:    
News Summary - A Star Kid who ditched acting and became an IAS officer in second attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.