പാരാവാരം പോലെ പരന്നുകിടക്കുന്ന ഈ മണലാരണ്യത്തില്‍ എന്തൊക്കെ ചെയ്യാനാവും...? മനുഷ്യസാധ്യമായതെന്തും....! അതാണ് ഈ ഇമാറാത്തിന്റെ മാതൃക.

അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതിക മുന്നേറ്റത്തിലും ലോകത്തെ എക്കാലവും അത്ഭുതപ്പെടുത്തുന്ന നാടാണ് യു.എ.ഇ. എന്നാല്‍, വരാനിരിക്കുന്ന പതിറ്റാണ്ട് ഈ നാടിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വികസനക്കുതിപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കേവലം അംബരചുംബികള്‍ പടുത്തുയര്‍ത്തുന്നതിനപ്പുറം, മനുഷ്യന്റെ ജീവിതരീതിയെയും കച്ചവട സമവാക്യങ്ങളെയും പാടെ നവീകരിക്കുന്ന ഒമ്പത് വന്‍കിട പദ്ധതികളാണ് ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തില്‍ ഈ മരുഭൂമിയില്‍ ഒരുങ്ങുന്നത്. ഗതാഗതം, നിര്‍മിത ബുദ്ധി, ധനകാര്യം, വിനോദസഞ്ചാരം, തീരദേശ വികസനം എന്നിവയിലൂന്നിയുള്ള വമ്പന്‍ പദ്ധതികള്‍ യു.എ.ഇയുടെ സാമ്പത്തിക ഭദ്രതയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നുറപ്പ്.

വരും വര്‍ഷങ്ങളില്‍ യു.എ.ഇയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ വഴിയൊരുക്കുന്ന പദ്ധതികള്‍ ഇവയാണ്:

ദുബൈ ലൂപ്പ്: തുരങ്ക പാതകളിലെ ഗതാഗത വിപ്ലവം

ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും എലോണ്‍ മസ്‌കിന്റെ ബോറിങ് കമ്പനിയും ചേര്‍ന്നൊരുക്കുന്ന ഭൂഗര്‍ഭ ഗതാഗത ശൃംഖലയാണ് 'ദുബൈ ലൂപ്പ്'. നഗരത്തിരക്കുകളില്‍ പെടാതെ, പ്രത്യേക ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളിലൂടെ യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താം. ഏകദേശം 565 മില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനെ ദുബൈ മാളുമായി ബന്ധിപ്പിക്കും. സാധാരണ നിലയില്‍ റോഡ് മാര്‍ഗം 20 മിനിറ്റോളം എടുക്കുന്ന ഈ യാത്ര വെറും 3 മിനിറ്റായി ചുരുങ്ങും. 22.2 കിലോമീറ്റര്‍ നീളുന്ന പൂര്‍ണ ശൃംഖല യാഥാർഥ്യമാകുന്നതോടെ ദിനംപ്രതി 30,000 യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും. 2026ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇത്തിഹാദ് റെയില്‍: എമിറേറ്റുകളെ കോര്‍ത്തിണക്കുന്ന ജീവനാഡി

യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന വികസന പദ്ധതിയാണ് ഇത്തിഹാദ് റെയില്‍വേ. ഏഴ് എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റര്‍ നീളമുള്ള ഈ ദേശീയ റെയില്‍ ശൃംഖല, മറ്റ് ജി.സി.സി. രാജ്യങ്ങളിലേക്കും നീളും.

ചരക്കുനീക്കത്തിന് വലിയ വേഗത നല്‍കുന്ന ഈ പദ്ധതി ട്രാന്‍സ്പോര്‍ട്ട് ചെലവ് ഗണ്യമായി കുറക്കും. ഒരു ചരക്കുതീവണ്ടിക്ക് റോഡിലെ 300 ട്രക്കുകളെ വരെ ഒഴിവാക്കാന്‍ സാധിക്കുമെന്നതിനാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ 80 ശതമാനത്തോളം കുറക്കാനും സാധിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപവും നിര്‍മാണ പുരോഗതിയും ഇതിനകം പ്രകടമായിക്കഴിഞ്ഞു. ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ സർവിസിന് ജൂൺ 30ന് തുടക്കമായിട്ടുണ്ട്. അബൂദബിയിൽനിന്ന് ഫുജൈറയിലേക്കാണ് നിലവിൽ സർവിസ്. സെപ്റ്റംബർ 30ന് ദുബൈ, ഷാർജ സ്റ്റേഷനകളുടെ ഉദ്ഘാടനവും നടക്കും.

 

ദുബൈ ഗോള്‍ഡ് മെട്രോ ലൈന്‍: പൊതുഗതാഗതത്തിന് സുവർണ വേഗം

ദുബൈയുടെ പൊതുഗതാഗത ശൃംഖലക്ക് പുതിയ കരുത്ത് പകരുന്നതാണ് പുതുതായി പ്രഖ്യാപിച്ച ഗോള്‍ഡ് മെട്രോ ലൈന്‍. നിലവിലുള്ള മെട്രോ ലൈനുകളെ ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. ഏകദേശം 9.2 ബില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ പദ്ധതി ദുബൈയിലെ പ്രധാനപ്പെട്ട പല റസിഡന്‍ഷ്യല്‍, ബിസിനസ് മേഖലകളിലേക്കുമുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തും. ആഗോളതലത്തില്‍ മികച്ച അടിസ്ഥാന വികസന സൗകര്യങ്ങളുള്ള നഗരമെന്ന ദുബൈയുടെ പദവിക്ക് ഇത് കൂടുതല്‍ മാറ്റേകും. 2032ൽ പദ്ധതി പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.

 

ഡി.ഐ.എഫ്.സി. സബീല്‍ ഡിസ്ട്രിക്ട്: ധനകാര്യ ശേഷി ഇരട്ടിയാക്കുന്നു

ദുബൈ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ശേഷി ഇരട്ടിയിലധികമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് 'ഡി.ഐ.എഫ്.സി 2.0' എന്നറിയപ്പെടുന്ന സബീല്‍ ഡിസ്ട്രിക്ട് വികസനം. 42000ത്തിലധികം കമ്പനികള്‍ക്കും 125000ത്തിലേറെ പ്രഫഷനലുകള്‍ക്കും ഇടമൊരുക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് പുറമെ, നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ നവീന ആശയ അന്തരീക്ഷംകൂടി ഇവിടെ ഒരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള നിക്ഷേപങ്ങളെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഇത് വലിയ പങ്കുവഹിക്കും.

വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍ഡ്: റാസല്‍ഖൈമയുടെ ടൂറിസം വിപ്ലവം

റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപില്‍ 5.8 ബില്യണ്‍ ഡോളര്‍ ചിലവില്‍ ഒരുങ്ങുന്ന സംയോജിത റിസോര്‍ട്ട് പദ്ധതിയാണ് വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍ഡ്. യു.എ.ഇയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വന്‍കിട വിനോദ ടൂറിസം കേന്ദ്രമായിരിക്കും ഇത്. വടക്കന്‍ എമിറേറ്റുകളിലേക്ക് പുതിയ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കാനും അവിടുത്തെ ഹോസ്പിറ്റാലിറ്റി, റീടെയ്ല്‍ മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കാനും അടുത്ത വർഷം പൂർത്തിയാകുന്ന ഈ മെഗാ പ്രൊജക്ടിന് സാധിക്കും.

അല്‍ മരിയ ദ്വീപ് വികസനം അബൂദബിയുടെ സാമ്പത്തിക മുഖം

അബൂദബിയുടെ സാമ്പത്തിക ബിസിനസ് തലസ്ഥാനമെന്ന പദവി കൂടുതല്‍ ശക്തമാക്കുന്നതാണ് അല്‍ മരിയ ദ്വീപ് വികസന മാസ്റ്റര്‍പ്ലാന്‍. 6000 കോടി ദിര്‍ഹമിലധികം ചിലവഴിച്ചുള്ള ഈ വികസനത്തിലൂടെ ഓഫിസുകള്‍, വീടുകള്‍, ഹോട്ടലുകള്‍ എന്നിവക്കായി 1.5 മില്യണ്‍ ചതുരശ്ര മീറ്റര്‍ സ്ഥലം അധികമായി ലഭ്യമാകും. അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ വളര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പദ്ധതി അന്താരാഷ്ട്ര ബാങ്കുകള്‍, ഫണ്ടുകള്‍, ആഗോള ബ്രാന്‍ഡിങ് ഓഫിസുകള്‍ എന്നിവയെ അബൂദബിയിലേക്ക് ആകര്‍ഷിക്കും. 2030ഓടെ പദ്ധതി പൂർത്തിയാകും

 

പ്രൊജക്ട് സ്റ്റാര്‍ഗേറ്റ്: ആഗോള എ.ഐ. ഭൂപടത്തില്‍ അബൂദബി

ഗ്രൂപ്പ് 42 (ജി42) നേതൃത്വം നല്‍കുന്ന 'പ്രൊജക്ട് സ്റ്റാര്‍ഗേറ്റ്' യു.എ.ഇയിലെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക അടിസ്ഥാന സൗകര്യ പദ്ധതിയാണ്. ആഗോള സാങ്കേതിക ഭീമന്മാരായ ഓപണ്‍ എ.ഐ., മൈക്രോസോഫ്റ്റ്, എന്‍വിഡിയ, സിസ്‌കോ എന്നിവയുടെ സഹകരണത്തോടെ, 40 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ അബൂദബിയില്‍ ഒരുങ്ങുന്ന യു.എസ്-യു.എ.ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമ്പസിന്റെ ഭാഗമാണിത്. ലോകത്തെ ഏറ്റവും വലിയ നിര്‍മിത ബുദ്ധി ഇന്‍ഫ്രാസ്ട്രക്ചര്‍ ക്ലസ്റ്ററുകളില്‍ ഒന്നാകാന്‍ പോകുന്ന ഈ പദ്ധതി യു.എ.ഇയെ ആഗോള എ.ഐ സമ്പദ് വ്യവസ്ഥയുടെ നേതൃസ്ഥാനത്തേക്ക് എത്തിക്കും. ആദ്യഘട്ടം 2030ഓടെ പൂർത്തിയാകും.

പാം ജബല്‍ അലി: തീരദേശ വികസനത്തിലെ തുടര്‍ വിസ്മയം

ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി നഖീല്‍ വികസിപ്പിക്കുന്ന പാം ജബല്‍ അലി, ദുബൈയുടെ തീരപ്രദേശത്തിന്റെ നീളം 110 കിലോമീറ്ററോളം വര്‍ധിപ്പിക്കും. 35000ത്തിലധികം കുടുംബങ്ങള്‍ക്ക് താമസ സൗകര്യവും 80ലധികം അത്യാധുനിക ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ ഉയരും. വിനോദസഞ്ചാര മേഖലക്കും അത്യാഡംബര റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കും വലിയ കുതിപ്പേകുന്ന ഈ പ്രൊജക്ട് 2030ൽ പൂർത്തിയാകും. ദുബൈയുടെ ഭാവി ജനസംഖ്യാ വളര്‍ച്ചയെയും സാമ്പത്തിക ലക്ഷ്യങ്ങളെയും മുന്‍നിര്‍ത്തിയാണിത് രൂപകല്‍പന ചെയ്തിരിക്കുന്നത്.

 

ഡിസ്‌നി റിസോര്‍ട്ട് അബൂദബി: കുടുംബങ്ങള്‍ക്കായുള്ള ആഗോള വിനോദകേന്ദ്രം

അബൂദബിയെ സമ്പൂര്‍ണ ഫാമിലി ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ പോകുന്ന പദ്ധതിയാണ് ഡിസ്‌നി റിസോര്‍ട്ട്. ഏകദേശം 700 കോടി ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ വിനോദകേന്ദ്രം അബൂദബിയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ വന്‍ വര്‍ധന സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. 2030ൽ പദ്ധതി പുർണമാകും. നിലവിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും പുറമെ ആഗോള ബ്രാന്‍ഡിലുള്ള ഈ പ്രൊജക്ട് കൂടി എത്തുന്നതോടെ റീടെയ്ല്‍, ഹോസ്പിറ്റാലിറ്റി, തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കും.

 

Tags:    
News Summary - Wonder.. Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.