മുംബൈയോ ഡൽഹിയോ അല്ല; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടുംബ വരുമാനമുള്ള നഗരം ഇതാണ്

ബംഗളൂരു: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടുംബ വരുമാനമുള്ള നഗരം ഏതെന്നറിയാമോ? ബംഗളൂരുവാണ്. തൊട്ടുപിന്നിൽ ചണ്ഡീഗഡും മൂന്നാമതായി ഡൽഹിയും അഞ്ചാം സ്ഥാനത്ത് മുംബൈയുമുണ്ട്. എക്സിൽ ഈ പട്ടിക പങ്കുവെച്ചതാണ് ഈ കണക്കുകൾ. 2025-26 വർഷത്തെ PRICE-ന്റെയും ടാറ്റ സൺസ് റിസർച്ചിന്റെയും പഠനം പേ.ടി.എം സ്ഥാപകൻ വിജയ് ശേഖർ ശർമ എക്സിൽ പങ്കു വെക്കുകയായിരുന്നു .

പട്ടികയിൽ മുന്നിൽ ബംഗളൂരു

ഇന്ത്യയിലെ 18 നഗരങ്ങളിലെ ശരാശരി കുടുംബ വാർഷിക വരുമാനമാണ് ഈ പട്ടികയിൽ താരതമ്യം ചെയ്തിരിക്കുന്നത്. പ്രതിവർഷം ഏകദേശം 28 ലക്ഷം രൂപ ശരാശരി കുടുംബ വരുമാനവുമായി ബംഗളൂരു പട്ടികയിൽ ഒന്നാമതെത്തി. ഏതാണ്ട് തുല്യമായ വരുമാനവുമായി ചണ്ഡീഗഡ് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.

മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിലെ ശരാശരി കുടുംബ വരുമാനം ഏകദേശം 26 ലക്ഷം രൂപയാണ്. നാലാം സ്ഥാനത്ത് വഡോദരയും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായിരിന്നിട്ടു കൂടി 25 ലക്ഷം രൂപ ശരാശരി വരുമാനവുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്. വലിയ മെട്രോ നഗരങ്ങളിൽ മാത്രമല്ല, ശക്തമായ വ്യവസായ, സാങ്കേതിക, സേവന മേഖലകളുള്ള നഗരങ്ങളിലും വരുമാനം വർധിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ആദ്യ അഞ്ച് സ്ഥാനങ്ങൾക്ക് ശേഷം, നഗരങ്ങൾ തമ്മിലുള്ള വരുമാന അന്തരം വളരെ കുറവാണ്. പുനെ, തിരുവനന്തപുരം, സൂററ്റ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ ശരാശരി കുടുംബ വരുമാനം പ്രതിവർഷം ഏകദേശം 22 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെയാണ്. കോയമ്പത്തൂർ 20 ലക്ഷം രൂപ ശരാശരി വരുമാനത്തോടെ തൊട്ടുപിന്നിലുണ്ട്. അഹമ്മദാബാദ്, കൊച്ചി, ചെന്നൈ എന്നിവ ഏകദേശം 19 ലക്ഷം രൂപ വരുമാനവുമായി പരസ്പരം അടുത്ത് നിൽക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ പോലും സമാനമായ വരുമാന നിലവാരമാണ് കാണാൻ കഴിയുന്നത്.

പട്ടികയിലെ മറ്റ് നഗരങ്ങൾ

തിരപ്പൂർ, ജയ്പൂർ, ലഖ്‌നോ, കൊൽക്കത്ത, മധുര, റാഞ്ചി, ഛത്രപതി സംഭാജിനഗർ എന്നിവയാണ് പട്ടികയുടെ രണ്ടാം പകുതിയിലുള്ളത്. ഈ നഗരങ്ങളിലെ ശരാശരി കുടുംബ വരുമാനം വർഷത്തിൽ ഏകദേശം 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ്. ഈ നഗരങ്ങൾ പട്ടികയിൽ താഴെയാണെങ്കിലും, രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ കുടുംബ വരുമാനം വർധിക്കുന്നുണ്ടെന്നും ഇത് സാമ്പത്തിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സാങ്കേതികവിദ്യ, സേവനം, നിർമാണം, ബിസിനസ് എന്നീ മേഖലകളിൽ വളർച്ച കൈവരിച്ച നഗരങ്ങളുടെ മികച്ച വരുമാന ശേഷിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്. വലിയ സാങ്കേതിക വ്യവസായ മേഖലയാണ് ബംഗളൂരുവിനെ ഒന്നാമതെത്തിച്ചത്. താരതമ്യേന ചെറിയ നഗരമാണെങ്കിലും ഉയർന്ന വരുമാനമാണ് ചണ്ഡീഗഡിനെ തുണച്ചത്. ഡൽഹിയും മുംബൈയും ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളായി തുടരുമ്പോഴും, മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഈ വളർച്ചയെന്ന് റാങ്കിങ് കാണിക്കുന്നു. വഡോദരയും പുനെയും പോലുള്ള നഗരങ്ങൾ ഉയർന്ന സ്ഥാനം നേടിയത് മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. 

Tags:    
News Summary - the city has highest family income in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.