നൂറിയൽ റൂബിനി

യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ വളർച്ച ഒമ്പത് ശതമാനത്തിലെത്തണം; ഇന്ത്യക്ക് മുന്നറിയിപ്പുമായി ‘ഡോ. ഡൂം’

ന്യൂഡൽഹി: ഇന്ത്യയിൽ യുവാക്കൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വളർച്ചാ നിരക്ക് ഒമ്പത് ശതമാനത്തോടടുത്തെത്തണമെന്ന് സാമ്പത്തിക വിദഗ്ധൻ നൂറിയൽ റൂബിനി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി പ്രവചിച്ചതിലൂടെ ‘ഡോ. ഡൂം’ എന്നറിയപ്പെടുന്ന നൂറിയൽ റൂബിനി, നിർമിതബുദ്ധി (എ.ഐ) തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണി, കഴിവുറ്റ മനുഷ്യവിഭവശേഷി, സാമ്പത്തിക അടിത്തറ, ആഗോള വിപണിയിലേക്കുള്ള തുറന്ന സമീപനം എന്നിവ ദീർഘകാല വളർച്ചക്ക് അനുകൂലമാണെങ്കിലും നിലവിലെ ഏഴ് ശതമാനം വളർച്ച മാത്രം മതിയാകില്ലെന്നും യുവാക്കൾക്ക് മികച്ച തൊഴിലുകൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വളർച്ച ഒമ്പത് ശതമാനത്തോടടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ പരിഷ്കാരങ്ങളിലൂടെ വളർച്ച എട്ട് ശതമാനത്തിന് മുകളിലെത്തിക്കാനാകുമെന്നും റൂബിനി അഭിപ്രായപ്പെട്ടു.

ആഗോള വിതരണശൃംഖലകളിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യക്ക് നേട്ടമാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ചൈനയെ ആശ്രയിക്കുന്നത് കുറച്ച് മറ്റു രാജ്യങ്ങളിലേക്കും ഉൽപാദനം വ്യാപിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനാകും. ഇലക്ട്രോണിക്സ്, വാഹന നിർമാണം, സെമികണ്ടക്ടർ അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കാനുള്ള സാധ്യതയും ഉണ്ട്. ഇന്ത്യയുടെ വലിയ വിപണിയും തൊഴിലാളികളുടെ ലഭ്യതയും ഇതിന് അനുകൂല ഘടകങ്ങളാണ്.

ജനസംഖ്യയിലുണ്ടാകുന്ന വർധന മാത്രം സാമ്പത്തിക നേട്ടമായി മാറില്ലെന്നും യുവാക്കൾക്ക് മതിയായ തൊഴിലുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്സ്, വാഹന നിർമാണം, തുണിത്തര വ്യവസായം തുടങ്ങിയ മേഖലകളുടെ വളർച്ച വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി. അമേരിക്കയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നതും ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് റൂബിനി പ്രതീക്ഷിക്കുന്നു.

2006ൽ അമേരിക്കയിലെ ഭവനവായ്പാ മേഖലയിലെ അപകടസാധ്യതകളും ഉയർന്ന ഗാർഹിക കടബാധ്യതയും ചൂണ്ടിക്കാട്ടി വലിയ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ചതോടെയാണ് റൂബിനിക്ക് ‘ഡോ. ഡൂം’ എന്ന വിശേഷണം ലഭിച്ചത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി അദ്ദേഹത്തിന്റെ മുന്നറിയിപ്പിന് വലിയ ശ്രദ്ധ നൽകി.

Tags:    
News Summary - India Needs Nine Percent Growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.