പ്രതിസന്ധികൾക്കിടെ ആർ.ബി.ഐ നയ അവലോകന യോഗം; തീരുമാനങ്ങൾ നാളെ പുറത്തുവിടും

ന്യൂഡൽഹി: ആഗോള സമ്മർദ്ദങ്ങൾ നേരിടുന്നതിനിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർണായക മോണിറ്ററി പോളിസി കമ്മിറ്റി യോഗം ( നയ അവലോകന യോഗം). തിങ്കളാഴ്ച ആരംഭിച്ച യോഗത്തിന്റെ തീരുമാനങ്ങൾ നാളെ പുറത്തുവിടും. ആഗോള പ്രതിസന്ധിയു​ടെ സാഹചര്യത്തിൽ നിരക്ക് വർധന ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽതന്നെ നിലനിർത്തിയേക്കും.

അസംസ്കൃത എണ്ണവിലയുടെ വർധന, രൂപയുടെ മൂല്യത്തിലെ ഇടിവ്, പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയവയാണ് പ്രധാന വെല്ലുവിളി. കൂടാതെ ഇന്ധന, ഊർജ ചെലവ് കുത്തനെ ഉയരുന്നതും പല മേഖലകളെയും തളർത്തുന്നുണ്ട്. ഇത് ഗതാഗതം മുതൽ പലചരക്ക് സാധനങ്ങൾ വരെയുള്ള ദൈനംദിന ചെലവുകൾ കൂടുതൽ ഭാരിച്ചതാക്കി. ഇതും ആർ.​ബി.ഐയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാൽ വളർച്ചയെ ബാധിക്കാതെ പണപ്പെരുപ്പം നിയന്ത്രിക്കേണ്ട സാഹചര്യമാണ് നിലവിൽ. കാലാവസ്ഥ വ്യതിയാനം കാർഷിക ഉൽപ്പാദനത്തെ ബാധിച്ചാൽ അത് പണപ്പെരുപ്പത്തിൽ വീണ്ടും ചാഞ്ചാട്ടങ്ങൾ സൃഷ്ടിച്ചേക്കാ​മെന്ന ആശങ്കയും ആർ.​ബി.ഐക്കുണ്ട്. ആഗോള പ്രതിസന്ധികൾ കയറ്റുമതിയെയും സ്വകാര്യ നിക്ഷേപത്തെയും ബാധിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ആർ‌.ബി.‌ഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും കടം വാങ്ങുന്നവർ ഉടനടി ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു. റിപ്പോ നിരക്ക് നിലനിർത്താനുള്ള തീരുമാനം ഭവനവായ്പ ചെലവുകൾ വർധിപ്പിക്കുന്നതിന് കാരണമാകും. ഇ.എം.​ഐ പെ​ട്ടെന്ന് കൂടില്ലെങ്കിലും വായ്പ ലഭിക്കുന്നതിന് കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാമെന്നും വിദഗ്ധർ പറയുന്നു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സമ്പദ്‍വ്യവസ്ഥയെ സുരക്ഷിതമായി മുന്നോട്ടുനയിക്കുന്നതിനുള്ള നയപ്രഖ്യാപനമാണ് ആർ.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്.  

Tags:    
News Summary - RBI policy decision tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.