ആശുപത്രിയിൽ കിടക്കാതെ വരുന്ന 15,000 രൂപയുടെ ഒ.പി.ഡി ബില്ലിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?

ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ഡോക്ടറെ കാണുന്നതിനും പരിശോധനകൾക്കും മരുന്നുകൾക്കുമായി ചെലവാക്കിയ 15,000 രൂപ ഹെൽത്ത് ഇൻഷുറൻസ് പരിധിയിൽ വരുമോ എന്നതാണ് സംശയം. 

ആക്ടീവായ പോളിസി ഉണ്ടെങ്കിൽ കൺസൾട്ടേഷനുകൾ, മരുന്നുകൾ, ലബ് ടെസ്റ്റുകൾ, സ്കാനുകൾ തുടങ്ങിയ എല്ലാ മെഡിക്കൽ ചെലവുകളും ഇൻഷുറൻസ് കമ്പനി തനിയെ നൽകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. നിങ്ങളുടെ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങളെ ആശ്രയിച്ചായിരിക്കും കവറേജ് ലഭിക്കുന്നത്.

പരമ്പരാഗതമായി ഇന്ത്യയിലെ മിക്ക ഹെൽത്ത് പ്ലാനുകളും ആശുപത്രി വാസം ലക്ഷ്യമിട്ടുള്ളവയാണ്. അതായത്, ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി ചികിത്സ തേടുമ്പോൾ മാത്രമാണ് സാധാരണയായി പോളിസി തുക ലഭിക്കുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്നതിന് തൊട്ടുമുമ്പോ അതിനുശേഷമോ വരുന്ന ചെലവുകൾ ചില പ്ലാനുകൾ റീഇംബേഴ്‌സ് ചെയ്യാറുണ്ടെങ്കിലും സാധാരണ ഒ.പി ചികിത്സകൾ ഇതിൽ ഉൾപ്പെടാറില്ല.

ആശുപത്രിയിൽ അഡ്മിറ്റ് ആകാതെ ഔട്ട്പേഷ്യന്‍റ് അടിസ്ഥാനത്തിലാണ് ചികിത്സ തേടുന്നതെങ്കിൽ ആ ചെലവുകൾ സാധാരണയായി ഒ.പി.ഡി (OPD - Outpatient Department) ചെലവുകളായാണ് കണക്കാക്കുന്നത്. നിങ്ങളുടെ പ്ലാനിൽ പ്രത്യേകമായി ഒ.പി.ഡി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ഡോക്ടറുടെ ഫീസ്, ഫാർമസി ബില്ലുകൾ, രക്തപരിശോധനകൾ, സ്കാനുകൾ എന്നിവ പരമ്പരാഗത പോളിസികൾ കവർ ചെയ്യാറില്ല.

എന്നാൽ നിലവിൽ നിരവധി ഇൻഷുറൻസ് കമ്പനികൾ ഒ.പി.ഡി ചെലവുകൾ കവർ ചെയ്യുന്ന പ്ലാനുകളോ ആഡ്-ഓണുകളോ നൽകുന്നുണ്ട്. കൺസൾട്ടേഷനുകൾ, കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, ടെലി കൺസൾട്ടേഷനുകൾ, പ്രിവന്റീവ് ചെക്കപ്പുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവയ്ക്ക് വാർഷിക പരിധികളും (annual limits), നിബന്ധനകളും, കൃത്യമായ രേഖകളും ആവശ്യമാണ്. കൂടാതെ നെറ്റ് വർക്ക് പ്രൊവൈഡർമാർക്കോ അംഗീകൃത ക്ലിനിക്കുകൾക്കോ ​​മാത്രമായി ഈ പരിരക്ഷ ചുരുങ്ങിയേക്കാം.

നിങ്ങൾ പതിവായി ഡോക്ടർമാരെ സന്ദർശിക്കുകയോ, വിട്ടുമാറാത്ത രോഗങ്ങൾ (chronic conditions) ഉള്ളവരോ ആണെങ്കിൽ ഒ.പി.ഡി ഉൾക്കൊള്ളുന്ന പ്ലാനോ റൈഡറോ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ക്ലെയിം നടപടികൾ എളുപ്പമാക്കാൻ എല്ലാ കുറിപ്പടികളും ഇൻവോയ്സുകളും ഫാർമസി ബില്ലുകളും ഡയഗ്നോസ്റ്റിക് റിപ്പോർട്ടുകളും കൃത്യമായി സൂക്ഷിക്കുക. ചികിത്സക്ക് പോകുന്നതിന് മുൻപ് ഒ.പി.ഡി പരിധികളും നിബന്ധനകളും പോളിസി രേഖകളിൽ പരിശോധിക്കുന്നത് അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

Tags:    
News Summary - Will health insurance cover an OPD bill of Rs. 15,000 without a hospital stay?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.