എട്ടാം ശമ്പള കമീഷൻ നടപ്പാകുന്നത്‍ വരെ ഡി.എ, എച്ച്.ആർ.എ, ടി.എ എന്നിവ വർധിച്ചുകൊണ്ടേയിരിക്കുമോ?

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർ ഏറ്റവും ഒടുവിലായി ഡിയർനെസ് അലവൻസ്(ഡി.എ) പ്രഖ്യാപിച്ചത് 2025 ജൂലൈ ഒന്നിനാണ്. അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തോളമായി ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ. ഇതിനകം തന്നെ എട്ടാം ശമ്പള കമീഷൻ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അതിന്റെ ടേംസ് ഓഫ് റഫറൻസിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. എട്ടാം ശമ്പള കമീഷൻ പ്രാബല്യത്തിൽ വരാൻ വൈകുന്നതിന് പ്രധാന കാരണം ഈ ടേംസ് ഓഫ് റഫറൻസ് ആയിരുന്നു.

പുതുക്കിയ ശമ്പള ഘടനയെയും മറ്റ് നഷ്ടപരിഹാര ഘടകങ്ങളെയും കുറിച്ചുള്ള ശിപാർശകൾ സമർപ്പിക്കാൻ കമീഷന് 18 മാസത്തെ സമയപരിധി നൽകുന്നു. കേന്ദ്രസർക്കാർ ജീവനക്കാർക്കൊപ്പം 69 ലക്ഷം വരുന്ന പെൻഷൻകാർക്കും ഏറെ ഗുണകരമാകുന്ന ഒന്നാണ് എട്ടാം ശമ്പള കമീഷൻ. കേന്ദ്രജീവനക്കാരുടെ ശമ്പളം വർധിക്കുമ്പോൾ, പെൻഷൻകാരുടെ ആനുകൂല്യങ്ങളിലും മാറ്റം വരും.

എട്ടാം ശമ്പള കമീഷൻ നടപ്പാക്കിയ തീയതി പരിഗണിക്കാതെ തന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2026 ജനുവരി 1 മുതൽ അവരുടെ കുടിശ്ശിക നൽകും.

ഈ സാഹചര്യത്തിൽ ചില ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. അതായത് എട്ടാം ശമ്പള കമീഷൻ നടപ്പാകുന്നത് വരെ ജീവനക്കാരുടെ ഡി.എ, എച്ച്.ആർ.എ, ടി.എ എന്നിവ വർധിച്ചുകൊണ്ടേയിരിക്കുമോ എന്നതാണ് അതിൽ ഏറ്റവും പ്രധാന ചോദ്യം. 2025 ഡിസംബർ 31നു ശേഷം ഈ അലവൻസുകളിൽ വർധന ഉണ്ടാകില്ലേ എന്നും ചോദ്യമുയരാം. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എയുടെയും മറ്റ് ശമ്പള വർധനവിന്റെയും വിവിധ സൂക്ഷ്മതകളെക്കുറിച്ച് നെക്സ്ഡിഗം പേറോൾ സർവീസസ് ഡയറക്ടർ രാമചന്ദ്രൻ കൃഷ്ണമൂർത്തിയും ഓൾ ഇന്ത്യ എൻ.പി.എസ് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ് മഞ്ജീത് സിങ് പട്ടേലും ഈ സംശയങ്ങൾക്ക് മറുപടി നൽകുകയാണ്.

എട്ടാം ശമ്പള കമീഷന്റെ ശിപാർശകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ലാത്തതിനാൽ നിലവിലുള്ള ഏഴാം ശമ്പള കമ്മീഷൻ അടിസ്ഥാന ശമ്പളത്തിൽ ഡി.എ വർധനവ് കണക്കാക്കുന്നത് തുടരുമെന്നാണ് കൃഷ്ണമൂർത്തി പറയുന്നത്. എട്ടാം ശമ്പള കമ്മീഷൻ 18 മാസ കാലയളവിൽ നടപ്പിലാക്കുകയാണെങ്കിൽ, ആ സമയത്ത് നിലവിലുള്ള 58 ശതമാനം ഡി.എയിൽ നിന്ന് എത്ര ഡി.എ പരിഷ്കരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ് അടുത്ത ചോദ്യം. വർഷത്തിൽ രണ്ടുതവണയാണ് ഡി.എ പരിഷ്‍കരണം നടക്കുന്നത്. അതു തുടരുമെന്നും കൃഷ്ണമൂർത്തി പറയുന്നു. അങ്ങനെ വരുമ്പോൾ എട്ടാം ശമ്പള കമീഷൻ നടപ്പായതിനു ശേഷം വരുന്ന ആദ്യ പരിഷ്‍കരണത്തിന് ശേഷം ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 61 ശതമാനമായിരിക്കും. രണ്ടാമത്തെ വർധനവിന്​ ശേഷം ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 64 ശതമാനമാകും. മൂന്നാമത്തെ വർധനവിന് ശേഷം ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 67 ശതമാനമാകും. പതിവു പോലെ ഓരോ ആറുമാസം കൂടുമ്പോഴും ഡി.എ വർധിക്കുന്നത് തുടരുമെന്നാണ് പട്ടേലും പറയുന്നത്.

എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ 18 മാസത്തിനുള്ളിൽ നടപ്പിലാക്കിയാൽ മൂന്നു ഗഡു വർധനവ് കഴിഞ്ഞ് പിന്നീട് വരുന്ന ഗഡു കേന്ദ്രസർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവുമായി ഡി.എ ലയിപ്പിക്കും.അത് എട്ടാം ശമ്പള കമ്മീഷന്റെ അടിസ്ഥാന ശമ്പളമായി മാറും.

Tags:    
News Summary - Will DA, HRA, TA and other allowances continue to rise till 8th Pay Commission recommendations come into effect?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.