ഒരു പുതുവത്സരം കൂടി പിറന്നിരിക്കുന്നു. 2026 നെ നിങ്ങളുടെ മികച്ച സാമ്പത്തിക വർഷമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ വർഷം കൂടുതൽ സമ്പാദിക്കാനോ, നിക്ഷേപിക്കാനോ, പണം ചെലവാക്കുന്നത് നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന ഏഴ് കാര്യങ്ങൾ നിങ്ങളെ സഹായിക്കും.
ഈ വർഷം പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് പോയവർഷത്തിലെ സാമ്പത്തിക ഇടപാടുകൾ അവലോകനം ചെയ്യേണ്ടതുണ്ട്. 2025 ലെ നിങ്ങളുടെ ചെലവുകൾ, സമ്പാദ്യം, നിക്ഷേപം എന്നിവ പരിശേധിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ അമിതമായി ചെലവഴിച്ച മേഖലകളും ചെലവുകൾ നന്നായി നിയന്ത്രിച്ച മേഖലകളും തിരിച്ചറിയുക. പുതുവർഷത്തിൽ യാഥാർഥ്യബോധത്തോടെ കൈവരിക്കാനാവുന്ന ലക്ഷ്യങ്ങൾ സജ്ജീകരിക്കാൻ ഇതു സഹായിക്കും.
സാമ്പത്തിക സുരക്ഷക്ക് അത്യാവശ്യമായ ഘടകമാണ് എമർജൻസി ഫണ്ട്. അപ്രതീക്ഷിത സാഹചര്യങ്ങൾക്ക് വേണ്ടി മാത്രം നീക്കിവെക്കുന്ന കരുതൽ ധനമാണിത്. നിങ്ങളുടെ സാഹചര്യങ്ങൾ, സ്ഥിര വരുമാനം, ജീവിതശൈലി എന്നിവയെ ആശ്രയിച്ചാണ് എമർജൻസി ഫണ്ടിന് വേണ്ടി എത്ര രൂപ നീക്കിവെക്കണമെന്ന് തീരുമാനിക്കുന്നത്.
മൂന്ന് മുതൽ ആറ് മാസം വരെയുള്ള ജീവിതച്ചെലവുകൾക്ക് ആവശ്യമായ പണം കരുതി വെക്കുകയെന്നതാണ് പൊതുവേയുള്ള നിർദേശം. വരുമാനം നിലച്ചാലും നിശ്ചിത കാലത്തേക്ക് കടം വാങ്ങാതെ ജീവിക്കാൻ കഴിയണം. എമർജൻസി ഫണ്ട് ഇതുവരെ കരുതിവെക്കാത്തവർക്ക് ആരംഭിക്കാൻ അനുയോജ്യമായ മാസമാണിത്.
സാമ്പത്തിക അച്ചടക്കത്തിന്റെ നട്ടെല്ലാണ് പ്രതിമാസ ബജറ്റ്. ആവശ്യങ്ങൾ, സമ്പാദ്യം, നിക്ഷേപങ്ങൾ, ചെലവുകൾ എന്നിവക്ക് പണം മാറ്റിവെക്കുക. നിങ്ങളുടെ വരുമാനവും ചെലവുകളും കാര്യക്ഷമമായി ട്രാക്ക് ചെയ്യുന്നതിന് ബജറ്റിങ് ആപ്പുകളോ സ്പ്രെഡ്ഷീറ്റുകളോ ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് പോളിസികൾ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇൻഷൂറൻസ് കവറേജ് നിങ്ങളുടെ നിലവിലെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് ചെലവുകൾ ലാഭിക്കാനും മികച്ച പരിരക്ഷ ഉറപ്പാക്കാനും സഹായിക്കും.
മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, സ്ഥിര നിക്ഷേപങ്ങൾ, സ്വർണം തുടങ്ങിയ വിവിധ ആസ്തികളിലെ നിങ്ങളുടെ നിക്ഷേപങ്ങൾ വിലയിരുത്തുക. റിസ്ക് എടുക്കാനുള്ള ശേഷിയും സാമ്പത്തിക ലക്ഷ്യങ്ങളുമായി പോർട്ട്ഫോളിയോ സന്തുലിതമാക്കുക. പുതിയ നിക്ഷേപകർക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ (എസ്.ഐ.പി) ആരംഭിക്കുന്നതിന് 2026 ഒരു മികച്ച തുടക്കമാണ്.
ആദായ വകുപ്പ് നിയമത്തിലെ 80സി, 80ഡി എന്നിവക്ക് കീഴിൽ നികുതി കിഴിവ് ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുക. വർഷത്തിന്റെ തുടക്കത്തിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ വരുമാനം പരമാവധി വർധിപ്പിക്കും. മാത്രമല്ല വർഷാവസാനം സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കും.
നിങ്ങളുടെ സ്കോർ അവലോകനം ചെയ്ത് പൊരുത്തക്കേടുകൾ പരിഹരിക്കുക. വായ്പകളും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കുന്നതിനെ ഏറ്റവും ബാധിക്കുന്നതാണ് ക്രെഡിറ്റ് സ്കോർ. കുടിശ്ശിക അടക്കുന്നതും ക്രെഡിറ്റ് വിനിയോഗം കുറക്കുന്നതും കാലക്രമേണ നിങ്ങളുടെ സ്കോർ വർധിപ്പിക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.