നിക്ഷേപകരെ സൂക്ഷിച്ചോളൂ; മ്യൂച്ച്വൽ ഫണ്ട് കൃത്യസമയത്ത് നിർത്തിയില്ലെങ്കിൽ നഷ്ടമാകും

മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം ഒരു ട്രെൻഡാണ്. ദീർഘകാല നിക്ഷേപത്തിലൂടെ മ്യൂച്ച്വൽ ഫണ്ടുകളിൽനിന്ന് വൻ ലാഭം ​നേടാൻ കഴിയാറുണ്ട്. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് ഏറ്റവും മികച്ച ഒപ്ഷനാണ് മ്യൂച്ച്വൽ ഫണ്ടുകൾ. നിക്ഷേപത്തിന് യോജിച്ച ഓഹരികൾ തിരഞ്ഞെടുക്കുന്നത് മ്യൂച്ച്വൽ ഫണ്ടുകളിലെ വിദഗ്ധരായതിനാൽ ഒന്നും പേടിക്കാനില്ല. പക്ഷെ, മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം തുടങ്ങുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവസാനിപ്പിക്കുന്നതും. കൃത്യസമയത്ത് വിൽപന നടത്തിയില്ലെങ്കിൽ ലാഭം കുറയാം. മാത്രമല്ല, വൈകാരികമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിക്ഷേപം അവസാനിപ്പിക്കുന്നത് നഷ്ടത്തിന് ഇടയാക്കുമെന്നും മ്യൂച്ച്വൽ ഫണ്ട് വിദഗ്ധനായ വിശ്വജിത് പരാശർ പറയുന്നു.

അവസാനിപ്പിക്കാനുള്ള ബെസ്റ്റ് സമയം

ഉദ്ദേശിച്ച സാമ്പത്തിക ലക്ഷ്യം നേടുന്നതിന് ആറ് മാസം മുമ്പ് മ്യൂച്ച്വൽ ഫണ്ടുകളിൽനിന്ന് പണം പിൻവലിച്ച് തുടങ്ങാം. നിക്ഷേപം പിൻവലിക്കാൻ കൃത്യമായ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കരുത്. പകരം ഇടക്കിടെ ലാഭമെടുക്കാം. അവസാന നിമിഷങ്ങളിൽ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. 

മ്യൂച്ച്വൽ ഫണ്ടുകളിൽനിന്ന് പണം ക്രമേണ, ഘട്ടംഘട്ടമായി പിൻവലിക്കുന്നതാണ് നിക്ഷേപകന് നല്ലതെന്ന് പറയാൻ ഒരു കാരണമുണ്ട്. വിപണിക്ക് പെട്ടെന്ന് വൻ ഇടിവ് നേരിട്ടാൽ കനത്ത ​നഷ്ടമുണ്ടാകാതെ രക്ഷപ്പെടാമെന്നതാണ് ഇടക്കിടെ ലാഭമെടുക്കുന്നതിന്റെ ഗുണം. ഓരോ ഘട്ടത്തിലും ലാഭത്തിൽനിന്ന് 20 മുതൽ 25 ശതമാനം വരെ പിൻവലിക്കാം. അവശേഷിക്കുന്ന നിക്ഷേപ തുക വളരാൻ വിടുക.

ഭൂരിഭാഗം നിക്ഷേപകരും മാർക്കറ്റ് ഇടിയുമ്പോൾ പരിഭ്രാന്തരാകുന്നവരാണ്. ​​ഇടക്കിടെ വിപണിയിലുണ്ടാകുന്ന ഇടിവിനെ ആശ്രയിച്ചാകരുത് പ്രോഫിറ്റ് ബുക്കിങ് അഥവാ ലാഭമെടുപ്പ്. രണ്ടോ മൂന്നോ ദിവസം വിപണിയിലുണ്ടാകുന്ന മുന്നേറ്റവും ഇടിവും കാര്യമാക്കണ്ടതില്ല.

ലാഭം കാലക്രമേണ കൂടുതൽ ലാഭം നേടിത്തരികയും സമ്പത്ത് വേഗത്തിൽ വളരാനും സഹായിക്കുന്നതാണ് മ്യൂച്ച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി). അതുകൊണ്ട് ഒരു വർഷം പൂർത്തിയാകും മുമ്പ് എസ്.ഐ.പി പിൻവലിച്ചാൽ പിഴ നൽകേണ്ടി വരും. എസ്.ഐ.പിയിൽ മികച്ച ലാഭം നേടാൻ കൂടുതൽ വർഷം കാത്തിരിക്കണം. മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ ഓഹരി നിക്ഷേപം എപ്പോൾ, എങ്ങനെ പിൻവലിക്കണമെന്ന് (റിഡീം) തീരുമാനിക്കേണ്ടത് വികാരങ്ങളോ വിപണിയുടെ ചാഞ്ചാട്ടമോ അല്ല. മറിച്ച് പ്രായോഗികവും യുക്തിസഹവുമായ സാമ്പത്തിക ഘടകങ്ങൾ മാത്രമാണ്.

വേറിട്ട ആസ്തികൾ തിരഞ്ഞെടുക്കാം

ഓഹരി വിപണിയിൽ മറ്റുള്ളവർ വാങ്ങിക്കൂട്ടുമ്പോൾ നമ്മൾ വിൽക്കണം. മറ്റുള്ളവർ വിൽക്കുമ്പോൾ നമ്മൾ വാങ്ങണം, അങ്ങനെയാണ് ലോക പ്രശസ്തനായ ഓഹരി നിക്ഷേപകൻ വാറൻ ബഫറ്റ് പറഞ്ഞത്. അതേസമയം, ഓഹരി ഫണ്ടുകളിൽ മാത്രം നിക്ഷേപം ഒതുക്കരുത്. പകരം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യവും പ്രായവും പരിഗണിച്ച് സ്വർണം, കടപ്പത്രങ്ങൾ എന്നിവയിലേക്കും നിക്ഷേപം വ്യാപിപ്പിക്കണം.

ഉദാഹരണത്തിന്, 10 ലക്ഷം രൂപ നിക്ഷേപിക്കുന്ന 50 വയസ്സുള്ള ഒരാൾ 50 ശതമാനം ഓഹരികളിലും 40 ശതമാനം കടപ്പത്രങ്ങൾക്കും 10 ശതമാനം സ്വർണത്തിനും നീക്കിവെക്കണം. മികച്ച വളർച്ച കൈവരിച്ച ആസ്തികളിൽനിന്ന് ലാഭമെടുക്കാനും ഇടിവ് നേരിട്ട ആസ്തികളിൽ കൂടുതൽ നിക്ഷേപിക്കാനും ഈ റീബാലൻസിങ് (വ്യത്യസ്തമായ ആസ്തികളിൽ നിക്ഷേപിക്കുന്ന തന്ത്രം) സഹായിക്കും.

15 മുതൽ 20 ശതമാനം വരെ വളർച്ച കൈവരിച്ചാൽ ഓഹരികൾ കുറച്ച് വിൽപന നടത്തി വളരാൻ സാധ്യതയുള്ള മറ്റു ആസ്തികളിലേക്ക് മാറ്റാം. എല്ലാ വർഷവും ചുരുങ്ങിയത് ഒരു തവണ​യെങ്കിലും പോർട്ട്ഫോളിയോയുടെ വളർച്ച പരിശോധിക്കണം. മറ്റു സമാന ഫണ്ടുകളെ അപേക്ഷിച്ച് നിങ്ങളുടെ ഫണ്ട് കനത്ത നഷ്ടമാണോ നേരിടുന്നതെന്നാണ് ശ്രദ്ധിക്കേണ്ടത്.

Tags:    
News Summary - When should you exit mutual funds? Here is what expert recommends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.