മുംബൈ: ‘നിങ്ങൾ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തുന്നവരാണെങ്കിൽ സൂക്ഷിക്കുക. കാരണം ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിന് ഒരു സുരക്ഷയുമില്ല. അംഗീകാരവും നിയന്ത്രണവുമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നവർ വൻ അപകടത്തിലേക്കാണ് എടുത്തുചാടുന്നത്’ -കഴിഞ്ഞ ദിവസം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകർക്ക് നൽകിയ മുന്നറിയിപ്പാണിത്. സ്വർണ വില റോക്കറ്റ് പോലെ പറന്നതോടെയാണ് ഡിജിറ്റൽ ഗോൾഡ് ഉപഭോക്താക്കൾക്കിടയിൽ ട്രെൻഡായത്. സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് ലോകം കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും രാഷ്ട്രീയ അസ്ഥിരതയുണ്ടായാലും സ്വർണ വില കൂടും. കേൾക്കുമ്പോൾ നല്ല രസമുണ്ടെങ്കിലും ഡിജിറ്റൽ ഗോൾഡ് അങ്ങനെയല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
എന്താണ് ഡിജിറ്റൽ ഗോൾഡ്
ഭൗതിക സ്വർണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ ഗോൾഡ്. സ്വർണം ഭൗതികമായി സൂക്ഷിക്കാതെ ഡിജിറ്റലായി വാങ്ങാനും സൂക്ഷിക്കാനും വിൽക്കാനും കഴിയുമെന്നുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. 2012-13 വർഷമാണ് ഡിജിറ്റൽ ഗോൾഡ് ഇന്ത്യയിൽ തുടങ്ങിയത്.
ഓഗ്‌മോണ്ട് ഗോൾഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള കമ്പനികൾ സ്വർണം ഇറക്കുമതി ചെയ്ത് സൂക്ഷിക്കുകയും ഫോൺപേ പോലെയുള്ള ഫിൻടെക് കമ്പനികൾ നിക്ഷേപകർക്ക് സ്വർണം വാങ്ങാനായി ആപ് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് ഡിജിറ്റൽ ഗോൾഡ് നിക്ഷേപ സംവിധാനം. മാസങ്ങളോളം ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് ഒടുവിൽ 99.9 പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണമാണ് ലഭിക്കുക.
പക്ഷെ, സ്വർണം സംഭരിക്കുന്നതിനും മറ്റും നിക്ഷേപകർക്കുമേൽ പ്രത്യേക ചാർജ് ഈടാക്കും. എം.എം.ടി.സി-പി.എ.എം.പിയാണ് ഡിജിറ്റൽ ഗോൾഡ് രംഗത്തെ ഏറ്റവും വലിയ കമ്പനി. പി.എ.എം.പി എസ്.എ എന്ന സ്വിസ്റ്റർലൻഡിലെ സ്വർണ സംസ്കരണ കമ്പനിയും പൊതുമേഖല സ്ഥാപനമായ എം.എം.ടി.സിയും തമ്മിലുള്ള സംയുക്ത സംരഭമാണിത്. പേടിഎം, ഗൂഗിൾപേ, ഇൻക്രെഡ് മണി, ഫോൺപേ തുടങ്ങിയ ആപ്പുകളിലൂടെയും ഉപയോക്താക്കൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാം. മാത്രമല്ല, തനിഷ്‍ക്, ജോസ് ആലുക്കാസ്, കാരറ്റ് എന്നിവരും ഡിജിറ്റൽ സ്വർണ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ആഭരണങ്ങളോ നാണയങ്ങളോ ബാറുകളോ ആയാണ് ഇവർ നിക്ഷേപകർക്ക് പണം തിരിച്ചുനൽകുക.
ലാഭകരമാണോ ഡിജിറ്റൽ ഗോൾഡ്
ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും താരിഫ് യുദ്ധവും കാരണം സ്വർണ വില സർവകാല റെക്കോഡാണ് ഈ വർഷം കൈവരിച്ചത്. 60 ശതമാനത്തോളം ലാഭം നിക്ഷേപകർക്ക് സ്വർണം നൽകി. റിസർവ് ബാങ്ക് അടക്കമുള്ള സെൻട്രൽ ബാങ്കുകൾ കരുതൽ ധനമായി വൻ തോതിൽ വാങ്ങിക്കൂട്ടിയതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുതിച്ചുയർന്നു. ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപകരുടെ എണ്ണം ഉയർന്നത് പോലെ ഡിജിറ്റൽ ഗോൾഡ് നിക്ഷേപകരുടെ എണ്ണവും വർധിച്ചു. ഈ വർഷം ജനുവരിയിൽ 761.6 കോടി രൂപയായിരുന്നു ഡിജിറ്റൽ ഗോൾഡ് നിക്ഷേപം. സെപ്റ്റംബറോടെ 1410 കോടി രൂപയായി നിക്ഷേപം വർധിച്ചു. അതായത് നിക്ഷേപ തുകയിൽ 85 ശതമാനത്തിന്റെ വളർച്ച. നാഷനൽ പേയ്മെന്റ് കോർപറേഷനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
നിക്ഷേപിക്കാൻ കുറഞ്ഞ പണം മതിയെന്നുള്ളതും തിരിച്ചെടുക്കുമ്പോൾ പണത്തിന് പകരം സ്വർണം ലഭിക്കുമെന്നുള്ളതുമാണ് ഡിജിറ്റൽ ഗോൾഡുകളുടെ ഏറ്റവും വലിയ ആകർഷണം. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽനിന്ന് വ്യത്യസ്തമായി പണം ഭൗതിക സ്വർണമാക്കി മാറ്റാനുള്ള ഓപ്ഷൻ നൽകുന്നതിനാലാണ് നിക്ഷേപകർ ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതെന്ന് ഇൻക്രെഡ് മണി സി.ഇ.ഒ വിജയ് കുപ്പ പറഞ്ഞു.
വളരെ എളുപ്പത്തിൽ പത്തു രൂപ മുതൽ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിച്ചു തുടങ്ങാമെന്നതാണ് പ്രത്യേകത. നിലവിൽ പേടിഎം, ഫോൺപെ, ഗൂഗ്ൾപേ, ആമസോൺപേ തുടങ്ങിയ നിരവധി പ്രമുഖ കമ്പനികളാണ് ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിന് അവസരം നൽകുന്നത്. പല ഫിൻടെക് കമ്പനികളും ഇ-കൊമേഴ്സ് കമ്പനികളും ഉപഭോക്താക്കൾക്ക് റിവാർഡ് നൽകുന്നത് ഡിജിറ്റൽ ഗോൾഡാണ്. ചില ആപ്പുകൾ ഉപഭോക്താക്കളിൽനിന്ന് ചില്ലറ തുക സമാഹരിച്ച് സ്വയം ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാറുണ്ട്. ഉത്സവ സീസണിൽ വൻ തുകയുടെ ഷോപ്പിങ് നടത്തിയാൽ ചില കമ്പനികൾ ഉപഭോക്താക്കൾക്ക് കാശ് ബാക്കായും ഡിജിറ്റൽ ഗോൾഡ് നൽകാറുണ്ട്.
അപകടം ഇവിടെയുണ്ട്
നിക്ഷേപകർ ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കാരണം, ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിൽ റിസർവ് ബാങ്കിന്റെയോ സെബിയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ സ്ഥാപനങ്ങളുടെയോ നിയന്ത്രണമോ നിരീക്ഷണമോ ഇല്ല. ഡിജിറ്റൽ ഗോൾഡ് വാങ്ങിയ സ്ഥാപനം കടക്കെണിയിലാവുകയോ പൂട്ടിപ്പോകുകയോ ചെയ്താൽ നിക്ഷേപകന്റെ പണം നഷ്ടമാകും. എം.എം.ടി.സി-പി.എ.എം.പി പോലെയുള്ള വൻകിട സ്ഥാപനങ്ങൾക്ക് സ്വർണം സംഭരിച്ചുവെച്ചതിന്റെ സുരക്ഷിതത്വം അവകാശപ്പെടാനുണ്ട്. എന്നാൽ, ചെറുകിട കമ്പനികൾക്ക് ഒരു ഉറപ്പുമില്ല. മാത്രമല്ല, മിക്ക നിക്ഷേപ പ്ലാറ്റ്ഫോമുകളും ഉപഭോക്താക്കൾക്ക് മേൽ ജി.എസ്.ടിക്ക് പുറമെ മൂന്ന് ശതമാനം വരെ ചാർജ് ഈടാക്കുന്നുണ്ട്. ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിൽ ഒരു റെഗുലേറ്ററുമില്ലാത്തതിനാൽ പരാതി നൽകാൻ സംവിധാനമില്ലെന്ന് പ്ലാൻ എഹെഡ് വെൽത് അഡ്വൈസേഴ്സ് സ്ഥാപകൻ വിശാൽ ധവാൻ പറഞ്ഞു.
നിക്ഷേപകർ എന്തു ചെയ്യും
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും മ്യൂച്ച്വൽ ഫണ്ടുമാണ് ഏറ്റവും സുരക്ഷിതമെന്നാണ് സെബിയുടെയും സാമ്പത്തിക വിദഗ്ധരുടെയും ഉപദേശം. ലോകത്ത് ഗോൾഡ് ഇ.ടി.എഫ് നിക്ഷേപത്തിൽ യു.എസിന്റെയും ചൈനയുടെയും തൊട്ടുപിന്നിൽ ഇന്ത്യയാണ്. 7,533 കോടി രൂപയാണ് ഒക്ടോബറിൽ രാജ്യത്തെ ഇ.ടി.എഫുകളിലേക്ക് ഒഴുകിയെത്തിയത്. ഗോൾഡ് ഇ.ടി.എഫുകളിൽ ശക്തമായ നിക്ഷേപം ലഭിക്കുന്ന തുടർച്ചയാണ് അഞ്ചാമത്തെ മാസമാണിത്. മാത്രമല്ല, ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം ഈ വർഷം സർവകാല റെക്കോഡായ 26,589 കോടിയിലെത്തി. നിലവിൽ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയാണ് കമ്പനികൾ കൈകാര്യം ചെയ്യുന്നത്.
ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർ പ്രമുഖ സ്വർണം കമ്പനികളെ മാത്രമേ ആശ്രയിക്കാവൂ. സ്വർണം കോയിനുകളും ബാറുകളുമായി വാങ്ങുന്നത് നല്ലതാണെങ്കിലും സുക്ഷിതമായി സൂക്ഷിച്ചുവെക്കാൻ കഴിയാത്തതിനാൽ ഒട്ടും കാര്യക്ഷമമല്ല. അതേസമയം, ഡിജിറ്റൽ ഗോൾഡിന് പകരം ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും സ്വർണം ആവശ്യമായി വരുമ്പോൾ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വിൽക്കുകയും ചെയ്യുന്നത് സുരക്ഷിതവും ലാഭകരവുമായ തന്ത്രമാണെന്ന് ക്രെഡോ ക്യാപിറ്റലിന്റെ സി.എഫ്.പി എസ്. ശങ്കർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.