നേരത്തേ വിരമിച്ചാൽ ഇ.പി.എഫ് തുകയിൽ നിന്നുള്ള ആദായം നിലക്കുമോ?

40ാം വയസിൽ ജോലി ഉപേക്ഷിക്കുന്നത് കൊണ്ട് നിങ്ങളുടെ ഇ.പി.എഫ് ബാലൻസിൽ നിന്നുള്ള ആദായം ഉടൻ നിലയ്ക്കണമെന്നില്ല. 55 വയസിന് മുമ്പ് ജോലിയിൽ നിന്ന് വിരമിക്കുന്ന ഒരു ജീവനക്കാരന് നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി 58 വയസ് തികയുന്നത് വരെ ഇ.പി.എഫ് തുകക്ക് ആദായം തുടർന്നും ലഭിക്കുമെന്ന് എംപ്ലോയീസ് പ്രൊവൈഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. കരിയറിൽ ഇടവേളയെടുക്കുന്നവർ നേരത്തെ വിരമിക്കുന്നവർ, സ്വയംതൊഴിൽ കണ്ടെത്തുന്നവർ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് പി.എഫ് തുക പിൻവലിക്കേണ്ട എന്ന് തീരുമാനിക്കുന്നവർ എന്നിവരെ സംബന്ധിച്ച് ഇതൊരു ആശ്വാസകരമായ വിവരമാണ്.

ഒരു ജീവനക്കാരൻ 55 വയസിന് മുമ്പ് സ്വമേധയാ വിരമിക്കുകയാണെങ്കിൽ അംഗത്തിന് 58 വയസ് തികയുന്നത് വരെ അക്കൗണ്ടിലെ തുകക്ക് പലിശ ലഭിക്കുമെന്ന് ഇ.പി.എഫ്.ഒ പറയുന്നു. അതുകൊണ്ട്, ഒരാൾ 40ാം വയസിൽ ജോലി ഉപേക്ഷിക്കുകയും ഇ.പി.എഫ് തുക പിൻവലിക്കാതെ നിലനിർത്തുകയും ചെയ്താൽ നിലവിലെ ഇ.പി.എഫ്.ഒ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അടുത്ത 18 വർഷത്തേക്ക് കൂടി ആ തുകക്ക് പലിശ ലഭിച്ചുകൊണ്ടിരിക്കും.

40ാം വയസിൽ ജോലി ഉപേക്ഷിച്ചാൽ നിങ്ങളുടെ ഇ.പി.എഫിന് എന്ത് സംഭവിക്കും?

ഒരാൾ ജോലി ഉപേക്ഷിച്ചാൽ തൊഴിലുടമ അടയ്ക്കുന്ന പ്രതിമാസ വിഹിതം നിൽക്കും. എന്നാൽ ജീവനക്കാരൻ ജോലിയിൽ ഇല്ല എന്നതുകൊണ്ട് മാത്രം നിലവിലുള്ള ഇ.പി.എഫ് ബാലൻസിന് ആദായം ലഭിക്കുന്നത് സ്വയം നിലയ്ക്കില്ല. അതായത്, ജോലിയിൽ നിന്ന് നേരത്തെ വിരമിക്കുന്ന ഒരാൾ പ്രതിമാസ വിഹിതം അടയ്ക്കുന്നത് നിലച്ചു എന്നത് കൊണ്ട് മാത്രം ബാക്കി തുക ഉടൻ തന്നെ പിൻവലിക്കേണ്ടതില്ല. എങ്കിലും ആദായത്തിന് അർഹതയുള്ള അക്കൗണ്ടും പ്രവർത്തനരഹിതമായ അക്കൗണ്ടും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്.

ഒരു ഇ.പി.എഫ് അക്കൗണ്ട് എപ്പോഴാണ് പ്രവർത്തനരഹിതമാകുന്നത്?

വിരമിക്കൽ, സ്ഥിരമായി വിദേശത്തേക്ക് കുടിയേറൽ, അല്ലെങ്കിൽ അംഗത്തിന്‍റെ മരണം എന്നിവക്ക് ശേഷം മൂന്ന് വർഷത്തേക്ക് വിഹിതമൊന്നും ലഭിച്ചില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ഇ.പി.എഫ്.ഒ പറയുന്നു. ഇത്തരം അക്കൗണ്ടുകൾക്ക് പിന്നീട് ആദായം ലഭിക്കില്ലെന്നും ഇ.പി.എഫ്.ഒ വ്യക്തമാക്കുന്നു. എന്നാൽ 55 വയസിന് മുൻപ് ജോലി ഉപേക്ഷിക്കുന്ന ജീവനക്കാർക്ക് 58 വയസ് വരെ ആദായം ലഭിക്കുമെന്നാണ് ഇ.പി.എഫ്.ഒ മാർഗനിർദ്ദേശം. അതുകൊണ്ടാണ് ജോലി അവസാനിപ്പിക്കുന്ന വയസ് നിർണായകമാകുന്നത്.

58 വയസിൽ വിരമിക്കുന്ന ജീവനക്കാരന് 58 വയസ് വരെ ആദായം ലഭിക്കുമെന്ന് ഇ.പി.എഫ്.ഒ എഫ്.എ.ക്യു വ്യക്തമാക്കുന്നു. 50ാം വയസിൽ സ്വമേധയാ വിരമിച്ചാൽ 58 വരെ ആദായം ലഭിക്കും. 60ാം വയസിലാണ് വിരമിക്കുന്നതെങ്കിൽ 63 വയസ് വരെ ആദായം ലഭിക്കും. അതുകൊണ്ട് 40ാം വയസിൽ ജോലി ഉപേക്ഷിക്കുന്നൊരാളെ സംബന്ധിച്ച് ജോലി അവസാനിക്കുന്ന അവസാന ദിനത്തിൽ ആദായം നിലയ്ക്കുന്നതിന് പകരം, അക്കൗണ്ടിലെ തുക 58 വയസ് വരെ ആദായം നേടിക്കൊണ്ട് തുടരാൻ സാധിക്കും.

Tags:    
News Summary - what will happend to returns on the EPF amount if retire early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.