പി.എഫ് പലിശ നിരക്ക് സുരക്ഷക്ക് കരുതൽ ധനശേഖരമൊരുക്കാൻ ഇ.പി.എഫ്.ഒ
മലപ്പുറം: പി.എഫ് പലിശ നിരക്കുകൾ സുരക്ഷിതമാക്കാൻ കരുതൽ ധനശേഖരം ഒരുക്കാൻ ഇ.പി.എഫ്.ഒ ആലോചന. 30 കോടിയോളം വരിക്കാരുടെ വാർഷിക പലിശ വിതരണത്തെ വിപണിയിലെ തകർച്ചകളിൽ നിന്നും കോർപറേറ്റ് ബോണ്ട് ഡിഫോൾട്ടുകളിൽ (പണം തിരിച്ചടക്കാത്ത അവസ്ഥ) നിന്നും സംരക്ഷിക്കുന്നതിനായി 25,000 കോടി രൂപയുടെ കരുതൽ ശേഖരം ഒരുക്കാനാണ് ഇ.പി.എഫ്.ഒ ആലോചിക്കുന്നത്.
വിപണിയിലെ മാറ്റങ്ങൾ കാരണം പലിശനിരക്കിൽ പെട്ടെന്നുണ്ടാകുന്ന ഇടിവോ വലിയ മാറ്റങ്ങളോ ഒഴിവാക്കാനും വരിക്കാർക്ക് സ്ഥിരതയുള്ള പലിശ ഉറപ്പാക്കാനുമാണ് ഇ.പി.എഫ്.ഒയും സർക്കാറും ലക്ഷ്യമിടുന്നത്. കമ്പനികൾ ബോണ്ടുകൾ തിരിച്ചടക്കാതിരിക്കുമ്പോഴോ വിപണിയിലെ നഷ്ടങ്ങൾ കാരണമോ പി.എഫ് പലിശ നിരക്ക് കുറയാതിരിക്കാൻ ഈ തുക സഹായിക്കും.
ഇ.പി.എഫ്.ഒയുടെ ഇ.ടി.എഫ് നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവിഹിതവും അധികമായി വരുന്ന പലിശ വരുമാനവും ഘട്ടംഘട്ടമായി മാറ്റിവെച്ചാണ് ഈ 25,000 കോടിയുടെ ഫണ്ട് ഒരുക്കുക. ഈ കരുതൽ ശേഖരത്തിലെ തുക പൂർണമായും ലിക്വിഡ് സർക്കാർ സെക്യൂരിറ്റികളിൽ മാത്രമായിരിക്കും നിക്ഷേപിക്കുക. ഇതിലൂടെ പണത്തിന് പൂർണ സുരക്ഷയും ആവശ്യമുള്ളപ്പോൾ പെട്ടെന്ന് പിൻവലിക്കാനുള്ള സൗകര്യവും ലഭിക്കും.
വിപണിയിൽ തകർച്ചയുണ്ടായ 2019-20 സാമ്പത്തിക വർഷത്തിൽ ഐ.എൽ ആൻഡ് എഫ്.എസ് (ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസ്) പ്രതിസന്ധി പോലുള്ള വലിയ തിരിച്ചടികൾ ഉണ്ടായപ്പോൾ പലിശ വിതരണത്തെ അത് ബാധിച്ചിരുന്നു.
ഇത്തരം അടിയന്തര ഘട്ടങ്ങളെ നേരിടാൻ ഇ.ടി.എഫ് ലാഭത്തെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്നും പ്രത്യേക കരുതൽ ശേഖരം അത്യാവശ്യമാണെന്നും പഠനത്തിൽ കണ്ടെത്തി. ഇ.പി.എഫ്.ഒയുടെ നിക്ഷേപ ചട്ടക്കൂടുകളെക്കുറിച്ച് പഠിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ സമിതിക്ക് മുന്നിൽ ഈ നിർദേശം വിശദമായ ചർച്ചക്കായി സമർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.