പി.എഫ്.ആർ.ഡി.എ സ്കീമുകളുടെ പേരിടൽ ചട്ടങ്ങളിൽ മാറ്റം വരുത്തി; വരിക്കാരും പെൻഷൻ ഫണ്ടുകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നാഷനൽ പെൻഷൻ സിസ്റ്റത്തിന് കീഴിലുള്ള നിക്ഷേപ പദ്ധതികളുടെ (സ്കീമുകൾ) പേരിടലും അവ വിവരസാങ്കേതിക പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതും സംബന്ധിച്ച നിയമങ്ങളിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ഭേദഗതി വരുത്തി. മാറ്റങ്ങൾ 2026 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. എൻ.പി.എസ് നിക്ഷേപ ഓപ്ഷനുകൾ എളുപ്പത്തിൽ തിരിച്ചറിയാനും താരതമ്യം ചെയ്യാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പെൻഷൻ ഫണ്ട് സ്‌കീമുകൾ ഒരുപോലെ പ്രദർശിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.

2026 നവംബർ 2ലെ സർക്കുലറിലാണ് പി.എഫ്.ആർ.ഡി.എ ഈ പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. മൾട്ടിപ്പിൾ സ്കീം ഫ്രെയിംവർക്കിന് കീഴിലുള്ള സ്കീമുകളുടെ പേരിടൽ, പോയിന്‍റ് ഓഫ് പ്രസൻസ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപ ഓപ്ഷനുകൾ പ്രദർശിപ്പിക്കൽ, പെൻഷൻ ഫണ്ടുകൾ വരിക്കാർക്ക് നൽകേണ്ട വിവരങ്ങൾ എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ. ഒരു പ്ലാറ്റ്‌ഫോമിന് എപ്പോഴാണ് ഒരു പെൻഷൻ ഫണ്ടിന്‍റെ മാത്രം സ്കീമുകൾ കാണിക്കാൻ കഴിയുകയെന്നും, എപ്പോഴാണ് എല്ലാ പെൻഷൻ ഫണ്ടുകളുടെയും സ്കീമുകൾ കാണിക്കേണ്ടതെന്നും റഗുലേറ്റർ വ്യക്തമാക്കിയിട്ടുണ്ട്.

പെൻഷൻ ഫണ്ടുകൾ, സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസികൾ, പോയിന്‍റ് ഓഫ് പ്രസൻസ് എന്നിവയുൾപ്പെടെ എല്ലാ എൻ.പി.എസ് ഇടനിലക്കാരോടും 2026 ഡിസംബർ 1നകം ഈ പരിഷ്കരിച്ച ചട്ടങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തൊക്കെയാണ് പുതിയ പേരിടൽ നിയമങ്ങൾ?

മൾട്ടിപ്പിൾ സ്കീം ഫ്രെയിംവർക്കിന് കീഴിൽ നൽകുന്ന നിക്ഷേപ പദ്ധതികൾക്ക് പി.എഫ്.ഡി.ആർ.എ ഒരു ഏകീകൃത ഫോർമാറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

മൂന്ന് പ്രധാന ഭാഗങ്ങൾ: പെൻഷൻ ഫണ്ടിന്‍റെ ചുരുക്കെഴുത്ത്, എൻ.പി.എസ് എന്ന പേര്, തുടർന്ന് പെൻഷൻ ഫണ്ട് സ്കീമിന് നൽകുന്ന സവിശേഷമായ പേര്.

ടയർ II സ്കീമുകൾ: ടയർ II സ്കീമുകളുടെ പേരിന്‍റെ അവസാനം 'Tier II' എന്ന് ചേർക്കണം. ടയർ I സാധാരണ ഓപ്ഷനായതിനാൽ അതിൽ പ്രത്യേകം 'Tier I' എന്ന് ചേർക്കേണ്ടതില്ല.

ഉദാഹരണത്തിന്: ഒരു ടയർ I സ്കീമിന്‍റെ പേര് 'XYZ NPS Retirement Scheme' എന്നാണെങ്കിൽ, അതിന്റെ ടയർ II പതിപ്പിന്‍റെ പേര് 'XYZ NPS Retirement Scheme Tier II' എന്നായിരിക്കും.

കാറ്റഗറി കോഡുകൾ ഒഴിവാക്കി: A, B, C, D, E എന്നീ കാറ്റഗറി കോഡുകൾ ഇനി സ്കീമിന്റെ പേരിന്‍റെ ഭാഗമായി ഉപയോഗിക്കാൻ പാടില്ല.

വ്യത്യസ്ത പേരുകൾ: ഒരു പെൻഷൻ ഫണ്ട് ഒരേ വിഭാഗത്തിൽ ഒന്നിലധികം സ്കീമുകൾ നൽകുന്നുണ്ടെങ്കിൽ, ഓരോ സ്കീമിനും വ്യക്തവും ലളിതവും ഓർമിക്കാൻ എളുപ്പമുള്ളതുമായ വ്യത്യസ്ത പേരുകൾ ഉണ്ടായിരിക്കണം.

റിസ്കും ഗ്രോത്ത് കാറ്റഗറിയും പ്രദർശിപ്പിക്കണം

പേരിൽ നിന്ന് കാറ്റഗറി കോഡുകൾ നീക്കം ചെയ്തെങ്കിലും, നിക്ഷേപ വിഭാഗവും അതിലെ റിസ്ക് (അപകടസാധ്യത) വർഗ്ഗീകരണവും വെളിപ്പെടുത്തേണ്ടത് നിർബന്ധമാണ്.

പൊതുജനങ്ങൾക്കായുള്ള സാമഗ്രികൾ, പരസ്യങ്ങൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവയിൽ സ്കീമിന്‍റെ പേരിന് താഴെയോ തൊട്ടടുത്തോ ചെറിയ ഫോണ്ടിൽ പൂർണ്ണമായ സ്കീം കാറ്റഗറിയും റിസ്ക് ലെവലും പ്രദർശിപ്പിക്കണം. ഈ വിവരങ്ങൾ എൻ.പി.എസ് സ്കീം എസൻഷ്യൽസ് ഡോക്യുമെന്റിലും ബ്രോഷറുകളിലും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

PoP പ്ലാറ്റ്‌ഫോമുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ

വരിക്കാർക്ക് എൻ.പി.എസ് അക്കൗണ്ട് തുറക്കാനും പണമടയ്ക്കാനും സഹായിക്കുന്ന ഇടനിലക്കാരാണ് PoP-കൾ (Point of Presence). ഇവരുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും സ്കീമുകൾ പ്രദർശിപ്പിക്കുന്നതിന് പുതിയ ചട്ടങ്ങൾ ബാധകമാണ്:

സ്വന്തമായി PoP ലൈസൻസുള്ള പെൻഷൻ ഫണ്ടുകൾ:

ഒരു പെൻഷൻ ഫണ്ടിന് സ്വന്തമായി PoP ലൈസൻസ് ഉണ്ടെങ്കിൽ, വരിക്കാരൻ അവരുടെ വെബ്‌സൈറ്റോ ആപ്പോ നേരിട്ട് തെരഞ്ഞെടുത്ത് ലോഗിൻ ചെയ്യുകയാണെങ്കിൽ, ആ പെൻഷൻ ഫണ്ടിന്റെ സ്കീമുകൾ മാത്രം പ്രദർശിപ്പിക്കാൻ അനുവാദമുണ്ട്.

മറ്റ് PoP പ്ലാറ്റ്‌ഫോമുകൾ:

മറ്റ് PoP പ്ലാറ്റ്‌ഫോമുകൾ വരിക്കാരൻ തെരഞ്ഞെടുക്കുന്ന വിഭാഗത്തിലുള്ള എല്ലാ പെൻഷൻ ഫണ്ടുകളുടെയും സ്കീമുകൾ പ്രദർശിപ്പിക്കണം. ഇത് വരിക്കാർക്ക് വിവിധ ഫണ്ടുകൾ താരതമ്യം ചെയ്ത് തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ഒരു വരിക്കാരൻ 'Balanced Growth – Medium Risk' എന്ന് തെരഞ്ഞെടുത്താൽ, ആ വിഭാഗത്തിലുള്ള എല്ലാ പെൻഷൻ ഫണ്ടുകളുടെയും സ്കീമുകൾ പ്ലാറ്റ്‌ഫോമിൽ കാണിക്കണം. ഒരു പ്രത്യേക ഫണ്ടിന്‍റെ സ്കീം മുകളിൽ കാണിക്കാനോ പ്രീ-സെലക്ട് ചെയ്യാനോ പ്ലാറ്റ്‌ഫോമിന് സാധിക്കുമെങ്കിലും, മറ്റുള്ളവരുടെ സ്കീമുകൾ മറച്ചുുവെക്കാൻ പാടില്ല.

എൻ.പി.എസ് സെൻട്രൽ, സി.ആർ.എ പ്ലാറ്റ്‌ഫോമുകളിൽ എന്ത് മാറ്റമുണ്ടാകും?

NPS Central, Central Recordkeeping Agency (CRA) പ്ലാറ്റ്‌ഫോമുകളിലും വരിക്കാരൻ തെരഞ്ഞെടുക്കുന്ന വിഭാഗത്തിലെ എല്ലാ പെൻഷൻ ഫണ്ടുകളുടെയും സ്കീമുകൾ കാണിച്ചിരിക്കണം. കൂടാതെ, പെൻഷൻ ഫണ്ടുകൾക്ക് തങ്ങൾ നിയമിച്ച ഏജന്റുമാർക്ക് സ്കീമുകൾ കാണിക്കുന്നതിനായി StAR NPS പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ ഇടനിലക്കാരും (Pension funds, CRAs, PoPs) 2026 ഡിസംബർ 1-നകം താഴെ പറയുന്നവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്:

വരിക്കാരെ ഇത് എങ്ങനെ ബാധിക്കും?

എളുപ്പമുള്ള തെരഞ്ഞെടുപ്പ്: പുതിയ പേരിടൽ രീതിയും റിസ്ക് വർഗീകരണവും കാരണം സ്കീമുകൾ തിരിച്ചറിയാനും താരതമ്യം ചെയ്യാനും വരിക്കാർക്ക് കൂടുതൽ എളുപ്പമാകും. നിലവിലുള്ള നിക്ഷേപങ്ങൾ മാറ്റേണ്ട ആവശ്യമില്ല. പേരുകളിലും വിവരങ്ങൾ കാണിക്കുന്ന രീതിയിലും മാത്രമാണ് മാറ്റം വരുത്തുന്നത്. നിക്ഷേപ പരിധി, പിൻവലിക്കൽ നിയമങ്ങൾ, നികുതി ഇളവുകൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

സ്കീമിന്‍റെ പേരോ റിസ്ക് വിഭാഗമോ മാത്രം നോക്കി നിക്ഷേപ തീരുമാനം എടുക്കരുത്. സ്കീമിന്‍റെ മുൻകാല പ്രകടനം, ചാർജുകൾ, ലക്ഷ്യങ്ങൾ എന്നിവ പരിശോധിച്ച ശേഷം മാത്രം പെൻഷൻ ഫണ്ട് തെരഞ്ഞെടുക്കുക.

Tags:    
News Summary - PFRDA has changed the naming rules of schemes.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.