വിരമിച്ച ശേഷം 50,000 രൂപ പെൻഷൻ കിട്ടാൻ എത്ര നിക്ഷേപിക്കണം‍‍?

വിരമിക്കലിന് ശേഷം പ്രതിമാസം 50,000 രൂപ പെൻഷൻ നേടുക എന്നത്  എത്ര രൂപ നിക്ഷേപിക്കുന്നു, എപ്പോൾ നിക്ഷേപം തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പുതുക്കിയ പി.എഫ്.ആർ.ഡി.എ നിബന്ധനകൾ അനുസരിച്ച് 60ാം വയസിൽ വിരമിക്കുന്ന സർക്കാർ ഇതര വരിക്കാർക്ക് അവരുടെ എൻ.പി.എസ് ഫണ്ടിനെ 80 ശതമാനം വരെ ഒറ്റത്തവണയായി പിൻവലിക്കാം. ബാക്കി കുറഞ്ഞത് 20 ശതമാനം തുക നിർബന്ധമായും അനുവിറ്റി (മാസം തോറും പെൻഷൻ നൽകുന്ന പദ്ധതി) വാങ്ങാൻ ഉപയോഗിക്കണം. മുമ്പ് വലിയൊരു തുക അനുവിറ്റിയിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. ഈ നിയമമാറ്റം റിട്ടയർമെന്‍റ് കണക്കുകൂട്ടലുകളെ പാടെ മാറ്റിമറിച്ചു.

50,000 രൂപ പെൻഷന് എത്ര രൂപ നിക്ഷേപിക്കണം?

പ്രതിമാസം 50,000 രൂപ പെൻഷൻ എന്നാൽ പ്രതിവർഷം 6 ലക്ഷം രൂപയുടെ വരുമാനമാണ്. ഏകദേശം 6 ശതമാനം അനുവിറ്റി നിരക്ക് കണക്കാക്കിയാൽ ഈ വരുമാനം ലഭിക്കാൻ ഏകദേശം 1 കോടി രൂപയുടെ അനുവിറ്റി കോർപ്പസ് (ആകെ തുക) ആവശ്യമാണ്. നിലവിലുള്ള അനുവിറ്റി നിരക്കുകൾ വച്ച് നോക്കുമ്പോൾ, ഏകദേശം 1 കോടി രൂപ അനുവിറ്റിയിലേക്ക് മാറ്റിയാൽ ആജീവനാന്തം പ്രതിമാസം 50,000 രൂപയോളം നേടാനാകുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഈ 1 കോടി രൂപയെ നിങ്ങളുടെ മൊത്തം റിട്ടയർമെന്‍റ് ഫണ്ടായി കണക്കാക്കരുത് എന്നതാണ്. വിരമിച്ച ആളുകൾക്ക് ചികിത്സാ ചെലവുകൾ, അടിയന്തര ആവശ്യങ്ങൾ, യാത്രകൾ, ദൈനംദിന ജീവിതച്ചെലവുകൾ എന്നിവക്കെല്ലാം പണം ആവശ്യമായി വരും എന്നാണ്. മൊത്തത്തിലുള്ള റിട്ടയർമെന്‍റ് ഫണ്ട് വെവ്വേറെ തന്നെ പ്ലാൻ ചെയ്യണം.

നിക്ഷേപ കാലയളവിൽ 10 ശതമാനം വാർഷിക ലാഭം പ്രതീക്ഷിക്കുകയും 60ാം വയസിൽ 2.5 കോടി രൂപയുടെ മൊത്തം റിട്ടയർമെന്‍റ് ഫണ്ട് ലക്ഷ്യമിടുകയും ചെയ്യുന്നുവെങ്കിൽ പ്രായമനുസരിച്ച് പ്രതിമാസം നടത്തേണ്ട ഏകദേശ നിക്ഷേപം താഴെ പറയുന്ന രീതിയിലാണ്:

30ാം വയസിൽ തുടങ്ങുന്നവർ: മാസം 11,000 രൂപ മുതൽ 12,000 രൂപ വരെ നിക്ഷേപിക്കണം. (ഇവിടെ കോമ്പൗണ്ടിങ്ങിന്‍റെ ആനുകൂല്യം 30 വർഷത്തേക്ക് ലഭിക്കുന്നു.

40ാം വയസിൽ തുടങ്ങുന്നവർ: മാസം 32,000 രൂപ മുതൽ 33,000 രൂപ വരെ നിക്ഷേപിക്കണം. (20 വർഷത്തെ കാലയളവ്)

50ാം വയസിൽ തുടങ്ങുന്നവർ: മാസം 1,20,000 രൂപയോളം നിക്ഷേപിക്കേണ്ടി വരും. (10 വർഷത്തെ കുറഞ്ഞ കാലയളവ് മാത്രമുള്ളതിനാൽ മാസ അടവ് കുത്തനെ കൂടുന്നു)

ഇത് പ്രതിമാസ നിക്ഷേപവും 10% വാർഷിക ലാഭവും 2.5 കോടി രൂപ ലക്ഷ്യവും അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലാണ്. എൻപിഎസ് റിട്ടേണുകൾ വിപണിക്ക് വിധേയമാണ്, ഗ്യാരണ്ടി നൽകുന്നില്ല).

നിക്ഷേപകർ ഒട്ടും അവഗണിക്കാൻ പാടില്ലാത്ത മറ്റൊരു കാര്യമാണ് പണപ്പെരുപ്പം. ഇന്ന് 50,000 രൂപ എന്നത് വലിയൊരു തുകയായി തോന്നാമെങ്കിലും വിരമിക്കുന്ന സമയത്ത് ഇതിന് ഇന്നത്തെ അതേ മൂല്യം ഉണ്ടാകണമെന്നില്ല. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാൽ, ഇന്നത്തെ 50,000 രൂപക്ക് തുല്യമായ തുക 20 വർഷത്തിന് ശേഷം ഏകദേശം 1.60 ലക്ഷം രൂപയും, 30 വർഷത്തിന് ശേഷം ഏകദേശം 2.87 ലക്ഷം രൂപയുമായി മാറും. അതുകൊണ്ട് വിരമിക്കലിന് ശേഷമുള്ള ഇന്നത്തെ ആവശ്യങ്ങൾ ആദ്യം കണക്കാക്കണം. അതിൽ പണപ്പെരുപ്പം കൂട്ടി കണക്കാക്കി വേണം ആവശ്യമായ ആകെ ഫണ്ട് എത്രയെന്ന് തീരുമാനിക്കാൻ. ഇല്ലെങ്കിൽ 50,000 രൂപ പെൻഷൻ ലഭിച്ചാലും വിരമിച്ച ശേഷം ജീവിതച്ചെലവുകൾക്ക് അത് തികയാതെ വരും.

എൻ.പി.എസ് വിഹിതം സ്ഥിരമായി നിർത്തരുത്

ചെറുപ്പക്കാരായ നിക്ഷേപകർക്ക് വരുമാനം വർധിക്കുന്നതിനനുസരിച്ച് നിക്ഷേപ തുകയും ഉയർത്തണം. തുടക്കത്തിൽ താങ്ങാനാവുന്ന ഒരു തുക വച്ച്  നിക്ഷേപിച്ച് തുടങ്ങുക. ചെയ്യുകയും, ഓരോ വർഷവും എൻ.പി.എസ് വിഹിതം 5 മുതൽ 10 ശതമാനം വരെ വർധിപ്പിക്കുകയും ചെയ്യുന്നതാണ് പ്രായോഗികമായ രീതി. ഇത് തുടക്കത്തിലെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും. ഒപ്പം ശമ്പള വർധനവിന് അനുസരിച്ച് സമ്പാദ്യവും വളരും.

അസറ്റ് അലോക്കേഷനും (ഏതൊക്കെ മേഖലയിൽ നിക്ഷേപിക്കുന്നു എന്നത്) വളരെ പ്രധാനമാണ്. ആക്റ്റീവ് ചോയ്സ് വഴി സാധാരണ സ്കീമുകളിൽ 75 ശതമാനം വരെ ഓഹരി വിപണിയിൽ (Equity) നിക്ഷേപിക്കാൻ എൻ.പി.എസ് അനുവദിക്കുന്നുണ്ട്. അതേസമയം, ഓട്ടോ ചോയ്സ് (തിരഞ്ഞെടുക്കുകയാണെങ്കിൽ നിക്ഷേപകന്‍റെ പ്രായം കൂടുന്നതിനനുസരിച്ച് ഓഹരി നിക്ഷേപത്തിന്‍റെ അളവ് സ്വയം കുറഞ്ഞു വരും.

ഏറ്റവും ഉയർന്ന ലാഭം മാത്രം ലക്ഷ്യമിടുകയല്ല ഇവിടെ പ്രധാനം. പ്രായം, നഷ്ടസാധ്യത നേരിടാനുള്ള ശേഷി, വിരമിക്കാൻ ബാക്കിയുള്ള വർഷങ്ങൾ എന്നിവ അടിസ്ഥാനമാക്കി വളർച്ചയും സുരക്ഷിതത്വവും സന്തുലിതമാക്കുക എന്നതാണ്.

ഫണ്ടിന്റെ 80 ശതമാനം വരെ പിൻവലിക്കാൻ റെഗുലേറ്റർ അനുവദിക്കുന്നുണ്ടെങ്കിലും, നിലവിലെ ആദായനികുതി വ്യവസ്ഥകൾ ഇതിനോട് പൂർണ്ണമായി യോജിക്കുന്നില്ല. കൂടാതെ, ഇന്ത്യയിലെ അനുവിറ്റികൾ പണപ്പെരുപ്പത്തിനനുസരിച്ച് ഉയരുന്നവയല്ല. അതിനാൽ ഒരു നിശ്ചിത പ്രതിമാസ പെൻഷൻ നൽകുന്നതിന് ഉപരിയായി മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കും സഹായിക്കുന്ന ശക്തമായ ഒരു റിട്ടയർമെന്‍റ് ഫണ്ട് കെട്ടിപ്പടുക്കുന്നതാണ് ബുദ്ധിപരമായ രീതി.

Tags:    
News Summary - how much to invest to get 50k pension in after retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.