ഒരു ലൈഫ് ഇൻഷുറൻസ് പോളിസി ഉടമയെ സംബന്ധിച്ചിടത്തോളം അതിന്‍റെ കാലാവധി പൂർത്തിയാകലാണ് ഫിനിഷിങ് ലൈൻ. എന്നാൽ പോളിസി കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ അത് സറണ്ടർ ചെയ്ത് ഒഴിവാക്കുന്ന പ്രവണത ഉപയോക്താക്കളിൽ കൂടി വരുന്നുണ്ട്.
ഇർഡായ് ഡാറ്റ പ്രകാരം 2025-26-ൽ ലൈഫ് ഇൻഷുറർമാർ നൽകിയ ആനുകൂല്യങ്ങളുടെ 38.3 ശതമാനവും സറണ്ടറുകളും പിൻവലിക്കലുകളുമാണ്. ഇതേ കാലയളവിൽ, മെച്ചൂരിറ്റി പേമെന്‍റുകളുടെ പങ്ക് ഏകദേശം 48 ശതമാനത്തിൽ നിന്ന് 36.9 ശതമാനമായി കുറഞ്ഞു. 2025-26ൽ ലൈഫ് ഇൻഷുറർമാർ ഏകദേശം 7.3 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി. ഇതിൽ പോളിസി പിൻവലിക്കൽ റേറ്റ് ഏകദേശം 2.8 ലക്ഷം കോടി രൂപ വരുമ്പോൾ, പൂർണ കാലാവധി പൂർത്തിയാക്കിയ പോളിസികൾ 2.69 ലക്ഷം കോടി രൂപയുടെ മെച്ചൂരിറ്റി ആനുകൂല്യങ്ങൾ നൽകി.
ചില കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, സ്ഥിരവരുമാനം ആവശ്യത്തിന് തികയാതെ വരുമ്പോൾ പണം കണ്ടെത്താനുള്ള വഴിയായി പോളിസി സറണ്ടർ ചെയ്യുന്നു. ഭക്ഷണച്ചെലവ്, വിദ്യാഭ്യാസം, ചികിത്സാ ബില്ലുകൾ, ലോൺ തിരിച്ചടവുകൾ എന്നിവ കാരണം വർഷാവർഷം അടയ്ക്കേണ്ട പ്രീമിയത്തിനായി പണം നീക്കിവെക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോഴാണ് ഈ തീരുാനത്തിലെത്തുന്നത്.
പരമ്പരാഗത പോളിസികൾ ഫിക്സഡ് ഡിപ്പോസിറ്റുകൾ പോലെ പ്രവർത്തിക്കുമെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ ആകർഷകമായ റിട്ടേൺ നൽകുമെന്നും പ്രതീക്ഷിച്ചാണ് പലപ്പോഴും പോളിസി സറണ്ടർ ചെയ്യുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ദീർഘകാല കാലാവധിയും, നേരത്തെ പിന്മാറുമ്പോൾ വരുന്ന കിഴിവുകളും മനസിലാക്കുമ്പോൾ ഉപഭോക്താക്കൾക്ക് നിരാശയാണ് ഫലം.
ആദ്യ വർഷങ്ങളിൽ, സറണ്ടർ ചെയ്യുമ്പോൾ ലഭിക്കുന്ന തുക പോളിസി ഉടമ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ കുറവായിരിക്കും. ഇതിലൂടെ ലൈഫ് കവർ അവസാനിക്കുകയും ഭാവിയിലെ ബോണസുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, ഇതിനകം അടച്ച പ്രീമിയത്തേക്കാൾ കുറഞ്ഞ തുകയായിരിക്കാം തിരികെ ലഭിക്കുക.
നിരന്തരമായി ഉയർന്നുകൊണ്ടിരിക്കുന്ന സറണ്ടർ നിരക്കുകൾ ഉപഭോക്താക്കളുടെ അസംതൃപ്തി, മിസ് സെല്ലിങ് അല്ലെങ്കിൽ മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള മത്സരം എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. പോളിസികൾ ദീർഘകാലത്തേക്ക് സജീവമായി നിലനിൽക്കുമെന്ന അനുമാനത്തിലാണ് ഇൻഷുറൻസ് ഫണ്ടുകൾ കൈകാര്യം ചെയ്യപ്പെടുന്നത്. കാലാവധി കഴിയുന്നതിനു മുമ്പുള്ള പിൻമാറ്റം ഇൻഷുറൻസ് കമ്പനികളുടെ നിക്ഷേപ കണക്കുകൂട്ടലുകളെയും തകിടം മറിച്ചേക്കാം.
പണത്തിന് ബുദ്ധിമുട്ട് നേരിടുന്ന ഒരു പോളിസി ഉടമ, എക്സിറ്റ് അപേക്ഷയിൽ ഒപ്പിടുന്നതിന് മുൻപ് കൃത്യമായ സറണ്ടർ മൂല്യം എത്രയെന്ന് ഇൻഷുറൻസ് കമ്പനിയോട് ചോദിച്ചറിയണം. പോളിസി 'പെയ്ഡ്-അപ്പ്' ആക്കാൻ കഴിയുമോ അതോ അതിന്മേൽ വായ്പ ലഭ്യമാണോ എന്നും പരിശോധിക്കുന്നത് നന്നായിരിക്കും.
പോളിസി കവർ നഷ്ടപ്പെടുന്നത്, ഉണ്ടാകാനിടയുള്ള നികുതി ബാധ്യതകൾ, പിന്നീട് പുതിയ ഇൻഷുറൻസ് എടുക്കുമ്പോഴുള്ള ചെലവ് എന്നിവയെല്ലാം ഈ തീരുമാനത്തിൽ കണക്കിലെടുക്കണം. ഇതിനകം പണം അടച്ചു എന്ന ഒറ്റക്കാരണത്താൽ മാത്രം ഒരു പോളിസി തുടരരുത്, അതേസമയം സറണ്ടർ ചെയ്യുന്നതിനെ എളുപ്പമുള്ള ഒരു പിൻവലിക്കലായി കാണുകയും അരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.