കാറിന്‍റെ ചെറിയ തകരാറുകൾ: ഇൻഷുറൻസ് ക്ലെയിം ചെയ്യണോ? എപ്പോൾ ക്ലെയിം ചെയ്യണം, എത്ര ഒ.ഡി ക്ലെയിമുകൾ ചെയ്യാം?

വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ ഉടൻ തന്നെ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് സാമ്പത്തികമായി എപ്പോഴും ഗുണം ചെയ്യില്ല. ക്ലെയിം ചെയ്യുന്നതിന് മുമ്പ് പോളിസി കവറേജ്, ഡിഡക്റ്റബിളുകൾ, നഷ്ടപ്പെടാൻ സാധ്യതയുള്ള ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കാറിനുണ്ടാകുന്ന എല്ലാ കേടുപാടുകൾക്കും ഇൻഷുറൻസ് ലഭിക്കണമെന്നില്ല. നിങ്ങളുടെ പോളിസി ഏത് തരത്തിലുള്ളതാണെന്നും (തേർഡ് പാർട്ടി, കോംപ്രിഹെൻസീവ്), അതിലെ ആഡ്-ഓണുകൾ, പരിധികൾ, ഒഴിവാക്കലുകൾ എന്നിവ എന്തൊക്കെയെന്നും കൃത്യമായി മനസിലാക്കുക. പോളിസി നിബന്ധനകൾ അറിയാത്തത് പലപ്പോഴും ക്ലെയിം നിരസിക്കപ്പെടാൻ കാരണമാകും.

നോ ക്ലെയിം ബോണസ് (NCB) നഷ്ടപ്പെടുത്തണമോ?

മുൻവർഷങ്ങളിൽ ക്ലെയിമുകൾ ചെയ്യാത്തതിന് പോളിസി ഉടമകൾക്ക് ലഭിക്കുന്ന ആനുകൂല്യമാണ് നോ ക്ലെയിം ബോണസ് (NCB). ഇത് പോളിസി പുതുക്കുമ്പോൾ വലിയ തുക ലാഭിക്കാൻ സഹായിക്കും. കാറിന്‍റെ അറ്റകുറ്റപ്പണിക്ക് 15,000 രൂപയാണ് ചെലവ് വരുന്നതെന്ന് കരുതുക. എന്നാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാതിരുന്നാൽ പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് 20,000 രൂപ ലാഭിക്കാൻ കഴിയുമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകി വാഹനം നന്നാക്കുന്നതാണ് ലാഭകരം. എന്നാൽ അറ്റകുറ്റപ്പണിക്ക് 50,000 രൂപയും എൻ.സി.ബി ആനുകൂല്യം 20,000 രൂപയുമാണെങ്കിൽ ക്ലെയിം ചെയ്യുന്നതാണ് നല്ലത്. ചെറിയ ക്ലെയിമുകൾ ഒഴിവാക്കുന്നത് എപ്പോഴും സാമ്പത്തികമായി നേട്ടമുണ്ടാക്കും.

ഡിഡക്റ്റബിളുകൾ

ഇൻഷുറൻസ് തുക ലഭിക്കുന്നതിന് മുമ്പ് പോളിസി ഉടമ സ്വന്തം കയ്യിൽ നിന്ന് വഹിക്കേണ്ട തുകയാണിത്. പ്രീമിയം കുറയ്ക്കുന്നതിനായി ഉയർന്ന വോളണ്ടറി ഡിഡക്റ്റബിൾ തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ ക്ലെയിം ചെയ്യുമ്പോൾ വലിയൊരു തുക സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടി വരും. അതായത്, 20,000 രൂപയുടെ ബില്ലിൽ 5,000 രൂപയാണ് ഡിഡക്റ്റബിൾ എങ്കിൽ, ആദ്യത്തെ 5,000 രൂപ പോളിസി ഉടമ നൽകണം. ബാക്കി തുക മാത്രമേ ഇൻഷുറൻസ് കമ്പനി നൽകുകയുള്ളൂ.

എത്ര ഓൺ ഡാമേജ് ക്ലെയിമുകൾ ചെയ്യാം?

ഒരു വർഷം ചെയ്യാവുന്ന ഓൺ ഡാമേജ് ക്ലെയിമുകളുടെ എണ്ണത്തിന് നിലവിൽ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ നിരന്തരം ക്ലെയിം ചെയ്യുന്നത് പോളിസി പുതുക്കുമ്പോഴുള്ള പ്രീമിയം വർധിക്കാൻ കാരണമാകും.

എഞ്ചിൻ പ്രൊട്ടക്ഷൻ പോലെയുള്ള ചില ആഡ്-ഓണുകൾക്ക് ഒരു പോളിസി കാലയളവിൽ എത്ര തവണ ക്ലെയിം ചെയ്യാമെന്ന നിയന്ത്രണങ്ങളുണ്ടാകാം.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

വാഹനത്തിന് ശരിയായ ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യു നൽകുക. പോളിസികൾ കൃത്യസമയത്ത് പുതുക്കുക. സീറോ ഡിപ്രീസിയേഷൻ, റോഡ്‌സൈഡ് അസിസ്റ്റൻസ്, എഞ്ചിൻ ആൻഡ് ഗിയർബോക്സ് പ്രൊട്ടക്റ്റ് തുടങ്ങിയ ആഡ്-ഓണുകൾ അപകട സമയത്ത് മികച്ച സാമ്പത്തിക പരിരക്ഷ നൽകും.

Tags:    
News Summary - insurance claim to small repairing cases of car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.