പ്രവാസികളുടെ ശ്രദ്ധക്ക്: നാട്ടിലെ ബാങ്കിടപാടുകൾ മുടങ്ങാതിരിക്കാൻ ഇന്ത്യൻ സിം എങ്ങനെ ആക്ടീവാക്കാം?
വിദേശത്തേക്ക് താമസം മാറുമ്പോഴും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും മറ്റ് നിക്ഷേപങ്ങളും തടസമില്ലാതെ കൈകാര്യം ചെയ്യാൻ നിങ്ങളുടെ ഇന്ത്യൻ മൊബൈൽ നമ്പർ സജീവമാക്കി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഒ.ടി.പികൾ ലഭിക്കാനും സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി നടത്താനും പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.
ഇന്റർനാഷണൽ റോമിങ് ഉറപ്പാക്കുക
ഇന്ത്യയിൽ ഉപയോഗിക്കുന്ന സിം കാർഡ് വിദേശത്ത് പോകുമ്പോൾ തനിയെ പ്രവർത്തിക്കില്ല. യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ നമ്പറിൽ ഇന്റർനാഷണൽ റോമിങ് ആക്ടീവ് ആണോ എന്ന് പരിശോധിക്കുക. സ്ഥിരം കോളുകൾക്കും ഡാറ്റക്കും വിദേശത്തെ ലോക്കൽ സിം ഉപയോഗിക്കാമെങ്കിലും ബാങ്കിൽ നിന്നുള്ള മെസേജുകളും ഒ.ടി.പികളും ലഭിക്കാൻ നിലവിലെ ഇന്ത്യൻ സിം ഫോണിൽ നിലനിർത്താവുന്നതാണ്.
സിം വാലിഡിറ്റി നിലനിർത്തുക
ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ സിം കാർഡിന്‍റെ വാലിഡിറ്റി അവസാനിക്കാൻ സാധ്യതയുണ്ട്. ഓരോ ടെലികോം കമ്പനിക്കും ഇതിനായി വ്യത്യസ്ത റീചാർജ് നിബന്ധനകളാണുള്ളത്. നിങ്ങളുടെ നമ്പർ റദ്ദായാൽ അത് ബാങ്ക്, ക്രെഡിറ്റ് കാർഡ്, മ്യൂച്വൽ ഫണ്ട്, ഡിമാറ്റ് അക്കൗണ്ടുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. അതിനാൽ വാലിഡിറ്റി ഉറപ്പാക്കാൻ കൃത്യമായി റീചാർജ് ചെയ്യുക.
ഒ.ടി.പി ലഭിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണം?
വിദേശത്തെ നെറ്റ്‌വർക്കുകൾ വഴി കണക്ട് ചെയ്യേണ്ടതിനാൽ ചിലപ്പോൾ മെസേജുകളും ഒ.ടി.പികളും ലഭിക്കാൻ വൈകിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുകയോ മാനുവലായി ലോക്കൽ നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇത് പരിശോധിക്കുന്നതിന് പകരം നേരത്തെ തന്നെ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
വിദേശ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്യാം
വിദേശത്തെ പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ സാധിക്കുമോ എന്ന് ബാങ്കുമായി ബന്ധപ്പെട്ട് അന്വേഷിക്കുക. മിക്ക ബാങ്കുകളും എൻ.ആർ.ഐ (NRE/NRO) അക്കൗണ്ടുകളിൽ വിദേശ നമ്പറുകൾ ഉപയോഗിക്കാൻ അനുവദിക്കാറുണ്ട്. എന്നിരുന്നാലും സേവനങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം.
സുരക്ഷയും മറ്റ് മുൻകരുതലുകളും
പഴയ നമ്പർ ഒഴിവാക്കുന്നതിന് മുമ്പ് അതുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾ, ഇൻഷുറൻസ്, നികുതി വിവരങ്ങൾ എന്നിവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അവയിൽ പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യുകയും വേണം. മൊബൈൽ നമ്പർ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ടെലികോം കമ്പനിയെയും ബാങ്കിനെയും വിവരമറിയിക്കുക. ഒ.ടി.പിക്ക് പുറമെ ബാങ്കിന്റെ മൊബൈൽ ആപ്പുകൾ, നെറ്റ് ബാങ്കിങ്, ഇമെയിൽ അലർട്ടുകൾ എന്നിവയും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ബാങ്കിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസം നിലവിൽ ഉപയോഗിക്കുന്നതാണോ എന്നും ഉറപ്പുവരുത്തുക. പുതിയ രാജ്യത്തേക്ക് മാറുമ്പോൾ തന്നെ ഈ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്താൽ സാമ്പത്തിക ഇടപാടുകളിലെ വലിയ പ്രതിസന്ധികൾ ഒഴിവാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.