നിക്ഷേപ കാലാവധി കഴിഞ്ഞാലും ആദായം, വർഷം 250 രൂപ മുതൽ നിക്ഷേപിക്കാം: അറിയാം ഈ സർക്കാർ പദ്ധതിയെ കുറിച്ച്

പെൺമക്കളുടെ ഭാവി ആവശ്യങ്ങൾക്കായി ദീർഘകാല നിക്ഷേപം ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് തിരഞ്ഞെടുക്കാവുന്ന കേന്ദ്ര സർക്കാർ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ ഈ അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുടങ്ങി 15 വർഷം വരെ നിക്ഷേപം നടത്താം. 21 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകും.

ആർക്കൊക്കെ അക്കൗണ്ട് തുറക്കാം?

പെൺകുട്ടികളുടെ സാമ്പത്തിക ഭാവിയെ മാത്രം ലക്ഷ്യമിട്ടാണ് സുകന്യ സമൃദ്ധി യോജന രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്കൗണ്ട് തുറക്കുന്ന സമയത്ത് 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷകർത്താക്കൾക്കോ അക്കൗണ്ട് ആരംഭിക്കാം.

എത്ര കാലം നിക്ഷേപിക്കണം?

അക്കൗണ്ട് ആരംഭിക്കുന്ന തീയതി മുതൽ 15 വർഷത്തേക്കാണ് തുക നിക്ഷേപിക്കേണ്ടത്. നിക്ഷേപ കാലാവധി പൂർത്തിയായ ശേഷവും അക്കൗണ്ടിലുള്ള തുകയ്ക്ക് ആദായം ലഭിച്ചുകൊണ്ടിരിക്കും. അക്കൗണ്ട് തുടങ്ങി 21 വർഷം പൂർത്തിയാകുമ്പോൾ തുക പൂർണ്ണമായി പിൻവലിക്കാം.

എത്ര തുക വരെ നിക്ഷേപിക്കാം?

ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. അക്കൗണ്ട് ഉടമയുടെ താല്പര്യാനുസരണം ഒറ്റത്തവണയായോ അല്ലെങ്കിൽ പല ഗഡുക്കളായോ പ്രതിവർഷം തുക അടക്കാവുന്നതാണ്.

പലിശ നിരക്കും നികുതി ആനുകൂല്യവും

സുകന്യ സമൃദ്ധി യോജനയുടെ ആദായ നിരക്ക് കേന്ദ്ര സർക്കാർ സമയാസമയങ്ങളിൽ പരിഷ്കരിക്കാറുണ്ട്. നിലവിൽ (ജൂലൈ - സെപ്റ്റംബർ പാദത്തിൽ) 8.20 ശതമാനമാണ് ആദായ നിരക്ക്. ഈ പദ്ധതിയിലെ നിക്ഷേപം, അതിൽ ലഭിക്കുന്ന ആദാം, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക എന്നിവക്ക് നിലവിലുള്ള നിയമപ്രകാരം നികുതി ഇളവുകൾ ലഭിക്കും.

പ്രതിവർഷം 1.5 ലക്ഷം നിക്ഷേപിച്ചാൽ എത്ര തുക ലഭിക്കും?

തുടർച്ചയായി 15 വർഷം പ്രതിവർഷം 1.5 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 22.5 ലക്ഷം രൂപയാകും. നിലവിലെ ആദായ നിരക്കിൽ 21 വർഷത്തെ കൂട്ടുപലിശ കൂടി കണക്കാക്കുമ്പോൾ കാലാവധി പൂർത്തിയാകുമ്പോൾ വലിയൊരു തുക സമ്പാദ്യമായി നേടാനാകും.

Tags:    
News Summary - sukanya samridhi yojana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.