25 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും മുഴുവൻ ബിൽ തുകയും കമ്പനി നൽകില്ല: റീസണബിൾ ആന്‍റ് കസ്റ്റമർ ചാർജിനെ കുറിച്ചറിയാം

25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉണ്ടെന്ന് കരുതി ആശുപത്രിയിലെ മുഴുവൻ ബിൽ തുകയും ഇൻഷുറൻസ് കമ്പനി നൽകുമെന്നല്ല. ഇൻഷുറൻസ് തുകയ്ക്കുള്ളിലാണ് ആശുപത്രി ബില്ലെങ്കിലും, 'റീസണബിൾ ആന്റ് കസ്റ്റമറി ചാർജസ്' എന്ന വ്യവസ്ഥ കാരണം ക്ലെയിം തുക എങ്ങനെ വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെടാം

ഉദാഹരണത്തിന് ഒരു കമ്പനി 25 ലക്ഷം രൂപ ഇൻഷുറൻസ് തുകയും (Sum Insured) 12 ലക്ഷം രൂപ ആശുപത്രി ബില്ലും ആയിരുന്നിട്ടും കിഴിവുകൾക്ക് ശേഷം ഇൻഷുറൻസ് കമ്പനി 5 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.

എന്താണ് റീസണബിൾ ആന്‍റ് കസ്റ്റമറി ചാർജുകൾ?

ഓരോ ചികിത്സക്കും ആശുപത്രികൾക്ക് ഈടാക്കാവുന്ന തുക നിശ്ചയിക്കുന്ന സാർവത്രികമായ റെഗുലേറ്ററി വിലവിവരപ്പട്ടികയൊന്നുമില്ല. അതിനാൽ ഒരേ ചികിത്സക്ക് വ്യത്യസ്ത ആശുപത്രികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്."ആശുപത്രികളുടെ അന്യായമായ നിരക്ക് ഈടാക്കൽ തടയുന്നതിനാണ് ഇൻഷുറൻസ് കമ്പനികൾ 'റീസണബിൾ ആന്റ് കസ്റ്റമറി ചാർജുകൾ' ഉൾപ്പെടുത്തുന്നതെന്ന് ഇൻഷുറൻസ് വിദഗ്ദൻ പറയുന്നു. ഒരു പ്രത്യേക പ്രദേശത്ത് ഒരു ചികിത്സക്കോ സേവനത്തിനോ നൽകേണ്ട ന്യായമായ ചെലവ് എത്രയാണെന്നാണ് ഇൻഷുറൻസ് കമ്പനി ഈ വ്യവസ്ഥയിലൂടെ കണക്കാക്കുന്നത്.

ഉദാഹരണത്തിന്, ഒരു ചികിത്സക്ക് ഒരു ആശുപത്രി 1 ലക്ഷം രൂപയും ഇംപ്ലാന്‍റിന് 50,000 രൂപയും പരിശോധനകൾക്ക് 20,000 രൂപയും ഈടാക്കിയേക്കാം. അതേ പ്രദേശത്തെ സമാനമായ മറ്റ് ആശുപത്രികളിലെ നിരക്കുകളുമായി ഇൻഷുറൻസ് കമ്പനി ഇത് താരതമ്യം ചെയ്യുകയും, ഈ തുക ന്യായമായതിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തുകയും ചെയ്താൽ ആ തുക വെട്ടിക്കുറയ്ക്കാൻ കമ്പനിക്ക് സാധിക്കും.

വലിയ തുകകൾ വെട്ടിക്കുറക്കുന്നതെന്തിന്?

എല്ലാ ആശുപത്രികൾക്കും ചികിത്സകൾക്കും ബാധകമാകുന്ന രീതിയിൽ 'ന്യായമായ നിരക്ക്' എന്താണെന്നതിന് ഒറ്റ നിർവചനം ഇല്ലെന്നതാണ് പ്രധാന പ്രശ്നം. നഗരം, ആശുപത്രി, ഡോക്ടറുടെ യോഗ്യതയും പരിചയസമ്പത്തും, ചികിത്സയുടെ സങ്കീർണത, ഉപയോഗിച്ച സാങ്കേതികവിദ്യ, രോഗിയുടെ ആരോഗ്യാവസ്ഥ, ഇംപ്ലാന്റുകളുടെയോ ഉപഭോഗവസ്തുക്കളുടെയോ ഗുണനിലവാരം എന്നിവ അനുസരിച്ച് ചെലവുകൾ മാറിയേക്കാം. 

25 ലക്ഷത്തിന്‍റെ കവറേജ് ഉണ്ടെങ്കിൽ 25 ലക്ഷവും ലഭിക്കുമോ?

ഇൻഷുറൻസ് തുക എന്നത് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പോളിസി പ്രകാരം ലഭിക്കുന്ന പരമാവധി കവറേജ് മാത്രമാണ്. പോളിസിയിലെ ഒഴിവാക്കലുകൾ, സബ്‌-ലിമിറ്റുകൾ, റൂം റെന്‍റ് നിയന്ത്രണങ്ങൾ, കോ-പേയ്‌മെന്‍റ്, ഡിഡക്റ്റബിൾസ്, റീസണബിൾ ആന്‍റ് കസ്റ്റമറി ചാർജ് വ്യവസ്ഥകൾ എന്നിവ അന്തിമ ക്ലെയിം തുകയെ ബാധിക്കാം. ബിൽ തുക ഇൻഷുറൻസ് തുകയേക്കാൾ കുറവാണെന്ന് കരുതി എല്ലാ ആശുപത്രി നിരക്കുകളും തിരികെ ലഭിക്കില്ല.

ഇൻഷുറൻസ് കമ്പനി തുക വെട്ടിക്കുറക്കുകയാണെങ്കിൽ ഏത് നിരക്കാണ് കൂടുതലായി കണക്കാക്കിയത്, ന്യായമായ തുകയായി എത്രയാണ് കണക്കാക്കിയത്, ഏത് ബെഞ്ച്മാർക്കാണ് ഉപയോഗിച്ചത്, ഏത് പോളിസി വ്യവസ്ഥ പ്രകാരമാണ് ഈ കിഴിവ് വരുത്തിയത് എന്നതിനെക്കുറിച്ച് വ്യക്തമായി ചോദിച്ചറിയണം. ക്ലെയിം തുക ഭാഗികമായി മാത്രം ലഭിക്കുകയോ തർക്കങ്ങൾ ഉണ്ടാകുകയോ ചെയ്താൽ സഹായിക്കാൻ കഴിയുന്ന വിശ്വസ്തനായ ഒരു ഏജന്റോ സാമ്പത്തിക ഉപദേഷ്ടാവോ ഉണ്ടാകുന്നത് നല്ലതാണ്.

ഉയർന്ന ഇൻഷുറൻസ് തുക ഉള്ളതുകൊണ്ട് മാത്രം കാര്യമായില്ല എന്നതാണ് ഇതിന്റെ പ്രധാന പാഠം. ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് 'റീസണബിൾ ആന്റ് കസ്റ്റമറി ചാർജസ്' വ്യവസ്ഥ മനസിലാക്കുകയും, ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് പരിശോധിക്കുകയും വേണം.

Tags:    
News Summary - Reasonable and customary charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.