ഒരു ലക്ഷത്തിന്റെ ഗോൾഡ് ബോണ്ട് സമ്മാനിച്ചത് 4.48 ലക്ഷം ലാഭം

മുംബൈ: കേന്ദ്ര സർക്കാരിന്റെ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് സമ്മാനിച്ചത് 328.4 ശതമാനം ലാഭം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർ സർക്കാറിന്റെ പ്രത്യേക ആദായം ഉൾപ്പെടെ കീശയിലാക്കിയത് നാലു ലക്ഷത്തിലേറെ രൂപ. 2017-18 സീരീസ്-ഐ.എക്സ് സോവറിൻ ഗോൾഡ് ബോണ്ടിൽനിന്നാണ് നിക്ഷേപകർ ബംപർ നേട്ടം കൈവരിച്ചത്. സ്വർണ വില സർവകാല റെക്കോഡിലേക്ക് കുതിച്ചുയർന്നതാണ് നിക്ഷേപകർക്ക് വൻ ലാഭം ലഭിക്കാൻ കാരണം.

2017 നവംബർ 20 നാണ് റിസർവ് ബാങ്ക് ഗോൾഡ് ബോണ്ടുകളിലേക്ക് (എസ്.ജി.ബി) നിക്ഷേപം ക്ഷണിച്ചത്. അതേവർഷം നവംബർ 27 ഓടെ നിക്ഷേപകർക്ക് ബോണ്ടുകൾ വിതരണം ചെയ്തു. ഈ വർഷം നവംബർ 27ന് ഈ സീരീസ് എസ്.ജി.ബികളുടെ എട്ട് വർഷത്തെ കാലവധി കഴിഞ്ഞു.

അന്ന് ഒരു ഗ്രാം സ്വർണത്തിന് 2964 രൂപയായിരുന്നു വില. ഈ വിലയാണ് ഒരു യൂനിറ്റ് ബോണ്ടിന് നിശ്ചയിച്ചിരുന്നത്. ഓൺലൈനിൽ 50 രൂപ ഡിസ്കൗണ്ട് നൽകി 2914 രൂപക്കാണ് ബോണ്ട് വിതരണം ചെയ്തതെന്ന് ധനമന്ത്രാലയം പറയുന്നു. എന്നാൽ, ബോണ്ടിന്റെ നിക്ഷേപ കാലവളവ് പൂർത്തിയായപ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,484 രൂപയാണ്. നവംബർ 24, 25, 26 തിയതികളിലെ ഒരു ഗ്രാം സ്വർണത്തിന്റെ ശരാശരി വിലയാണിത്. 2914 രൂപയുടെ ഒരു യൂനിറ്റ് ഗോൾഡ് ബോണ്ട് വാങ്ങിയ നിക്ഷേപകന് തിരിച്ചുകിട്ടിയത് 12,484 രൂപ (12,484 -2914 = 9570 രൂപ). അതായത് 328.41 ശതമാനം ലാഭം. ഇതിനൊപ്പം സർക്കാറിന്റെ 2.5 ശതമാനം പ്രത്യേക ആദായവും ലഭിക്കും.

സർക്കാറിനുവേണ്ടി റിസർവ് ബാങ്ക് (ആർ.‌ബി.‌ഐ) നൽകുന്ന നിക്ഷേപ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ആഭരണങ്ങളും നാണയങ്ങളും ബാറുകളുമായി ഭൗതിക രൂപത്തിൽ സ്വർണം വാങ്ങാതെ തന്നെ സ്വർണത്തിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നുവെന്നതാണ് എസ്‌.ജി.ബികളുടെ പ്രത്യേകത. ഒരു ഗ്രാമാണ് ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരാൾക്ക് ഒരു വർഷം നാല് കിലോ ​ഗ്രാം സ്വർണത്തിൽ വരെ ഇങ്ങനെ നിക്ഷേപിക്കാം. ഓൺലൈനായി ബോണ്ടുകൾ വാങ്ങുകയും ഓൺലൈനായി തന്നെ പണമടക്കുകയും ചെയ്യുന്നവർക്ക് മുഖവിലയിൽ 50 രൂപയുടെ ഇളവുണ്ടാകും.

ആർ.ബി.ഐ പുറത്തിറക്കുന്ന എസ്.ജി.ബികൾക്ക് 2.5 ശതമാനം പ്രത്യേക ആദായവും ലഭിക്കും. വർഷത്തിൽ രണ്ട് തവണ ബോണ്ട് വാങ്ങിയ ആളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ആദായം നൽകും. എട്ട് വർഷമാണ് ബോണ്ടിന്റെ കാലാവധി. അഞ്ചാം വർഷത്തിൽ ബോണ്ടിൽ നിന്ന് പുറത്തുപോകാനുള്ള അനുമതിയുണ്ട്. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയിലൂടെയെല്ലാം ബോണ്ടുകൾ വാങ്ങാം. സ്വർണ ബോണ്ടുകളിലെ നിക്ഷേപത്തിന് നഷ്ട സാധ്യത പൊതുവെ കുറവാണ്. സർക്കാറിന്റെ​ പ്രത്യേക ആദായം ലഭിക്കുന്നുവെന്നതും നേട്ടമാണ്. 

Tags:    
News Summary - SGB final redemption date: This gold bond has turned Rs 1 lakh investment into Rs 4.48 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.