മുംബൈ: സ്വർണം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ആഗോള തലത്തിൽ സാമ്പത്തിക രംഗത്തെ നിശ്ചിതാവസ്ഥകളെ നേരിടാനുള്ള വഴിയാണ് സ്വർണ നിക്ഷേപം. എന്നാൽ, ഇന്ത്യക്കാർക്ക് വിശ്വസനീയമായ സാമ്പത്തിക ആസ്തികൂടിയാണ് സ്വർണം. ദീപാവലി ആഘോഷ കാലത്ത് സ്വർണത്തോടുള്ള പ്രണയം നേരിട്ടു കാണാം. ദീപാവലി ആഘോഷത്തിന്റെ ആദ്യ ദിവസമായ ധൻതെരാസിനാണ് രാജ്യത്ത് ഏറ്റവും അധികം സ്വർണ വിൽപന നടക്കുന്നത്. ഈ ദിവസം സ്വർണം വാങ്ങുകയെന്നത് മിക്ക കുടുംബങ്ങൾക്കും ഒരു അനുഷ്ടാനമാണ്. ഒപ്പം സാമ്പത്തിക ഭദ്രതയിലേക്കുള്ള കാൽവെപ്പും.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) വരുന്നതിന് മുമ്പേ ഇന്ത്യക്കാർ സ്വർണത്തിൽ പടിപടിയായി നിക്ഷേപിക്കുന്നുണ്ട്. ദീപാവലി, അക്ഷയ തൃതീയ തുടങ്ങിയ ആഘോഷങ്ങൾ സ്വർണം വാങ്ങിക്കാനുള്ള അവസരമാണ്. നമ്മുടെ സ്വർണം വാങ്ങൽ അച്ചടക്കത്തോടെയുള്ള നിക്ഷേപ മാതൃകയാണെന്ന് പല തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ മാസവും ഒരു നിശ്ചിത തുക ഡിജിറ്റൽ ഗോൾഡ്, സോവറീൻ ഗോൾഡ് ബോണ്ട്, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിവയിൽ നിക്ഷേപിക്കുന്നതാണ് ഗോൾഡ് എസ്.ഐ.പി. വർഷങ്ങൾ നീണ്ട നിക്ഷേപത്തിലൂടെ സാമ്പത്തിക ബാധ്യതയില്ലാതെ വലിയ അളവിൽ സ്വർണം സ്വന്തമാക്കാമെന്നതാണ് ഗോൾഡ് എസ്.ഐ.പിയുടെ പ്രത്യേകത.
2005 മുതൽ എല്ലാ ദീപാവലിക്കും നിങ്ങൾ ഒരു ലക്ഷം രൂപ വീതം ഗോൾഡ് എസ്.ഐ.പിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 20 വർഷത്തിന് ശേഷം നിങ്ങളുടെ സമ്പാദ്യം 1.08 കോടി രൂപയായി വളർന്നിട്ടുണ്ടാകും. അതായത് 145 ഗ്രാം സ്വർണം വാങ്ങി തുടങ്ങിയ നിങ്ങൾ ഇന്ന് 950 ഗ്രാം സ്വർണത്തിന്റെ ഉടമയാണ്. അച്ചടക്കത്തോടെയുള്ള ദീർഘകാല നിക്ഷേപം സമ്പത്തുണ്ടാക്കുമെന്നതിന്റെ ഉദാഹരണമാണിത്.
ഈ വർഷത്തിന്റെ തുടക്കം മുതൽ സ്വർണ വില 39 തവണയാണ് പുതിയ ഉയരങ്ങൾ കീഴടക്കിയത്. യു.എസിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുന്നതും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയും അടച്ചുപൂട്ടലും കടുത്ത അനിശ്ചിതാവസ്ഥയാണുണ്ടാക്കിയത്. ആശങ്കകൾക്കിടെ വിവിധ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ കരുതൽ ശേഖരമായി ഡോളറിന് പകരം സ്വർണം വാങ്ങിക്കൂട്ടുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 2025 സാമ്പത്തിക വർഷം 57.5 ടൺ സ്വർണം വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.