എൻ.പി.എസ് അതോ മ്യൂച്വൽ ഫണ്ടോ, റിട്ടയർമെന്‍റ് കാലത്ത് മികച്ച വരുമാനം നൽകുന്നത് ഇവയിലേത്?

ന്യൂഡൽഹി: റിട്ടയർമെന്‍റ് കാലത്ത് മികച്ച ആദായം ലഭിക്കാൻ പണം നാഷണൽ പെൻഷൻ സിസ്റ്റത്തിലാണോ (NPS) അതോ മ്യൂച്വൽ ഫണ്ടുകളിലാണോ നിക്ഷേപിക്കേണ്ടത്? നിക്ഷേപകർക്കിടയിൽ സ്ഥിരം ഉയർന്നുവരുന്ന ഒരു ചോദ്യമാണിത്. എന്നാൽ ഇതിനൊരു ഒറ്റ ഉത്തരം പറയുക എളുപ്പമല്ലെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. എൻ.പി.എസും മ്യൂച്വൽ ഫണ്ടുകളും വിപണിയിലും കടപ്പത്രങ്ങളിലും സർക്കാർ സെക്യൂരിറ്റികളിലും നിക്ഷേപം നടത്താറുണ്ടെങ്കിലും, ഇവ രണ്ടും വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്ന് വിരമിക്കൽ കാലം സുരക്ഷിതമാക്കാൻ വേണ്ടിയുള്ളതാണ്, മറ്റൊന്ന് സമ്പത്ത് വർധിപ്പിക്കുന്നതിന് വേണ്ടിയും.

പണപ്പെരുപ്പം വർധിക്കുകയും, ആയുർദൈർഘ്യം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ശമ്പളക്കാർക്ക് വിരമിക്കൽ കാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ്. നിക്ഷേപിക്കേണ്ടതുണ്ടോ എന്നതല്ല, എവിടെ നിക്ഷേപിക്കണം എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പല സാമ്പത്തിക വിദഗ്ദരും പറയുന്നത് എൻ.പി.എസ് വേഴ്സസ് മ്യൂച്വൽ ഫണ്ട് എന്നതല്ല, മറിച്ച് രണ്ടും ചേർത്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ച മാർഗം എന്നാണ്.

എൻ.പി.എസ് (NPS) എന്തുകൊണ്ട് ശ്രദ്ധേയമാകുന്നു?

'അച്ചടക്കം' എൻ.പി.എസിന്‍റെ പ്രധാന ആകർഷണം. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, എൻ.പി.എസിൽ വിരമിക്കൽ പ്രായം വരെ നിക്ഷേപം ലോക്ക് ചെയ്യപ്പെടുന്നു. ഇത് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ നിക്ഷേപകർ വൈകാരികമായി തീരുമാനങ്ങൾ എടുക്കുന്നതും, ദീർഘകാല സമ്പാദ്യം ഹ്രസ്വകാല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും തടയുന്നു.

കുറഞ്ഞ ചെലവ് എന്നതാണ് എൻ.പി.എസിന്‍റെ മറ്റൊരു വലിയ പ്രത്യേകത. ഫണ്ട് മാനേജ്മെന്‍റെ ഫീസ് ഏകദേശം 0.01% മുതൽ 0.09% വരെ മാത്രമാണ്. 30-35 വർഷത്തെ കാലാവധിയിൽ ഈ കുറഞ്ഞ ചെലവ് വലിയൊരു തുക ലാഭിക്കാം.

എൻ.പി.എസിന്‍റെ നികുതി ആനുകൂല്യങ്ങൾ

പഴയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 80CCD(1), 80CCD(1B) എന്നിവ പ്രകാരം 2 ലക്ഷം രൂപ വരെ നികുതിയിളവ് നേടാം. പുതിയ നികുതി വ്യവസ്ഥയിലും സെക്ഷൻ 80CCD(2) പ്രകാരം തൊഴിലുടമയുടെ വിഹിതത്തിന് ഇളവ് ലഭിക്കും. വാർഷിക വരുമാനം 24 ലക്ഷത്തിന് മുകളിലുള്ള 30% നികുതി സ്ലാബിൽ വരുന്നവർക്ക് എൻ.പി.എസ് കൂടുതൽ നേട്ടം നൽകും.

മ്യൂച്വൽ ഫണ്ടുകൾ നൽകുന്ന നേട്ടങ്ങൾ

എൻ.പി.എസ് ശ്രദ്ധ നേടുമ്പോഴും, മ്യൂച്വൽ ഫണ്ടുകൾക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്. അതിന്‍റെ പ്രധാന കാരണം ഫ്ലെക്സിബിലിറ്റി ആണ്. എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താനും പിൻവലിക്കാനുമുള്ള സ്വാതന്ത്ര്യം ഇതിലുണ്ട്. അഗ്രസീവ് ഇക്വിറ്റി ഫണ്ടുകൾ മുതൽ സുരക്ഷിതമായ ഡെറ്റ് സ്കീമുകൾ വരെ വിശാലമായ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.

വീട് വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, അടിയന്തര ആവശ്യങ്ങൾ എന്നിവക്ക് മ്യൂച്വൽ ഫണ്ടുകളാണ് കൂടുതൽ അനുയോജ്യമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വെറും ലാഭം മാത്രം നോക്കി ഇവ രണ്ടും തമ്മിൽ താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു.

എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ ലക്ഷ്യം റിട്ടയർമെന്റ് സുരക്ഷയാണെങ്കിൽ എൻ.പി.എസിന് മുൻഗണന നൽകാം. മറിച്ച്, കൂടുതൽ ലിക്വിഡിറ്റിയും (പണം എപ്പോൾ വേണമെങ്കിലും ലഭിക്കാനുള്ള സൗകര്യം) സമ്പത്ത് വർധിപ്പിക്കലുമാണ് ലക്ഷ്യമെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കാം.

വീടിന്‍റെ അടിത്തറ പോലെയാണ് എൻ.പി.എസ്, അതിനു മുകളിൽ പണിയുന്ന മുറികൾ പോലെയാണ് മ്യൂച്വൽ ഫണ്ടുകൾ. എൻ.പി.എസ് ഒരു വ്യക്തിയുടെ ഭാവി സുരക്ഷിതമാക്കുമ്പോൾ, മ്യൂച്വൽ ഫണ്ടുകൾ സമ്പന്നനാകാനും മറ്റ് ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കുന്നു. അതിനാൽ, ഈ രണ്ട് നിക്ഷേപങ്ങളും സംയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് ബുദ്ധിപരമായ നടപടി.

Tags:    
News Summary - NPS or Mutual fund which one is better for retirement life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.