യു.പി.ഐ വഴി പണം സ്വീകരിച്ചയുടനെ അക്കൗണ്ട് മരവിപ്പിച്ചോ? പരിഹാര മാർഗങ്ങൾ അറിയാം
യു.പി.ഐ വഴി പണം ലഭിക്കുന്നത് ഇപ്പോൾ സാധാരണമാണ്. എന്നാൽ, ആരുടെയെങ്കിലും യു.പി.ഐ അക്കൗണ്ട് വഴി പണം സ്വീകരിച്ചതിന് പിന്നാലെ നമ്മുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയോ പണം പിൻവലിക്കുന്നത് വിലക്കുകയോ ചെയ്താൽ എന്തു ചെയ്യുമെന്ന് ആശങ്കപ്പെടാറുണ്ട്.
ഇത്തരം നടപടിക്കു പിന്നിൽ അക്കൗണ്ട് ഉടമ കുറ്റക്കാരനാണെന്നോ തട്ടിപ്പ് നടത്തിയെന്നോ എന്നല്ല, അതിനാൽ തന്നെ നടപടിക്ക് പിന്നിലെ യഥാർഥ കാരണം എന്താണെന്നും, ആരുടെ ആവശ്യപ്രകാരമാണ് ബാങ്ക് ഇത് ചെയ്തതെന്നും കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് പൂർണമായും മരവിപ്പിച്ചിട്ടുണ്ടോ, അതോ പണം പിൻവലിക്കുന്നത് മാത്രം തടഞ്ഞിരിക്കുകയാണോ, അതല്ല ഒരു നിശ്ചിത തുക മാത്രമാണോ തടഞ്ഞുവെച്ചിരിക്കുന്നത് എന്ന് വ്യക്തമായി ചോദിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. നിയന്ത്രണങ്ങൾക്ക് പിന്നിലെ കാരണവും ആരാണ് ഈ നടപടിയെടുത്തതെന്നും മനസിലാക്കുക. ഇതുമായി ബന്ധപ്പെട്ട പരാതിയോ റഫറൻസ് നമ്പറോ ഉണ്ടെങ്കിൽ അതും ചോദിച്ചറിയേണ്ടതുണ്ട്.
കൂടാതെ, യു.പി.ഐ ഇടപാടിന്റെ ട്രാൻസാക്ഷൻ ഐ.ഡി, തുക, തീയതി, അയച്ചയാളുടെ യു.പി.ഐ ഐ.ഡി, പണം ക്രെഡിറ്റ് ആയത് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ സൂക്ഷിക്കുക. പണം എന്തിന് അയച്ചെന്നത് അറിയാമെങ്കിൽ ഇൻവോയ്സ്, ഓർഡർ വിശദാംശങ്ങൾ എന്നിവ കൈവശം കരുതുക.
അപരിചിതമായ നമ്പറിൽ നിന്ന് പണം മാറിപ്പോയതാണെന്ന് പറഞ്ഞാൽ ജാഗ്രത പാലിക്കുക. പണം അയച്ച വ്യക്തികൾക്ക് സ്വന്തം നിലയ്ക്ക് പണം തിരികെ അയക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. പണം തിരികെ അയക്കാനണെങ്കിൽ ആ വ്യക്തിയോട് അവരുടെ ബാങ്കുമായി ബന്ധപ്പെടാൻ പറയുക. നിങ്ങളുടെ ബാങ്കിനെയും ഇക്കാര്യം അറിയിക്കണം. അക്കൗണ്ടിലെ നിയന്ത്രണം മാറ്റാമെന്ന് അവകാശപ്പെടുന്ന ആർക്കും യു.പി.ഐ പിൻ, ഒ.ടി.പി, കാർഡ് വിവരങ്ങൾ എന്നിവ നൽകാതിരിക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇനി സൈബർ ക്രൈം പരാതിയുമായി ബന്ധപ്പെട്ടാണ് നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചതെങ്കിൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ബാങ്കിൽ നിന്ന് ചോദിച്ചറിയുക. നിങ്ങളോട് ഇക്കാര്യത്തിൽ വിശദീകരണം ചോദിക്കുകയാണെങ്കിൽ പ്രസ്തുത ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും ബാങ്കിനും അന്വേഷണ ഉദ്യോഗസ്ഥർക്കും നൽകി സഹകരിക്കുക.
അക്കൗണ്ട് മരവിപ്പിച്ചതിൽ നിങ്ങളുടെ ബാങ്ക് കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ അവരുടെ പരാതി പരിഹാര സംവിധാനം (Grievance redressal process) ഉപയോഗപ്പെടുത്തുകയും പരാതി നമ്പർ കൈവശം സൂക്ഷിക്കുകയും ചെയ്യുക. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അർഹരായ ഉപയോക്താക്കൾക്ക് ആർ.ബി.ഐയുടെ അംബുഡ്സ്മാൻ സംവിധാനത്തെയും സമീപിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.