സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള അഞ്ച് നുറുങ്ങ് വഴികളറിയാം
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വലിയ തുക സമ്പാദിക്കണമെന്നില്ല. മറിച്ച് കൃത്യമായ ചില ശീലങ്ങൾ പാലിച്ചാൽ നമ്മുടെ സാമ്പത്തിക നിലയിൽ വലിയ സ്വാധീനം ചെലുത്തും. സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാനും പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ചില ശീലങ്ങളെ പരിചയപ്പെടാം.
എല്ലാ മാസവും ഒരു നിശ്ചിത തുക ശമ്പളത്തിൽ നിന്നും മാറ്റിവെക്കുക എന്നതാണ് സാമ്പത്തിക സുരക്ഷിതത്തിനുള്ള ഒരു വഴി. മാറ്റിവെക്കുന്ന തുക എത്ര ചെറുതായാലും പതിവാക്കുക എന്നതാണ് പ്രധാനം. SIP-കൾ ഓട്ടോമേറ്റ് ചെയ്യുകയോ സേവിങ്സ് അക്കൗണ്ടിലേക്ക് പണം സ്വയമേവ മാറ്റുകയോ ചെയ്യുന്നത് ഇത് എളുപ്പമാക്കും. ശമ്പള വർധനവ് ഉണ്ടാവുമ്പോൾ ഈ തുകയും ക്രമേണ വർധിപ്പിക്കാം.
അടിയന്തിര ആവശ്യങ്ങൾക്കായി കുറച്ച് തുക മാറ്റിവെക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ജീവിതത്തിലെ അപ്രതീക്ഷിതമായ മെഡിക്കൽ ആവശ്യങ്ങൾ, ജോലി നഷ്ടപ്പെടൽ എന്നീ പ്രതിസന്ധികൾ നേരിടുമ്പോൾ പേഴ്സണൽ ലോണിനെയോ ക്രെഡിറ്റ് കാർഡിനെയോ ആശ്രയിക്കാതെ ചെലവഴിക്കാൻ ഈ എമർജൻസി ഫണ്ട് സഹായിക്കും.
കടം വാങ്ങുന്നത് ചിലപ്പോൾ പ്രയോജനകരമാണെങ്കിലും അത് ജീവിതത്തിന്റെ ഭാഗമാക്കരുത്. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യ പടി. കടങ്ങൾ എടുക്കുമ്പോൾ അവ പിന്നീട് ആദായം ഉണ്ടാക്കുന്നതോ മൂല്യമുള്ളതോ ആയ കാര്യങ്ങൾക്കാണെന്ന് ഉറപ്പുവരുത്തുക. ഉയർന്ന പലിശയുള്ള കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ ശ്രമിക്കുകയും വേണം.
ആരെങ്കിലും ശുപാർശ ചെയ്തുവെന്നത് കൊണ്ട് മാത്രം ഒരു നിക്ഷേപം നടത്താതിരിക്കുക. പദ്ധതികളെ കുറിച്ച് വ്യക്തത വരുത്തി മാത്രം നിക്ഷേപങ്ങൾ നടത്തുക. ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ട് അനുയോജ്യമായ നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക.
ഇടയ്ക്കിടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സമ്പാദ്യം വർദ്ധിച്ചിട്ടുണ്ടോ, കടം കുറയുന്നുണ്ടോ, നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണോ നിക്ഷേപങ്ങൾ തുടരുന്നത് എന്ന് പരിശോധിക്കുക. നിങ്ങളുടെ അസറ്റ് അലോക്കേഷനും (Asset allocation) പരിശോധിക്കാം.
ഒരൊറ്റ മികച്ച സാമ്പത്തിക തീരുമാനത്തിലൂടെ മാത്രം നമ്മുടെ സമ്പത്തിൽ വർധനവ് ഉണ്ടാവില്ല. എന്നാൽ, മാസം തോറും പണം മാറ്റിവെക്കുക , ആവശ്യമില്ലാത്ത കടങ്ങൾ ഒഴിവാക്കുക, ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപം തുടരുക, ജീവിതത്തിൽ മാറ്റങ്ങൾ വരുമ്പോൾ അതിനനുസരിച്ച് പ്ലാനുകൾ മാറ്റുക എന്നിവയിലൂടെ സാമ്പത്തിക സമ്മർദ്ദം കുറക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാൻ നമ്മുക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.